ADVERTISEMENT

കടുത്തുരുത്തി ∙ ഞീഴൂർ, കടുത്തുരുത്തി പഞ്ചായത്തുകളിൽ വ്യാപക മണ്ണെടുപ്പ്. സ്കൂൾ സമയങ്ങളിൽ പോലും മണ്ണുമായി ടിപ്പർ – ടോറസ് ലോറികൾ റോഡിലൂടെ പായുന്നതായി പരാതി. കടുത്തുരുത്തി പഞ്ചായത്തിലെ അരുണാശേരി,കാപ്പുന്തല, ഞീഴൂർ പഞ്ചായത്തിലെ കാട്ടാമ്പാക്ക് എന്നിവിടങ്ങളിലാണ് വ്യാപകമായി മണ്ണെടുപ്പ് നടക്കുന്നത്. വീട് നിർമാണത്തിന് എന്ന പേരിലാണ് മണ്ണെടുപ്പു നടക്കുന്നത്. പുലർച്ചെ മുതൽ രാത്രി വരെയാണ് കുന്നുകളും മലകളും ഇടിച്ചു നിരത്തി മണ്ണെടുപ്പു നടക്കുന്നത്. ചേർത്തല , ആലപ്പുഴ ഭാഗങ്ങളിലേക്കാണ് ടിപ്പറുകളിലും ടോറസുകളിലും മണ്ണു കടത്തുന്നത്. കൂടാതെ പല സ്ഥലങ്ങളിലും കല്ലു വെട്ടും നടക്കുന്നുണ്ട്. 

അമിതമായ മണ്ണു കയറ്റിയുള്ള ലോറികളുടെ ഓട്ടം മൂലം പലയിടത്തും ഗ്രാമീണ റോഡുകൾ തകർന്നു. രാവിലെ 8.30 മുതൽ 9.30 വരെ സ്കൂൾ സമയത്ത് ടിപ്പറുകളും ടോറസുകളും മണ്ണുമായി ഓടാൻ പാടില്ല എന്നാണ് നിയമം എന്നാൽ ഇതൊന്നും പാലിക്കാതെയായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ ലോറികളുടെ ഓട്ടം. മുട്ടുചിറ– ആയാംകുടി– കല്ലറ റോഡിലൂടെയാണ് ആലപ്പുഴയിലേക്ക് മണ്ണുമായി ലോറികൾ പോകുന്നത്. ലോറിയിൽ നിന്നും മണ്ണും കല്ലും റോഡിൽ വീഴുന്നതും അപകടങ്ങളുണ്ടാകുന്നതും പതിവാണ്. പൊലീസും റവന്യു വകുപ്പും പരിശോധന നടത്തണമെന്നും അനധികൃത മണ്ണെടുപ്പ് തടയണം എന്നുമാണ് ആവശ്യം ഉയരുന്നത്. മണ്ണുമാന്തിയന്ത്രം  പിടിച്ചെടുത്തു

ഞീഴൂർ ∙ അനധികൃതമായി മണ്ണെടുത്തിരുന്ന മണ്ണുമാന്തിയന്ത്രം പൊലീസ് പിടിച്ചെടുത്തു. ടിപ്പർ ലോറികൾ പിടികൂടാനായില്ല. കടുത്തുരുത്തി എസ്എച്ച്ഒ സജീവ് ചെറിയാന്റെ നേതൃത്വത്തിലാണ് കാട്ടാമ്പാക്കിൽ നിന്നും മണ്ണുമാന്തിയന്ത്രം പിടികൂടിയത്. പരാതി ലഭിച്ചതിനെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ മണ്ണുമാന്തിയന്ത്രം  കസ്റ്റഡിയിൽ എടുത്തു. പല സ്ഥലത്തും പൊലീസിന്റെ നീക്കം നിരീക്ഷിക്കാൻ മണ്ണെടുപ്പു സംഘങ്ങൾ ആളുകളെ നിയമിച്ചിട്ടുണ്ട്. പൊലീസ് സ്റ്റേഷനിൽ നിന്നും ഇറങ്ങിയാൽ മണ്ണെടുക്കുന്ന സ്ഥലത്ത് അറിയിപ്പു ലഭിക്കും. അനധികൃത മണ്ണെടുപ്പ് പിടികൂടുന്നതിന് കർശന നടപടി സ്വീകരിക്കുമെന്ന് എസ്എച്ച്ഒ സജീവ് ചെറിയാൻ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com