ADVERTISEMENT

കുറവിലങ്ങാട് ∙ സന്ദർശകരെ സ്വീകരിക്കുന്ന ചിതലെടുത്ത കവാടം മുതൽ തുടങ്ങുകയാണ് പഞ്ചായത്ത് അഞ്ചാം വാർഡിലെ ജൈവ വൈവിധ്യ പാർക്കിന്റെ ദുരവസ്ഥയ്ക്കുള്ള തെളിവുകൾ. തടിയിൽ കൊത്തുപണി നടത്തി എഴുതിയ ഗ്രാമോദ്യാനം എന്ന പേരിലെ നം എന്ന അക്ഷരം മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത്. ടൈൽ പാകിയ പ്രവേശനപാതയും റോഡരികിലെ ടൈലുകളും പുല്ലു കയറിയ നിലയിലാണ്. ഒരു കാലത്ത് സംസ്ഥാന തലത്തിൽ ശ്രദ്ധ നേടിയ ജൈവ വൈവിധ്യ പാർക്കാണ് ഈ അവസ്ഥയിലായത്. 

കുറവിലങ്ങാട് പഞ്ചായത്തിന്റെ അതിർത്തി പ്രദേശമായ നാടുകുന്നിൽ കോഴാ – പാലാ റോഡിന്റെ ഒരു വശത്താണു പാർക്ക്. കുടുംബശ്രീയുടെ ലഘുഭക്ഷണശാല  ആരംഭിച്ചപ്പോൾ സന്ദർശകരുടെ തിരക്ക് വർധിച്ചു. ഉദ്യാനത്തിന്റെ ഇപ്പോഴത്തെ അവസ്ഥ സന്ദർശകരെ നിരാശപ്പെടുത്തുന്നു.

 ഗ്രാമ ഉദ്യാനത്തിൽ കുട്ടികളുടെ വിനോദ ഉപകരണം ഉപയോഗശൂന്യമായ നിലയിൽ.
ഗ്രാമ ഉദ്യാനത്തിൽ കുട്ടികളുടെ വിനോദ ഉപകരണം ഉപയോഗശൂന്യമായ നിലയിൽ.

പഞ്ചായത്തിനു സംസ്ഥാന പുരസ്കാരം ലഭിക്കാനിടയാക്കിയ പദ്ധതികളിൽ ഒന്നാണിത്. പാർക്ക് വൃത്തിയാക്കുന്നതിനും ചെടികളുടെ സംരക്ഷണത്തിനും നടപടി ഇല്ലാത്ത അവസ്ഥയാണ്. സംസ്ഥാനത്തെ ആദ്യ ടേക്ക് ബ്രേക്ക് പദ്ധതി ഈ പാർക്കിലാണ് നടപ്പിലാക്കിയത്.

∙ ഒരടിയിലധികം ഉയരത്തിൽ കരുത്തോടെ വളർന്നു നിൽക്കുകയാണ് പുൽത്തകിടിയിലെ കളകൾ. ചിലയിടങ്ങളിൽ രണ്ടടിയോളം ഉയരം. ബാറ്ററി ഇല്ലാത്തതിനാൽ ക്ലോക്ക് പോലും നിശ്ചലം.
∙ കുട്ടികളുടെ വിനോദ ഉപകരണങ്ങൾ പലതും നശിച്ചു. വെള്ളമില്ലാത്ത, പുല്ലു കയറി മൂടിയ അലങ്കാര മത്സ്യക്കുളം. അലങ്കാര കല്ലുകളിലെ ശിൽപങ്ങളും ചിത്രങ്ങളും അപ്രത്യക്ഷമാക്കുന്ന വള്ളിച്ചെടികൾ. പരിചരണം ഇല്ലാതെ ചാഞ്ഞു നിൽക്കുന്ന അവേഗ് അമേരിക്കാനാ എന്ന അപൂർവയിനം സസ്യങ്ങൾ.
∙ കവാടത്തിലെ തടി നിർമിത തൂണുകൾ പരിചരണമില്ലാതെ ചിതലെടുത്തു.
∙ മീൻകുളത്തിലെ അലങ്കാര മത്സ്യങ്ങൾ ചത്തുപോയി. ഇവിടെ ഇപ്പോഴുള്ളത് പ്ലാസ്റ്റിക് മാലിന്യം. ഫൗണ്ടൻ പ്രവർത്തനരഹിതം.
∙ പാർക്കിൽ രാത്രി സമയത്തു സാമൂഹിക വിരുദ്ധ ശല്യം രൂക്ഷം.
∙ കെട്ടിടത്തിനു മുകളിൽ വൃക്ഷത്തൈകൾ വളർന്നു വരുന്നു. വെള്ളം ഭിത്തിയിലൂടെ ഒലിച്ചിറങ്ങി വൈദ്യുത സ്വിച്ച്‌ ബോർഡുകൾ നനഞ്ഞ് ഭിത്തിയിൽ തൊട്ടാൽ വൈദ്യുതാഘാതം ഏൽക്കുന്ന അവസ്ഥ. പാർക്കിലെ മിക്ക ലൈറ്റുകളും തെളിയുന്നില്ല.
∙ നൂറുകണക്കിന് ആളുകളാണ് ഗ്രാമോദ്യാനത്തിൽ വന്നുപോകുന്നത്. പലരും മദ്യക്കുപ്പികളടക്കമുള്ള മാലിന്യങ്ങൾ ഇവിടെ തള്ളുന്നു.
∙ സ്ഥിരം മാലിന്യ നിക്ഷേപ കേന്ദ്രമായിരുന്ന ഈ പ്രദേശത്തിന്റെ ഉദ്യാന സാധ്യത ആദ്യം ചൂണ്ടിക്കാട്ടിയത് മനോരമ വാർത്തയിലൂടെയാണ്. തുടർന്നാണ് പാർക്ക് യാഥാർഥ്യമാക്കിയത്. സംരക്ഷണത്തിന്റെ ഭാഗമായി രൂപീകരിച്ച ജനകീയ സമിതി വിളിച്ചു ചേർക്കാൻ അധികൃതർ തയാറാകുന്നില്ലെന്ന് ആക്ഷേപമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com