ഓരോ വർഷവും ഇടുന്നത് 900 മുട്ടകൾ, കൊന്നാൽ ആഴത്തിൽ കുഴിച്ചിടണം; നാട്ടുകാർ ദുരിതത്തിൽ
Mail This Article
വാഴൂർ ∙ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ വീണ്ടും ആഫ്രിക്കൻ ഒച്ചുശല്യം. 4 വർഷമായി വാഴൂർ പഞ്ചായത്തിൽ ഒച്ചുശല്യമുണ്ട്. പുരയിടങ്ങളിലും ഒച്ചുകൾ പെരുകിയതോടെ നാട്ടുകാർ ദുരിതത്തിലാണ്. ശാസ്താംകാവ്, ഊഴിയാട്ട്, ചേർപ്പത്ത്, കന്നുകുഴി, പാലയ്ക്കാക്കുഴി, കടക്കുഴി എന്നിവിടങ്ങളിൽ ഒച്ചുശല്യം രൂക്ഷമാണ്. 9–ാം വാർഡിലാണ് ഇത്തവണ കൂടുതൽ ശല്യം.
കാർഷിക വിളകൾക്കും ഭീഷണി
വാഴ, ചേമ്പ്, ചേന, കപ്പ, ഇഞ്ചി, പച്ചക്കറി കൃഷികൾ ഒച്ച് വ്യാപകമായി നശിപ്പിക്കുന്നുണ്ട്. ഇലകൾ തിന്നു തീർക്കുന്നതോടെ വിളകൾ നശിക്കുകയാണ്. ഒച്ച് വ്യാപകമായതോടെ നിയന്ത്രണം ബുദ്ധിമുട്ടായെന്ന് നാട്ടുകാർ പറയുന്നു. മണൽ, സിമന്റ് കോൺക്രീറ്റ് ചുമരുകളും ഇവ തുരക്കുന്നുണ്ട്. പലരും ചാക്ക് കണക്കിന് ഉപ്പാണ് ഒച്ചുകളെ തുരത്താനായി ഉപയോഗിക്കുന്നത്.
ഒച്ചിനെ നശിപ്പിക്കാം
ആഫ്രിക്കൻ ഒച്ചുകളെ നിയന്ത്രിക്കാൻ കല്ലുപ്പ്, തുരിശ് എന്നിവ അനുയോജ്യമായ വസ്തുക്കളാണ്. വൈകിട്ട് നനഞ്ഞ ചണച്ചാക്ക് വിരിച്ച് പപ്പായ, കാബേജ്, കോളിഫ്ലവർ എന്നിവയിൽ ഏതെങ്കിലും ഇലകൾ വിതറി ഒച്ചുകളെ ആകർഷിച്ച് കല്ലുപ്പ് വിതറിയോ തുരിശ് ലായനി തളിച്ചോ കൂട്ടത്തോടെ കൊല്ലാം. കൊന്ന ഒച്ചുകളെ ആഴത്തിൽ കുഴിച്ചിടണം. പുകയില തിളപ്പിച്ച വെള്ളവും തുരിശ് ലായനിയും ചേർത്ത മിശ്രിതവും പ്രയോഗിക്കാം. ആഫ്രിക്കൻ ഒച്ച് ഒരു വർഷം 900 മുട്ടകൾ ഇടുമെന്നതിനാൽ വ്യാപന സാധ്യത കൂടുതലാണ്. ഈർപ്പമുള്ള സ്ഥലങ്ങളിലാണ് ഇവ വളരുക.
English Summary: African Snail Infestation Reaches Alarming Levels