ADVERTISEMENT

വൈക്കം ∙ ആശ്രമം സ്കൂളിലെ വിദ്യാർഥിനികളും അധ്യാപികമാരും ഒരേ താളത്തിൽ തിരുവാതിരക്കളിയുടെ ചുവടുകൾ തീർത്തപ്പോൾ വൈക്കം സത്യഗ്രഹ സമരത്തിന്റെ ചരിത്രം ഉറങ്ങുന്ന ആശ്രമം സ്കൂൾ അങ്കണത്തിൽ പിറന്നത് പുതു ചരിത്രം.  വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷത്തിന്റെയും, മഹാകവി കുമാരനാശാന്റെ 150-ാം ജന്മവാർഷികവും ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ആശ്രമം സ്കൂളിൽ കേരളപ്പിറവി ദിനത്തിൽ മെഗാ തിരുവാതിര സംഘടിപ്പിച്ചത്.

സെറ്റു സാരിയും പച്ച ബ്ലൗസും അണിഞ്ഞ് കേരളീയ വേഷധാരികളായി വിദ്യാർഥിനികൾ നൃത്തച്ചുവടുകൾ വച്ചപ്പോൾ ആശ്രമം സ്കൂളിനെ ചരിത്രത്തിൽ മറ്റൊരു അടയാളപ്പെടുത്തലായി മാറി. കുമാരനാശാന്റെ കരുണ, പൂക്കാലം എന്നീ കൃതികളെ അടിസ്ഥാനപ്പെടുത്തി തിരുവാതിരപ്പാട്ടായി ആവിഷ്‌ക്കരിച്ചാണ് 8മിനിറ്റ് സമയമുള്ള മെഗാ തിരുവാതിര അവതരിപ്പിച്ചത്.

വൈക്കം എസ്എൻഡിപി യൂണിയന്റെ കീഴിലുള്ള ഈ വിദ്യാലയം വൈക്കം സത്യഗ്രഹ സമരകാലത്ത് സമര ഭടന്മാരുടെ വിശ്രമ കേന്ദ്രമായിരുന്നു. സമരത്തിന്റെ ആവശ്യത്തിനായി ശ്രീനാരായണ ഗുരുദേവൻ വിലയ്ക്ക് വാങ്ങിയ സ്ഥലമാണ്. ശ്രീനാരായണ ഗുരുദേവന്റെ പേരിലാണ് ഇന്നും ഈ സ്ഥലത്തിന് കരമടയ്ക്കുന്നത്. രണ്ട് വർഷക്കാലം നീളുന്ന ആഘോഷ പരിപാടികൾക്കാണ് രൂപം നൽകിയിട്ടുള്ളത്.

3.30ന് അരങ്ങേറിയ തിരുവാതിര മോൻസ്  ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ആശ്രമം സ്കൂൾ വൊക്കേഷനൽ ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ഷാജി ടി.കുരുവിള അധ്യക്ഷത വഹിച്ചു. നഗരസഭ ഉപാധ്യക്ഷൻ പി.ടി.സുഭാഷ്, എസ്എൻഡിപി യോഗം വൈക്കം യൂണിയൻ പ്രസിഡന്റും സ്കൂൾ മാനേജരുമായ പി.വി.ബിനേഷ്, യൂണിയൻ സെക്രട്ടറി എം.പി.സെൻ, വൈസ് പ്രസിഡന്റ് കെ.വി.പ്രസന്നൻ, പ്രഥമ അധ്യാപിക പി.ആർ.ബിജി, എൽപി വിഭാഗം എച്ച്എം പി.ടി.ജിനീഷ്, സ്കൂൾ സ്റ്റാഫ് സെക്രട്ടറി സീത എസ്.ആനന്ദ്, പിടിഎ പ്രസിഡന്റ് പി.പി.സന്തോഷ് എന്നിവർ പ്രസംഗിച്ചു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com