കുന്നോന്നിയിൽ കാട്ടുപന്നിശല്യം; ഭരണങ്ങാനത്ത് ഒച്ച് ഭീഷണി

Mail This Article
കുന്നോന്നി ∙ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ കുന്നോന്നിയിലും സമീപപ്രദേശങ്ങളിലും കാട്ടുപന്നികളുടെ ശല്യം രൂക്ഷമായി. കുന്നോന്നി ടൗണിനു സമീപമുള്ള ആയിലുക്കുന്നേൽ ഷോജിയുടെ പുരയിടത്തിലെ കപ്പ, ചേമ്പ് മുതലായ കൃഷികളും മുണ്ടാട്ട് എം.എം.ചാണ്ടിയുടെ പുരയിടത്തിലെ ചേമ്പും നശിപ്പിച്ചു. വിളവെടുക്കാറായ 100 ചുവടിലേറെ കപ്പയാണു നശിപ്പിച്ചത്. കൃഷിയിടം മുഴുവൻ കുത്തിമറിച്ചെന്നു ഷോജി പറഞ്ഞു.
തിങ്കളാഴ്ച രാത്രിയാണു സംഭവം. തെക്കേക്കര പഞ്ചായത്തിലെ 7,8 വാർഡുകളിൽ കാട്ടുപന്നി, മുള്ളൻ, കുരങ്ങ്, പെരുമ്പാമ്പ് മുതലായവയുടെ ശല്യം മൂലം കൃഷിസ്ഥലത്തു പോകാൻ പറ്റാത്ത അവസ്ഥയാണെന്നു കർഷകർ പറഞ്ഞു.
വിളകൾ നശിപ്പിച്ച്
ആഫ്രിക്കൻ ഒച്ചുകൾ
ഭരണങ്ങാനം ∙ പഞ്ചായത്തിലെ മേരിഗിരി, തറപ്പേൽക്കടവ് ഭാഗങ്ങളിൽ ആഫ്രിക്കൻ ഒച്ചിന്റെ ശല്യം രൂക്ഷമായി. പുല്ലു മുതൽ തെങ്ങു വരെയുള്ളതെല്ലാം ഇവ തിന്നു നശിപ്പിക്കുകയാണെന്നു നാട്ടുകാർ പറഞ്ഞു. കപ്പ, വാഴ, കമുക്, ചെടികൾ, പച്ചക്കറികൾ, ചേന, കപ്പളം, മുളക് തുടങ്ങിയവ ഇവ കാരണം നശിച്ചു. കമുക് ഉൾപ്പെടെയുള്ളവയുടെ ചുവട്ടിലെ തണ്ടും തിന്നുന്നുണ്ട്. തെങ്ങിന്റെ ഓലകളും കൂമ്പും നശിപ്പിക്കുന്നു.
മഴക്കാലം ആരംഭിച്ചതിനു ശേഷമാണ് ഇവയെ കണ്ടു തുടങ്ങിയത്. ഉപ്പ് വിതറുമ്പോൾ ചത്തുപോകുന്നുണ്ടെങ്കിലും ദിവസേന 5 പാക്കറ്റ് വരെ ഉപ്പുപൊടി വിതറിയാലും ഇവയുടെ ശല്യത്തിന് പൂർണമായി അറുതിയില്ല. ചെറിയ ഒച്ച് മുതൽ വലിയ തവളയുടെ വലുപ്പം വരെയുള്ള ഒച്ചുകളുണ്ട്. ഇവയെനശിപ്പിക്കുന്നതിന് ആരോഗ്യ, കൃഷി വകുപ്പുകളും വനം അധികൃതരും അടിയന്തര നടപടി സ്വീകരിക്കണമെന്നു പഞ്ചായത്തംഗം റജി വടക്കേമേച്ചേരി ആവശ്യപ്പെട്ടു.