തീക്കോയി, തലനാട് ഉരുൾപൊട്ടൽ: ഒന്നരക്കോടിയുടെ കൃഷിനാശം

Mail This Article
തലനാട് ∙ അഞ്ചു മണിക്കൂർ പെയ്ത കനത്ത മഴയെത്തുടർന്നു തീക്കോയി, തലനാട് പഞ്ചായത്തുകളിലെ ഉരുൾപൊട്ടലിൽ ഒന്നരക്കോടി രൂപയുടെ കൃഷിനാശമെന്നു കൃഷി വകുപ്പിന്റെ പ്രാഥമിക നിഗമനം. 2 പഞ്ചായത്തുകളിലുമായി 70 കർഷകരുടെ 25 ഏക്കറിലാണു കൃഷിനാശം. ചില പ്രദേശങ്ങൾ ആഴത്തിൽ കുഴിഞ്ഞുപോയതിനാൽ ഇവിടെ കൃഷി ഇനി സാധ്യമാകില്ല.
അപകടമൊഴിഞ്ഞത് തലനാരിഴയ്ക്ക്
തലനാട് പഞ്ചായത്തിലെ വെള്ളാനിയിൽ ഉരുൾ ഒഴുകിയിറങ്ങിയത് വീടുകളുടെ സമീപത്തു കൂടി. വെള്ളാനി ടോപ് കരിപ്പുക്കാട്ടിൽ സജികുമാറിന്റെ സ്ഥലത്താണ് ഉരുൾപൊട്ടിയത്. 2 കിലോമീറ്റർ പ്രദേശത്തെ ചെറുതോടു വഴിയാണു കല്ലും മണ്ണും കുത്തിയൊഴുകി മീനച്ചിലാറിന്റെ കൈവഴിയായ െവള്ളാനിത്തോട്ടിലേക്ക് എത്തിയത്. വെയിൽകാണാംപാറയിൽ മോഹൻദാസിന്റെ വീടിന്റെ സമീപത്തു കൂടിയാണു കല്ലും മണ്ണും താഴേക്കു പാഞ്ഞത്. അപകടസമയത്ത് മോഹൻദാസിന്റെ ഭാര്യ സുജാത മാത്രമായിരുന്നു വീട്ടിൽ. ശബ്ദം കേട്ട് സുജാത ഇറങ്ങിയോടി.

ഉരുൾ പൊട്ടലിൽ തീക്കോയി–വെള്ളാനി റോഡിന്റെ വെള്ളാനി ടോപ് ഭാഗം പൂർണമായും തകർന്നു. റോഡിനു സമീപം കരിപ്പുകാട്ടിൽ വിജയന്റെ റബർ മെഷീൻപുര പൂർണമായി തകർന്നു. റബർ റോളറിൽ ഒന്ന് 200 മീറ്റർ താഴെ റോഡിൽ മണ്ണിൽ പുതഞ്ഞ നിലയിൽ കണ്ടെത്തി. മെഷീൻ പുരയിലുണ്ടായിരുന്ന 2 പേരും ഓടി രക്ഷപ്പെട്ടു.റോഡിലൂടെ കല്ലും മണ്ണും ഒഴുകി വശങ്ങളിൽ ആഴത്തിൽ കുഴിയായി. ഇങ്ങോട്ടുള്ള ബസ് സർവീസ് നിർത്തി. റോഡ് താൽക്കാലികമായി ഗതാഗത യോഗ്യമാക്കിയെങ്കിലും കാർ ഉൾപ്പെടെ വാഹനങ്ങൾ പോകാൻ ബുദ്ധിമുട്ടും. വെള്ളാനി കിഴക്കേക്കര ധർമശാസ്താ – ദേവി ക്ഷേത്രത്തിന്റെ സംരക്ഷണ മതിൽ ഇടിഞ്ഞുവീണു.
