ADVERTISEMENT

മുണ്ടക്കയം ∙ മൂന്നു ദിവസമായി പെയ്യുന്ന ശക്തമായ മഴയിൽ ആശങ്കയിലാണു ജനങ്ങൾ. ഇളംകാട്, ഉറുമ്പിക്കര തുടങ്ങിയ മേഖലകളിൽ മഴയുണ്ടോ എന്നതാണ് ജനങ്ങൾക്ക് ആദ്യം അറിയേണ്ടത്. കാരണം സ്ഥിരമായുള്ള മഴയിൽ പുല്ലകയാറും മണിമലയാറും കരകവിഞ്ഞ് ഒഴുകാൻ സാധ്യതയില്ല. മലയോര മേഖലയുടെ ഉയർന്ന പ്രദേശത്ത് ഉരുൾപൊട്ടലുകൾ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ എന്നിവ ഉണ്ടായാൽ മാത്രമേ ദുരിതങ്ങൾക്കു വഴി തുറക്കുകയുള്ളൂ. 2018ലും 2021ലും അപ്രതീക്ഷിതമായ ദുരന്തം അനുഭവിച്ചറിഞ്ഞതുകൊണ്ടു തന്നെ മാനത്തു പതിവില്ലാതെ മഴമേഘപാളികൾ കാണുന്നതു പോലും ഇപ്പോൾ മലയോര മേഖലയ്ക്കു ഭീതിയാണ്.

പേടി വേണ്ട; ഇത് സാധാരണ മഴ

‘ഇതു സാധാരണ മഴയായി കണ്ടാൽ മതി, മുൻ പ്രളയകാലത്തെ മഴ തുള്ളിക്കൊരു കുടം എന്ന കണക്കിനായിരുന്നു ഇപ്പോൾ പെയ്യുന്ന മഴ അത്രയും ശക്തിയില്ല എന്നതിനാൽ ഭീതി ഒഴിവാക്കുന്നതാണു നല്ലത്’– ഇളംകാട് പ്രദേശത്തെ താമസക്കാരിയായ പഞ്ചായത്ത് പ്രസിഡന്റ് എ.എസ്.സിന്ധുവിന്റെ വാക്കുകളാണ്. കർക്കടകത്തിലൊന്നും വേണ്ടത്ര മഴ നാട്ടിൽ കിട്ടിയിട്ടില്ല. അതുകൊണ്ടു തന്നെ വരൾച്ച രൂക്ഷമായി ബാധിക്കുന്ന മലയോര മേഖലയിൽ കുടിവെള്ള ശേഖരണത്തിനുള്ള മാർഗമായും മഴയെ കാണുന്നവരുണ്ട്. തുടർച്ചയായി ശക്തമായ മഴ നിന്നാൽ മാത്രമേ ഉരുൾപൊട്ടൽ പോലെയുള്ള സംഭവങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളൂ.

ഭീതി വിതച്ച് ഇടിയും മഴയും

ശരാശരി 14 മില്ലിമീറ്റർ മഴയാണു കഴിഞ്ഞ ദിനങ്ങളിലായി ഓരോ ദിവസവും മലയോര മേഖലയിൽ പെയ്തിറങ്ങിയത്. പുല്ലകയാർ, മണിമലയാർ എന്നിവിടങ്ങളിൽ ജലനിരപ്പ് അപകടനിലയിലേക്ക് ഉയർന്നിട്ടില്ല. മഴയ്ക്കൊപ്പം എത്തുന്ന ഇടിമിന്നൽ പ്രദേശത്തു ഭീതി വിതയ്ക്കുന്നുണ്ട്. ഉയരം കൂടിയ പ്രദേശങ്ങളിൽ ഇടിമിന്നൽ മൂലം മുൻപ് ഒട്ടേറെ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുള്ളതിനാൽ ജനങ്ങൾ ഭീതിയിലാണ്.

ഓർമകളിൽ ആ ദിനങ്ങൾ

2018 ഓഗസ്റ്റ് 15നു പത്തിലേറെ ഉരുൾപൊട്ടലുകൾ ഉണ്ടായി രണ്ട് ആറുകളും കരകവിഞ്ഞൊഴുകി. എന്നാൽ ഇൗ ഉരുളുകൾ എല്ലാം ഉണ്ടായത് വനം മേഖലയിൽ ആയതിനാൽ ജനവാസ കേന്ദ്രങ്ങൾ സുരക്ഷിതം ആയിരുന്നു.  2021 ചരിത്രത്തിൽ ഇന്ന് വരെ കണ്ടിട്ടില്ലാത്ത ദുരന്തത്തിന് മേഖല സാക്ഷ്യം വഹിച്ചു. 2021 ഒക്ടോബറിൽ 3  വലിയ ഉരുൾപൊട്ടലുകളിലായി 12 പേരാണു മരിച്ചത്. പുല്ലകയാറും മണിമലയാറും കരകവിഞ്ഞ് ഒഴുകി തീരദേശത്തെ വീടുകൾ, വ്യാപാരസ്ഥാപനങ്ങൾ എന്നിവ നശിപ്പിച്ചു. കോടികളുടെ നഷ്ടമാണു മലയോര മേഖലയിൽ ഉണ്ടായത്.

കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local

ഇനി, എന്തെങ്കിലുംഉണ്ടായാൽ

ശക്തമായ മഴ ഉണ്ടായാൽ കൂട്ടിക്കൽ പഞ്ചായത്തിലെ മലയോര മേഖലയിലെ ജനങ്ങളെ മാറ്റി താമസിപ്പിക്കാൻ അടിയന്തര ഘട്ടങ്ങളിൽ പഞ്ചായത്ത് എപ്പോഴും ഒരുക്കത്തിലാണ്. വാർഡ് തലങ്ങളിൽ മുൻപ് രൂപീകരിച്ച ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിലാകും ഇൗ പ്രവർത്തനങ്ങൾ നടത്തുക. എല്ലാ വാർഡുകളിലും പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ ഇതിനായി നിയോഗിച്ചിട്ടുണ്ട്.

മുൻകരുതലുകൾ ഇനിയും വേണം

പ്രതീക്ഷിക്കാതെ ഉയുണ്ടാകുന്ന ഉരുൾപൊട്ടൽ പോലെയുള്ള ദുരന്തങ്ങൾക്ക് പ്രതിവിധിയൊന്നും നടത്തിയിട്ടില്ല. കഴിഞ്ഞ പ്രളയത്തിനു ശേഷം വ്യക്തമായ പഠനങ്ങൾ നടത്തി ദുരന്തസാധ്യതകൾ പഠിച്ച് മുൻകൂട്ടി അറിയാൻ കഴിയുന്ന സംവിധാനം ഏർപ്പെടുത്തുമെന്ന് അറിയിച്ചു എങ്കിലും നടപടികൾ ഒന്നും ആയിട്ടില്ല. വെള്ളപ്പൊക്ക സാധ്യത ഒഴിവാക്കാൻ പ്രളയത്തിന് ശേഷം പുഴ പുനർജനി പദ്ധതി പ്രകാരം മണ്ണും മണലും ആറ്റിൽ നിന്നും നീക്കം ചെയ്തിരുന്നു. എന്നാൽ ചെറിയ മഴയിൽ ചെക്ഡാമുകളിൽ ഉൾപ്പെടെ മണൽ നിറഞ്ഞിട്ടുണ്ട്.

പഴയിടം കോസ്‌വേ തൂണുകളിൽ മാലിന്യമല

കനത്ത മഴയിൽ പഴയിടം കോസ്‌വേയുടെ തൂണുകളിൽ വൻതോതിൽ മാലിന്യങ്ങൾ അടിഞ്ഞു. കമ്പുകളും മരത്തടികളും പ്ലാസ്റ്റിക്കും അടക്കം ടൺകണക്കിനു മാലിന്യങ്ങളാണ് ഇവിടെ അടിഞ്ഞുകൂടിയത്. ആറ്റിൽ കെട്ടിക്കിടക്കുന്ന മാലിന്യങ്ങള‍ിൽ നിന്നു ചിലർ സാഹസികമായി പ്ലാസ്റ്റിക് മാലിന്യങ്ങളും ആക്രിസാധനങ്ങളും ശേഖരിക്കുന്നുണ്ട്. ഇന്നലെ പകൽ മഴ കുറഞ്ഞതോടെ ആറ്റിലെ വെള്ളം കുറഞ്ഞിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com