വീട്ടിലെ വിളക്കണഞ്ഞത് പറഞ്ഞും കരഞ്ഞും... ആദ്യത്തെ കത്ത് എത്തുംമുൻപ് അന്ത്യയാത്ര
Mail This Article
കുമരകം ∙ വള്ളത്തിൽ ബോട്ടിടിച്ചുണ്ടായ അപകടത്തിൽ മരിച്ച അനശ്വരയ്ക്ക് (12) അന്ത്യാഞ്ജലിയർപ്പിക്കാൻ നാടൊന്നാകെ ഒഴുകിയെത്തി. കരീമഠം കോലടിച്ചിറയിലെ വാഴപ്പറമ്പ് വീട് ഇന്നലെ സങ്കടങ്ങളുടെ തുരുത്തായി. അനശ്വര പഠിച്ചിരുന്ന വെച്ചൂർ സെന്റ് മൈക്കിൾസ് സ്കൂളിലെ അധ്യാപകരും വിദ്യാർഥികളും ആദരാഞ്ജലിയർപ്പിക്കാനെത്തിയപ്പോൾ വീട് സാക്ഷിയായത് വൈകാരിക നിമിഷങ്ങൾക്ക്. ‘‘പൊന്നൂ, നിന്റെ കൂട്ടുകാരെത്തി. അവരോടു വീട്ടിലേക്കു കയറി വരാൻ പറയ്’’ എന്നു പറഞ്ഞ് അനശ്വരയുടെ മുത്തശ്ശി രത്നമ്മ ഉറക്കെ നിലവിളിച്ചു. അനശ്വരയുടെ അച്ഛൻ രതീഷ്, അമ്മ രേഷ്മ, സഹോദരി ദിയ എന്നിവർക്കരികിൽ ആശ്വാസവാക്കുകളുമായി ഒട്ടേറെപ്പേരെത്തി.
അന്ത്യകർമങ്ങൾക്കായി നിലവിളക്ക് കൊളുത്തിയപ്പോൾ കൂട്ടക്കരച്ചിൽ ഉയർന്നു. വീട്ടിൽ എന്നും സന്ധ്യാവിളക്ക് കൊളുത്തിയിരുന്നത് അനശ്വരയായിരുന്നു എന്നു ബന്ധുക്കൾ പരസ്പരം പറഞ്ഞു. പെണ്ണാർത്തോട്ടിൽ അനശ്വരയും കുടുംബാംഗങ്ങളുടെ യാത്ര ചെയ്തിരുന്ന വള്ളത്തിൽ ജലഗതാഗത വകുപ്പിന്റെ ബോട്ടിടിച്ചാണ് അപകടമുണ്ടായത്. തെറിച്ചു വെള്ളത്തിൽ വീണ അനശ്വര മുങ്ങിമരിക്കുകയായിരുന്നു. ആദരാഞ്ജലി അർപ്പിക്കാൻ മന്ത്രി വി.എൻ. വാസവൻ, സംസ്ഥാന പൊലീസ് കംപ്ലെയ്ന്റ് അതോറിറ്റി ചെയർമാൻ ജസ്റ്റിസ് വി.കെ.മോഹനൻ, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് എന്നിവരെത്തി.
ആദ്യത്തെ കത്ത് എത്തുംമുൻപ് അന്ത്യയാത്ര
കുമരകം ∙ ഇൻലൻഡിനെപ്പറ്റി ആദ്യമായി കേട്ടപ്പോൾ അനശ്വരയ്ക്കു കത്തെഴുതാൻ മോഹം തോന്നി. അമ്മ രേഷ്മ വാങ്ങിക്കൊടുത്ത ഇൻലൻഡിൽ അനശ്വര ആദ്യമായി കൂട്ടുകാരിക്കു കത്തെഴുതി. കഴിഞ്ഞ ശനിയാഴ്ച പോസ്റ്റ് ചെയ്ത കത്ത് മേൽവിലാസക്കാരിക്ക് ഇനിയും കിട്ടിയിട്ടില്ല. അനശ്വരയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ ഇന്നലെ വെച്ചൂർ സെന്റ് മൈക്കിൾസ് സ്കൂളിൽ നിന്ന് കൂട്ടുകാരികൾ എത്തിയപ്പോൾ ആ കത്തിനെപ്പറ്റിയായിരുന്നു അമ്മ രേഷ്മ പറഞ്ഞത്.