ADVERTISEMENT

കുഞ്ഞുസാറ ജനിച്ചുവീണപ്പോൾ ചെവി കേൾക്കില്ലെന്നറിഞ്ഞ ചിലർ സഹതപിച്ചു; വിധി. എന്നാലതു വിധിയായിരുന്നില്ല, അദ്ഭുതകരമായൊരു ‘കേസിന്റെ’ തുടക്കം മാത്രം. കേൾവിപരിമിതി സമ്മാനിച്ച ജീവിതം തന്നെയാണു സാറയ്ക്കു മുൻപിൽ വെല്ലുവിളി ഉയർത്തിയ ആദ്യ കേസ്. അതവൾ നന്നായി വാദിച്ചു. വായിച്ചും പഠിച്ചും എതിർഭാഗത്തെ തോൽപിച്ചു.

യെസ് യുവർ ഓണർ..!
സുപ്രീംകോടതിയിൽ ചീഫ് ജസ്റ്റിസ്   ഡി.വൈ.ചന്ദ്രചൂഡിന്റെ കോടതിമുറി. ഭിന്നശേഷിക്കാരുടെ അവകാശവുമായി ബന്ധപ്പെട്ട കേസ്. അഡ്വ. സാറാ സണ്ണി ഓൺലൈനിൽ ഹാജർ. കേസ് ആംഗ്യഭാഷയിൽ വ്യാഖ്യാനിക്കാൻ അഭിഭാഷകനെ ചീഫ് ജസ്റ്റിസ് ലഭ്യമാക്കി. രണ്ടാഴ്ച മുൻപായിരുന്നു ഇത്. ശബ്ദമില്ലാത്തവർക്കു കോടതിയിൽ എന്തുകാര്യമെന്നു ചോദിച്ചവരെ സാറ വാദിച്ചു തോൽപിച്ച അഭിമാനകരമായ നിമിഷം.

തോറ്റുകൊടുക്കാതെ
ഇന്ത്യയിൽ കേൾവിപരിമിതിയുള്ള ആദ്യ അഭിഭാഷകയായ സാറ സണ്ണി കോട്ടയം സ്വദേശിനിയാണ്. സിഎംഎസ് കോളജിനു സമീപമാണ് സാറയുടെ പിതാവ് ചാർട്ടേഡ് അക്കൗണ്ടന്റ് സണ്ണി കുരുവിളയുടെ വീട്.  ബെംഗളൂരു കോറമംഗലയിലാണ് ഇപ്പോൾ താമസം.  സണ്ണി– ബെറ്റി ദമ്പതികൾക്കു മകൻ പ്രതീക് ജനിച്ച് 8 വർഷത്തിനു ശേഷമാണ് ഇരട്ടപ്പെൺകുട്ടികൾ ഉണ്ടാകുന്നത്; സാറയും മറിയയും.

പ്രതീകിനെപ്പോലെ പെൺമക്കൾക്കും കേൾവിശക്തിയില്ല എന്നറിഞ്ഞപ്പോൾ സണ്ണിയും ബെറ്റിയും തളർന്നില്ല.തോറ്റുകൊടുക്കാൻ തയാറായുമില്ല. മക്കളെ സാധാരണപോലെ ജീവിക്കാൻ പരിശീലിപ്പിക്കലാണു ദൗത്യമെന്ന് ഇരുവരും ഉറപ്പിച്ചു. അധ്യാപക ജോലി ഉപേക്ഷിച്ച ബെറ്റി കുഞ്ഞുങ്ങളെ മൂന്നാം വയസ്സിൽ നൃത്തം പഠിപ്പിച്ചു തുടങ്ങി.

ചുവടും ടൈമിങ്ങും തെറ്റാതെ സാറയും മറിയയും നൃത്തം ചെയ്യുന്നതു കാഴ്ചക്കാർ അദ്ഭുതത്തോടെ നോക്കിനിന്നു.ചിത്രരചന, ബാഡ്‌മിന്റൻ, ക്രാഫ്റ്റ്സ് വർക് എന്നിവയിലും ഇരുവരും സമ്മാനങ്ങൾ നേടി. ശ്രവണശക്തിയില്ലാത്തവർക്കു വേണ്ടിയുള്ള പ്രത്യേക സ്ഥാപനങ്ങളിലല്ല, മറിച്ചു സാധാരണ കുട്ടികൾക്കൊപ്പമായിരുന്നു  സ്കൂൾ കാലഘട്ടം മുതൽ ബികോം വരെ സാറയുടെ പഠനം.   

അഭിഭാഷകയോ?
സാറയ്ക്ക് ഒരു പ്രത്യേകതയുണ്ട്. ഏതുകാര്യത്തിലും സംശയം ചോദിച്ചുകൊണ്ടേയിരിക്കും. കാര്യകാരണസഹിതം മനസ്സിലാക്കിയാലേ തൃപ്തിവരൂ. മറുപടി തൃപ്തികരമല്ലെന്നു തോന്നിയാൽ തിരികെ ചോദ്യം വരും. നമ്മളെ ക്രോസ് ചെയ്തുകൊണ്ടു വാദം തുടരും എന്നർഥം. ബികോം ഫലം വന്നപ്പോൾ നിയമ വിഷയങ്ങൾക്കായിരുന്നു കൂടുതൽ മാർക്ക്. ലക്ഷ്യം സാറ തുറന്നുപറഞ്ഞു. ‘‘എനിക്കു നിയമം പഠിക്കണം. അഭിഭാഷകയാകണം.!’’  സണ്ണിയും ബെറ്റിയും പിന്തുണച്ചു.

എന്നാൽ അഡ്മിഷൻ പ്രയാസമായിരുന്നു. സണ്ണിയുടെ ഓഫിസിനു സമീപമുള്ള സെന്റ് ജോസഫ്സ് ഇൻസ്റ്റിറ്റ്യൂഷൻ ലോ കോളജ് തുടങ്ങുന്ന സമയമായിരുന്നു അത്. ആദ്യബാച്ചിൽ സാറ പ്രവേശനം നേടി. അവിടെയും സാധാരണ കുട്ടികൾക്കൊപ്പം.  ഈ നിശ്ചയദാർഢ്യമാണ് ഇപ്പോൾ സുപ്രീം കോടതിവരെ ചെന്നെത്തി നിൽക്കുന്നത്.


സ്വയം അറിയുക പ്രധാനം
അതിശയകരമായ ഈ പോരാട്ടക്കഥ കേൾക്കുമ്പോൾ സാറയോടു ചിലതുചോദിക്കാതെ വയ്യ. സാറയുടെ മറുപടി ആരെയും പ്രചോദിപ്പിക്കും

?വെല്ലുവിളികൾ
കേൾവിപരിമിതിയുള്ള പെൺകുട്ടി എങ്ങനെ ‘നോർമൽ’ സ്കൂളിൽ പഠിക്കുമെന്നതായിരുന്നു പലരുടെയും സംശയം. സഹോദരൻ പ്രതീക് നോർമൽ സ്കൂളിൽ പഠിച്ചുനേടിയ വിജയമാതൃക സഹായിച്ചു. അത് അധ്യാപകർക്ക് ആത്മവിശ്വാസം പകർന്നു. നിയമപഠനത്തിനു ചെന്നപ്പോഴും ഇതേ ചോദ്യമുയർന്നു. സ്കൂൾ പഠനം മുഴുവൻ സാധാരണ സ്കൂളിലായിരുന്നു എന്ന മറുവാദമായിരുന്നു മറുപടി.

ജോലി മറ്റൊരു വെല്ലുവിളിയായി.  എവിടെ ജോലി അന്വേഷിച്ചാലും ഒഴിവില്ല എന്നാണു സ്ഥിരം മറുപടി. ബെംഗളൂരുവിലുള്ള സീനിയർ അഭിഭാഷകൻ തിരുവെങ്കിടം സഹായത്തിനെത്തി. ആദ്യകാലത്ത് ഓഫിസ് ജോലികളാണു നൽകിയത്. ക്രമേണ കോടതിയിൽ പോകാനും സബ്മിഷനും മറ്റും അവസരം ലഭിച്ചു.

കോടതിയിൽ വാദിക്കുകയെന്ന ആഗ്രഹം അപ്പോഴും ബാക്കി. ഒരു ജഡ്ജിയെ ഇതിനിടെ മുതിർന്ന അഭിഭാഷകരിലൊരാൾ പരിചയപ്പെടുത്തി. ജഡ്ജിയുടെ പ്രോത്സാഹനത്തോടെ വാദിക്കാൻ തുടങ്ങി. പ്രതീക്ഷിച്ചത്ര എളുപ്പമല്ലായിരുന്നു. ചില കാര്യങ്ങൾ വാദത്തിനിടെ എഴുതിക്കാണിക്കേണ്ടിയും മറ്റും വരും.  അപ്പോഴാണു ദ്വിഭാഷിയെ വച്ചു വാദിക്കുക എന്ന ചിന്തയിലേക്ക് എത്തിയത്. ഇപ്പോൾ സുപ്രീംകോടതിയിൽ അതുനടന്നതോടെ ആത്മവിശ്വാസം വർധിച്ചു.

?ആഗ്രഹങ്ങൾ
നിയമത്തിൽ കൂടുതൽ പഠിച്ചുയരുക. കോടതികളിൽ കഴിവുതെളിയിക്കുക. കേൾവിപരിമിതിയുള്ളവർക്കു കോടതികളിൽ  ദ്വിഭാഷികളുടെ ലഭ്യതയടക്കം കൂടുതൽ അനുകൂല സാഹചര്യം നേടിയെടുക്കുക– ഇതാണ് ആഗ്രഹം. മനുഷ്യാവകാശ പ്രശ്നങ്ങളും ഭിന്നശേഷിയുള്ളവരുമായി ബന്ധപ്പെട്ട നിയമങ്ങളുമാണ് ഇഷ്ടവിഷയം. 

?തിരിച്ചറിവ്
ശുഭാപ്തി വിശ്വാസിയാവുക, സ്വന്തം കഴിവുകളിൽ വിശ്വസിക്കുക, ജീവിതത്തിൽ സ്വയം തീരുമാനമെടുക്കുക, മാതാപിതാക്കളോടു ചേർന്നുനിന്നു സ്വപ്നസാഫല്യത്തിനു പോരാടുക. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com