നേത്രശസ്ത്രക്രിയാ വിഭാഗം പൂട്ടിയതിനെപ്പറ്റി സബ് ജഡ്ജിയുടെ ചോദ്യം: എവിടെ രേഖകൾ? കൈമലർത്തി ജനറൽ ആശുപത്രി അധികൃതർ
Mail This Article
കോട്ടയം ∙ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ തെളിവെടുപ്പിൽ രേഖകൾ ഹാജരാക്കാനാകാതെ ജനറൽ ആശുപത്രി അധികൃതർ. നേത്രരോഗ ശസ്ത്രക്രിയാ വിഭാഗം പൂട്ടാൻ ഉത്തരവിട്ടത് ആര്? പകരം സംവിധാനം ഒരുക്കാൻ കഴിയാത്തത് എന്തുകൊണ്ട്.? ശസ്ത്രക്രിയാ വിഭാഗം പൂട്ടിയതിനു ശേഷം ഇവിടെ നിന്നു രോഗികളെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു റഫർ ചെയ്തതിന്റെ രേഖകൾ എവിടെ? എന്നീ ചോദ്യങ്ങൾക്കു വ്യക്തമായ മറുപടി നൽകാതെ രേഖകൾ എല്ലാം കയ്യിലുണ്ടെന്നു മാത്രമായിരുന്നു അധികൃതരുടെ മറുപടി. ഒക്ടോബർ 5നു 11നു രേഖകളുടെ പകർപ്പുകളുമായി വീണ്ടും ഹാജരാകാൻ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ഉത്തരവിട്ടു.
ആശുപത്രിയുടെ ഭരണകാര്യങ്ങളും വികസന പ്രവർത്തനങ്ങളും നിയന്ത്രിക്കുന്ന ജില്ലാ പഞ്ചായത്തിന്റെ പ്രതിനിധികൾ തെളിവെടുപ്പിനു ഹാജരാകാതിരുന്നതിനെ അതോറിറ്റി വിമർശിച്ചു. ജനറൽ ആശുപത്രിയിലെയും ഡിഎംഒ ഓഫിസിലെയും ബന്ധപ്പെട്ട വകുപ്പ് മേധാവികൾ എത്താതിരുന്നതിലും അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ രാജശ്രീ രാജഗോപാൽ അതൃപ്തി രേഖപ്പെടുത്തി. പാരാ ലീഗൽ വൊളന്റിയർമാരായ ആർ.സുരേഷ്കുമാർ, എം.കെ.അബ്ദുൽ ലത്തീഫ്, കെ.സി.വർഗീസ്, ടി.യു.സുരേന്ദ്രൻ, ആശുപത്രി ആർഎംഒ ഡോ. ആശ പി.നായർ, നേത്രരോഗ വിഭാഗം ഉദ്യോഗസ്ഥർ എന്നിവർ ഹാജരായി.
അതോറിറ്റി പരിഗണിച്ച വിഷയങ്ങൾ
നേത്ര രോഗവിഭാഗം ഓപ്പറേഷൻ തിയറ്റർ പൂട്ടിയപ്പോൾ പകരം സംവിധാനം ഉറപ്പാക്കിയില്ല. ശസ്ത്രക്രിയയ്ക്കായി മുൻകൂട്ടി തീയതി നിശ്ചയിച്ചു നൽകിയ 180 രോഗികൾക്കു പകരം സംവിധാനം ഒരുക്കിയില്ല. വിലപിടിപ്പുള്ള ഉപകരണങ്ങൾ സുരക്ഷിതമല്ലാത്ത വാർഡിലേക്കു മാറ്റി. പ്രസവാനന്തര ശുശ്രൂഷയ്ക്കുള്ള 5–ാം വാർഡ് പൂട്ടിയിട്ടു മാസങ്ങളായി. കെട്ടിടം അപകടനിലയിലായിട്ടും നന്നാക്കിയില്ല. ഡെന്റൽ വിഭാഗത്തിന്റെ 3 വർഷമായി കേടായിക്കിടക്കുന്ന എക്സ്റേ മെഷീൻ നന്നാക്കിയില്ല. ലബോറട്ടറിയിൽ വിവിധ പരിശോധനകൾക്കുള്ള ഉപകരണങ്ങൾ കേടായതും ഫയലുകൾ അനാവശ്യമായി താമസിപ്പിക്കുന്നതും പരിഗണനയിൽ വന്നു.
ആശുപത്രി അധികൃതരുടെ മറുപടി
കാലപ്പഴക്കത്തെത്തുടർന്നു കെട്ടിടം പൊളിക്കുന്നതിനാണ് ഓപ്പറേഷൻ തിയറ്റർ പൂട്ടിയത്. 3 മാസത്തിനകം താൽക്കാലിക തിയറ്റർ ക്രമീകരിക്കും. നിർമിതി കേന്ദ്രത്തിനു നിർമാണച്ചുമതല നൽകി. ഒപി നിർത്തിയിട്ടില്ല. രോഗികൾക്കു മെഡിക്കൽ കോളജ് ആശുപത്രിക്കു പുറമേ പാലാ, കാഞ്ഞിരപ്പള്ളി, പാമ്പാടി, വൈക്കം എന്നീ ആശുപത്രികളിൽ തുടർചികിത്സ നൽകാൻ ശ്രമിക്കും. കിഫ്ബി വഴിയുള്ള നിർദിഷ്ട പത്തുനില കെട്ടിടം പണിയുന്നതിനാണു പഴയ കെട്ടിടം പൊളിക്കുന്നത്.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local