കൈവരികളില്ല; മൂക്കൻപെട്ടി കോസ്‌വേയിൽ അപകട ഭീഷണി

Mail This Article
കണമല ∙ മൂക്കൻപെട്ടി കോസ്‌വേ കൈവരിയില്ലാതെ അപകട നിലയിൽ. വെള്ളപ്പൊക്കം ഉണ്ടാകുമ്പോൾ കോസ്‌വേയിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെടുന്നത് പതിവാണ്. ഇതുമൂലം വെള്ളപ്പൊക്ക സമയത്ത് എടുത്തുമാറ്റാവുന്ന വിധമുള്ള താൽക്കാലിക കൈവരികളാണ് ഇവിടെ സ്ഥാപിച്ചിരുന്നത്. കഴിഞ്ഞ വെള്ളപ്പൊക്ക കാലത്ത് ശക്തമായ മഴയും വെള്ളപ്പൊക്കവും ഉണ്ടായപ്പോൾ ഈ കൈവരികൾ എടുത്തുമാറ്റാൻ കഴിഞ്ഞില്ല. ഇതോടെ കുറെ കൈവരികൾ ഒഴുകിപ്പോയി. ബാക്കി കൈവരികൾ നാട്ടുകാർ എടുത്ത് സുരക്ഷിതമായി സൂക്ഷിച്ചു.

എടുത്ത് സൂക്ഷിച്ച കൈവരികൾ പുനഃസ്ഥാപിക്കുന്നതിനോ ഒഴുകിപ്പോയ കൈവരികൾക്കു പകരം പുതിയവ സ്ഥാപിക്കുന്നതിനോ അധികൃതർ നടപടി സ്വീകരിച്ചിട്ടില്ല. നൂറുകണക്കിനു വാഹനങ്ങളാണ് കോസ്‌വേയിലൂടെ ദിവസവും കടന്നുപോകുന്നത്. കണ്ണൊന്നു തെറ്റിയാൽ ആറ്റിൽ പതിക്കുന്ന വിധം ഇടുങ്ങിയ കോസ്‌വേയിലാണ് കൈവരികൾ ഇല്ലാതെ അപകട ഭീഷണിയുള്ളത്. ബ്രിജസ് വിഭാഗമാണ് കോസ്‌വേയുടെ നവീകരണവും കൈവരി സ്ഥാപിക്കലും ഉൾപ്പെടെ നടത്തുന്നത്.