ADVERTISEMENT

പാലാ ∙ മുണ്ടുപാലം, ആശാനിലയം, അന്ത്യാളം, കരൂർ എന്നിവിടങ്ങളിലും പരിസര പ്രദേശങ്ങളിലും കഞ്ചാവ്, മദ്യപ സംഘങ്ങളുടെ അഴിഞ്ഞാട്ടം. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ മദ്യപരും ലഹരി‍ സംഘങ്ങളും അഴിഞ്ഞാടുകയാണെന്നാണ് നാട്ടുകാരുടെ പരാതി. അന്ത്യാളത്തും മുണ്ടുപാലത്തും സമീപ പ്രദേശങ്ങളിലുമായി അനധികൃത മദ്യവിൽപന കേന്ദ്രങ്ങൾ സജീവമാണ്. ഇവിടെ നിന്ന് മദ്യപിച്ചശേഷം ജംക്‌ഷനിലെത്തുന്നവർ വ്യാപാരികളെയും അതുവഴി കടന്നുപോകുന്ന യാത്രക്കാരെയുമെല്ലാം അസഭ്യം വിളിക്കുകയാണെന്നാണ് ആക്ഷേപം. എതിർക്കാൻ ചെല്ലുന്നവരെ കയ്യേറ്റവും ചെയ്യും. കഴിഞ്ഞ ഒരാഴ്ചയായി മദ്യപരുടെ ശല്യം ഏറെ രൂക്ഷമാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.

കഴിഞ്ഞ ദിവസം വൈകിട്ട് മദ്യപിച്ചെത്തിയ 5 പേർ അന്ത്യാളം ജംക്‌ഷനിൽ റോഡിലൂടെ നടന്ന് തുടർച്ചയായി അസഭ്യം മുഴക്കി. ഇതു ചോദ്യം ചെയ്ത ബാങ്ക് ജീവനക്കാരനെ കയ്യേറ്റം ചെയ്യാനും ശ്രമിച്ചു. വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തിയെങ്കിലും മദ്യപരോടു വീട്ടിൽ പോകാൻ നിർദേശിച്ച് മടങ്ങുകയായിരുന്നുവെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്.

കഞ്ചാവ്, ലഹരി സംഘങ്ങളെ പിടികൂടാനോ കർശനമായ നിയമ നടപടികൾ സ്വീകരിക്കാനോ പൊലീസ് തയാറാകുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. രാവിലെയും വൈകിട്ടും ലഹരി സംഘങ്ങൾ വിവിധ സ്ഥലങ്ങളിൽ തമ്പടിക്കുകയും ആവശ്യക്കാർക്ക് വിൽപന നടത്തുകയും ചെയ്യുന്നതു മൂലം നാട്ടുകാർക്ക് സ്വൈര്യമായി വഴി നടക്കാൻ പറ്റാത്ത സ്ഥിതിയാണ്. കാറിലും ബൈക്കിലുമെത്തി ലഹരി വിൽപന നടത്തുന്നത് പതിവായിട്ടുണ്ട്. ഇതു ചോദ്യം ചെയ്താൽ നാട്ടുകാരെ ഭീഷണിപ്പെടുത്തുന്നതും കയ്യേറ്റം ചെയ്യുന്നതും പതിവാണ്.

മുണ്ടുപാലത്ത് രാത്രി 12 വരെയും ഇവർ ഉച്ചത്തിൽ ചീത്ത വിളിച്ചു നടക്കുകയും മദ്യപിക്കുകയും ചെയ്യുന്നതിനാൽ നാട്ടുകാർക്ക് രാത്രിയിൽ കിടന്നുറങ്ങാൻ പോലും പറ്റാത്ത സ്ഥിതിയാണ്. മദ്യപാനം കഴിഞ്ഞാൽ ഒഴിഞ്ഞ മദ്യക്കുപ്പികൾ റോഡിൽ പൊട്ടിച്ചിടുന്നതും പതിവാണ്. പൊലീസും എക്സൈസ് വകുപ്പും കർശന നടപടികൾ സ്വീകരിക്കണമെന്ന് മുണ്ടുപാലം, ആശാനിലയം നിവാസികൾ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com