ADVERTISEMENT

കുറവിലങ്ങാട് ∙കടപ്ലാമറ്റം, മരങ്ങാട്ടുപിള്ളി കുടുംബ ആരോഗ്യ കേന്ദ്രങ്ങൾക്കു പുതിയ മന്ദിരങ്ങൾ നിർമിക്കാൻ 5 കോടി രൂപയുടെ വികസന പദ്ധതികൾക്കു രൂപം നൽകിയതായി മോൻസ് ജോസഫ് എംഎൽഎ അറിയിച്ചു. രണ്ടര കോടി രൂപയുടെ പദ്ധതിയാണ് ഓരോ ആശുപത്രിക്കും വേണ്ടി തയാറാക്കിയത്. ഫണ്ട് ലഭിക്കുന്നതിനും നിർമാണാനുമതി ലഭ്യമാക്കുന്നതിനും മന്ത്രിമാരായ കെ.എൻ ബാലഗോപാൽ, വീണ ജോർജ് എന്നിവരുമായി ചർച്ച നടത്തി നിവേദനം നൽകി. കഴിഞ്ഞ സംസ്ഥാന ബജറ്റിൽ കടുത്തുരുത്തി നിയോജകമണ്ഡലത്തിൽ നിന്ന് നിർദേശിക്കപ്പെട്ട വികസന പദ്ധതി എന്ന നിലയിലാണ് ഇക്കാര്യത്തിൽ തുടർനടപടി സ്വീകരിച്ചിരിക്കുന്നത്. 

പൊതുമരാമത്തു വകുപ്പ് ആർകിടെക്ചറൽ വിഭാഗമാണ് രണ്ടു കെട്ടിടങ്ങളുടെയും നിർമാണ രൂപകൽപന നടത്തിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം തയാറാക്കിയ എസ്റ്റിമേറ്റും പദ്ധതി റിപ്പോർട്ടും ഭരണാനുമതിക്കു വേണ്ടി സമർപ്പിച്ചതായി മോൻസ് ജോസഫ് അറിയിച്ചു. കടപ്ലാമറ്റം സർക്കാർ ആശുപത്രിയിൽ 8715 ചതുരശ്ര അടി വിസ്‌തീർണമുള്ള ഒരു നില മന്ദിരം നിർമിക്കുകയാണ് ലക്ഷ്യം. പരിശോധന മുറി, ഫാർമസി,നഴ്സിങ് സ്റ്റേഷൻ,രോഗികൾക്കുള്ള ഇരിപ്പിട ക്രമീകരണം, വൈദ്യുതീകരണ ജോലികൾ എന്നിവയാണ് വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 

 

മരങ്ങാട്ടുപിള്ളി സർക്കാർ ആശുപത്രിയിൽ നിലവിലെ മന്ദിരത്തോടു ചേർന്നു ആധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടം നിർമിക്കാനാണ് പദ്ധതി. ഒന്നാം നിലയിൽ ഫാർമസി വിഭാഗവും സാന്ത്വന പരിചരണ വിഭാഗവും ഉൾപ്പെടെ 9146 ചതുരശ്ര അടി വിസ്തീർണം ഉള്ള കെട്ടിടം. താഴത്തെ നിലയിൽ പാർക്കിങ് സൗകര്യവും ഏർപ്പെടുത്തും. ആശുപത്രിയുടെ എല്ലാ നിലയിലും റാംപ് സൗകര്യവും പദ്ധതിയുടെ ഭാഗമാണ്. കടപ്ലാമറ്റത്തും മരങ്ങാട്ടുപിള്ളിയിലും ആശുപത്രി വികസന സമിതി യോഗം നടത്തി ചർച്ച ചെയ്താണ് പദ്ധതികൾക്കു അന്തിമ രൂപം നൽകിയതെന്നും എംഎൽഎ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com