ADVERTISEMENT

കോട്ടയം ∙ കഞ്ചാവുകേസ് പ്രതി വീണ്ടും പൊലീസിന്റെ കൈവെള്ളയിൽ നിന്നു കടന്നു. ഞായറാഴ്ച രാത്രി കഞ്ചാവു പിടിക്കാനെത്തിയ പൊലീസിനു നേരെ നായ്ക്കളെ അഴിച്ചുവിട്ട കേസിലെ പ്രതി റോബിൻ ജോർജാണ് ഇന്നലെ വീണ്ടും പൊലീസിനെ വെട്ടിച്ചുകടന്നത്. പുലർച്ചെ കൊശമറ്റം കോളനിയുടെ ഭാഗത്തു റോബിൻ മീനച്ചാലാറ്റിലേക്കു ചാടി രക്ഷപ്പെടുകയായിരുന്നു.ഇയാളുടെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ ഊർജിത തിരിച്ചിലിനിടെയാണു സംഭവം. സുഹൃത്തുക്കളുടെ സഹായത്തോടെയാണ് ഇയാൾ ഒളിവിൽ കഴിയുന്നതെന്നു പൊലീസ് കരുതുന്നു. 

ഫോൺ, എടിഎം കാർഡ‍് എന്നിവ ഉപയോഗിക്കാത്തതിനാൽ സഞ്ചാരദിശ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. കുമാരനല്ലൂരിലെ ഇയാളുടെ വാടകവീട് പൊലീസ് കാവലിലാണ്. ഇവിടെ നിന്നു തിങ്കളാഴ്ച രാത്രി സംശയകരമായി പിടികൂടിയ 2 യുവാക്കളെ ചോദ്യം ചെയ്തശേഷം വിട്ടയച്ചു.അപകടകാരികളായ നായ്ക്കളെ ആക്രമിക്കാനായി ഉപയോഗിച്ച പ്രതിക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്താൻ പൊലീസ് നിയമോപദേശം തേടി. മുൻധാരണയോടെ ആക്രമിച്ചു പരിക്കേൽപ്പിക്കാൻ നായ്ക്കൾക്കു പരിശീലനം നൽകുകയും ആക്രമിക്കുന്നതിന് അവസരം ഒരുക്കുകയും ചെയ്തതിനാൽ കടുത്ത വകുപ്പുകൾ ഉൾപ്പെടുത്താൻ  കഴിയുമോയെന്നാണു പൊലീസ് പരിശോധിക്കുന്നത്. ആഴ്ചകൾക്കു മുൻപ് അന്വേഷണത്തിന് എത്തിയ എക്സൈസ് സംഘത്തിനു നേരെയും  നായ്ക്കളെ അഴിച്ചുവിട്ടാണ് ഇയാൾ കടന്നത്.  ഗേറ്റിനു പുറത്ത് എക്സൈസ് സംഘത്തിന്റെ വാഹനം കണ്ടതോടെ ഇയാൾ നായ്ക്കളെ അഴിച്ചുവിട്ടു. ഇതോടെ എക്സൈസ് സംഘം മടങ്ങി.

ക്രിമിനൽ കുറ്റം

 ‘പിള്ളേരെ’ അഴിച്ചു വിടുന്നതും കുറ്റകരം. പരിശീലന കേന്ദ്രത്തെക്കുറിച്ച് പരാതി പറയാൻ വന്ന നാട്ടുകാരോട്  ഇനി വന്നാൽ പിള്ളേരെ അഴിച്ചു വിട്ടേക്കുമെന്നാണു റോബിൻ ഭീഷണിപ്പെടുത്തിയത്.  നായ്ക്കളെയാണ് പിള്ളേരെന്ന് വിശേഷിപ്പിച്ചിരുന്നത്.       ഐപിസി സെക്‌ഷൻ 324 പ്രകാരം അപകടകരമായ ആയുധമോ മാർഗമോ ഉപയോഗിച്ച് ഒരു വ്യക്തിയെ മുറിവേൽ‌പിക്കുന്നതു കുറ്റകരമാണ്. മൃഗങ്ങളെ ഉപയോഗിച്ച് മുറിവേൽപിക്കുന്നതും ഈ വകുപ്പിന്റെ പരിധിയിൽ പെടും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com