മലയോര മേഖലയിൽ കനത്ത മഴ വീണ്ടും; വീടുകൾ ഭീഷണിയിൽ
![തീക്കോയി വെള്ളികുളം അട്ടിക്കളത്തുണ്ടായ ഉരുൾപൊട്ടൽ.](https://img-mm.manoramaonline.com/content/dam/mm/mo/district-news/kottayam/images/2023/9/23/kottayam-erattupetta-lansllide.jpg?w=1120&h=583)
Mail This Article
ഈരാറ്റുപേട്ട/മുണ്ടക്കയം ∙ മലയോര മേഖലയിൽ ഇന്നലെയും കനത്ത മഴ തുടർന്നു. രാവിലെ മുതൽ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു പ്രദേശത്ത്. ഉച്ചയോടെ പല ഭാഗങ്ങളിലും മഴ ശക്തമായി പെയ്തു. കഴിഞ്ഞ ദിവസം വാഗമൺ മലനിരകളിൽ മാത്രമായിരുന്നു കനത്ത മഴ യെങ്കിൽ ഇന്നലെ മേലുകാവ്, പൂഞ്ഞാർ, അടിവാരം, മുണ്ടക്കയം, ഇളംകാട്, കൂട്ടിക്കൽ തുടങ്ങി മലയോരത്തെ പ്രധാന മേഖലകളിലെല്ലാം മഴ പെയ്തു. മീനച്ചിലാറിന്റെ പൂഞ്ഞാർ ഭാഗത്തു നിന്ന് എത്തുന്ന കൈവഴിയും കളത്തൂക്കടവുകടവു ഭാഗത്തു നിന്ന് എത്തുന്ന ആറും നിറഞ്ഞ് വെള്ളമൊഴുകി. പൂഞ്ഞാർ ധർമശാസ്താ ക്ഷേത്രത്തിനു സമീപത്തെ പാലത്തിൽ വെള്ളം കയറി. സമീപത്തെ റബർത്തോട്ടങ്ങളിലും വെള്ളം കയറി.
വീടുകൾ ഭീഷണിയിൽ
തീക്കോയി പഞ്ചായത്തിന്റെ ഇഞ്ചപ്പാറ, ഒറ്റയീട്ടി, തുമ്പശ്ശേരി, വെള്ളികുളം, കാരികാട്, മിഷ്യൻകര പ്രദേശങ്ങളിൽ വ്യാപക മണ്ണിടിച്ചിലുണ്ടായി. 2 വീടുകൾക്കു ഭാഗികമായി നഷ്ടമുണ്ടായി. പല വീടുകളുടെയും മുറ്റം ഇടിഞ്ഞ് ഭീഷണിയിലാണ്. ഒട്ടേറെ കുടുംബങ്ങളുടെ കൃഷിഭൂമി നശിച്ചു. വൈദ്യുത പോസ്റ്റുകളും ലൈനുകളും തകർന്നു. മണ്ണും കല്ലും ചെളിയും അടിഞ്ഞ് ഓടകളിലെ ഒഴുക്ക് തടസ്സപ്പെട്ടു. വൈദ്യുതി പുനഃസ്ഥാപിക്കുന്നതിനുള്ള ജോലി പുരോഗമിക്കുകയാണ്.
തീക്കോയി അട്ടിക്കളത്ത് ഉരുൾപൊട്ടലിൽ 3 ഏക്കർ റബർകൃഷി പൂർണമായും നശിച്ചു. അട്ടിക്കളം കാരിക്കാട് റിവർവ്യൂ റോഡും കലുങ്കും പൂർണമായും തകർന്നു. വെള്ളാനി ആലിപ്ലാവ് റോഡിലും ഗതാഗത തടസ്സം ഉണ്ടായതോടെ 4 കുടുംബങ്ങൾ ഒറ്റപ്പെട്ടു. സ്കൂൾ വിദ്യാർഥികളും ജോലി കഴിഞ്ഞെത്തിയവരും ഉൾപ്പെടെ രാത്രി മറ്റു വീടുകളിൽ താമസിച്ചു. ഇന്നലെ രാവിലെയാണ് വീടുകളിലേക്കു മടങ്ങിയത്.