കുമരകത്തുനിന്ന് ഗാംഗുലി ഇന്ന് മടങ്ങും

Mail This Article
കുമരകം∙ മൂന്നുദിവസത്തെ സ്വകാര്യ സന്ദർശനത്തിനു ഇന്ത്യൻ ക്രിക്കറ്റ് മുൻ ക്യാപ്റ്റനും ബിസിസിഐ മുൻ പ്രസിഡന്റുമായ സൗരവ് ഗാംഗുലി കുമരകത്ത് എത്തി.സ്വകാര്യ കമ്പനിയുടെ ബ്രാൻഡ് അംബാസഡറായ അദ്ദേഹം അവരുടെ ജീവനക്കാരുടെ പരിപാടിയിൽ പങ്കെടുക്കാനാണു സൂരി റിസോർട്ടിൽ എത്തിയത്. ചിക്കൻ ടിക്കയും റൊട്ടിയും ഉൾപ്പെടെയുള്ള ഭക്ഷണമാണ് അദ്ദേഹം ആസ്വദിച്ചത്. സ്പായിലും സമയം ചെലവഴിച്ചു. സന്ദർശകർക്കു കർശന നിയന്ത്രണം ഉണ്ടായിരുന്നു. ഇന്നു രാവിലെ മടങ്ങും.
കയ്യൊപ്പ് നേടി വിഷ്ണു
കുമരകം∙സൗരവ് ഗാംഗുലിക്ക് ഒരു ചിത്രം വരച്ചു നൽകി കയ്യൊപ്പ് നേടണമെന്ന ആഗ്രഹം സഫലമായ സന്തോഷത്തിലാണ് അയ്മനം പുലിക്കുട്ടിശ്ശേരിൽ കിഴക്കേച്ചിറ വീട്ടിൽ വിഷ്ണു ശ്രീനിവാസ്. ഗാംഗുലി കുമരകത്ത് ഉണ്ടെന്ന് മനോരമ പത്രത്തിലൂടെ അറിഞ്ഞ വിഷ്ണു അദ്ദേഹത്തിന്റെ ചിത്രം വരച്ചു സൂരി ഹോട്ടലിൽ എത്തിയെങ്കിലും കാണാൻ കഴിഞ്ഞില്ല. തുടർന്നു കുമരകം പഞ്ചായത്ത് പ്രസിഡന്റ് ധന്യ സാബുവിനെ സമീപിച്ചു.
അവർ ഹോട്ടൽ അധികൃതരുമായി ബന്ധപ്പെട്ടു ഗാംഗുലിയെ ചിത്രം ഏൽപിക്കുകയായിരുന്നു. അദ്ദേഹം അതിൽ കയ്യൊപ്പ് വച്ചു തിരികെ ഏൽപിച്ചു. ഗാംഗുലിയെപ്പോലൊരു വ്യക്തിയുടെ കയ്യൊപ്പ് േനടാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നു വിഷ്ണു പറഞ്ഞു. കോട്ടയം ശങ്കുണ്ണി സ്മാരകത്തിൽ ചിത്രകല അഭ്യസിച്ച വിഷ്ണു മുൻ രാഷ്ട്രപതി എപിജെ അബ്്ദുൽ കലാം ഉൾപ്പെടെയുള്ളവർക്ക് അവരുടെ ചിത്രങ്ങൾ വരച്ചു നൽകിയിട്ടുണ്ട്.