ADVERTISEMENT

കോട്ടയം ∙ അത്‌ലീറ്റും ഫുട്ബോളറുമായിരുന്ന പിതാവിനെക്കുറിച്ചുള്ള ഓർമച്ചിത്രങ്ങൾ കോർത്തു പുസ്തകമാക്കി പ്രകാശനം ചെയ്യുകയാണ് ചിത്രകാരിയായ മകൾ ഷേർളി മാത്യു. ഇന്നു രാവിലെ 11.30നു ഹോട്ടൽ ഐഡയിലാണു പ്രകാശനം. 1923 നവംബർ 11നു ജനിച്ച പി.ജി.ജോർജിന്റെ നൂറാം പിറന്നാളാണ് ഇന്ന്. 

1944ൽ ലഹോർ ദേശീയ ഗെയിംസിൽ മൂന്നിനങ്ങളിൽ സ്വർണം കൊയ്ത, ഫുട്ബോളിൽ സൗഹൃദ മത്സരത്തിൽ ലണ്ടനിൽ നിന്നുള്ള ടീമിനെതിരെ ഗോളുകൾ നേടിയ കായികതാരമായ താഴത്തങ്ങാടി പടിഞ്ഞാറേത്തലയ്ക്കൽ പി.ജി.ജോർജിനെക്കുറിച്ചുള്ള മകളുടെ ഓർമകളാണ് ‘ദ് ചാംപ്യൻ ലിവ്സ് ഓൺ’ എന്ന പുസ്തകം. 

100, 200, 400 മീറ്ററുകളിലാണു ദേശീയ ഗെയിംസിൽ സ്വർണം നേടിയത്.  ഒളിംപിക്സ് മാതൃകയിൽ ഓൾ ഇന്ത്യ ഒളിംപിക്സ് ഗെയിംസ് എന്ന പേരിൽ 1924ൽ ലഹോറിൽ ആരംഭിച്ചതാണു പിന്നീട് നാഷനൽ ഗെയിംസായത്. 

സ്പെൻസർ സ്റ്റോറുകളുടെ ആദ്യ ഫ്രാഞ്ചൈസിയും കോട്ടയം ചെറിയപള്ളിയുടെ ആദ്യ ട്രസ്റ്റിയുമായിരുന്ന ഏബ്രഹാമിന്റെയും വേങ്ങടത്തു മറിയാമ്മയുടെയും മകനാണു പി.ജി.ജോർജ്. കോട്ടയത്തു പഠനകാലത്ത് 100 മീറ്റർ, 400 മീറ്റർ ഓട്ടമത്സരങ്ങളി‍ൽ വിജയിച്ച് ഇന്ത്യയിലെ ആദ്യ ഗവർണർ ജനറൽ സി.രാജഗോപാലാചാരി, തിരുവിതാംകൂർ മഹാരാജാവ് എന്നിവരിൽ നിന്നെല്ലാം സാക്ഷ്യപത്രങ്ങളും അവാർഡുകളും നേടി.  മദ്രാസ് ക്രിസ്ത്യൻ കോളജിലായിരുന്നു തുടർപഠനം.  

അന്നു സിനിമയ്ക്കു മുൻപുള്ള ന്യൂസ് റീലുകളിൽ ദേശീയ ഗെയിംസ് പ്രകടനമെല്ലാം തിയറ്ററുകളിൽ കാണിക്കുമായിരുന്നു. ഇന്ത്യൻ നാഷനൽ എയർവേയ്സിൽ (പിന്നീട് ഇന്ത്യൻ എയർലൈൻസ്) പൈലറ്റ് ജോലിക്ക് ഇന്റർവ്യൂവിനു  ചെന്നപ്പോൾ ബോർഡിലുണ്ടായിരുന്ന ക്യാപ്റ്റൻ മിസ്ത്രി, ന്യൂസ് റീലിൽ ജോർജിന്റെ പ്രകടനം കണ്ടിരുന്നു. ആളെ തിരിച്ചറിഞ്ഞ മിസ്ത്രി ജോർജിനു ജോലി നൽകി. ഫ്ലൈറ്റ് ഓപ്പറേഷൻസ് ഡപ്യൂട്ടി മാനേജരായി ജോലിയിൽ നിന്ന് വിരമിച്ച ജോർജിന്റെ മരണം 2002 ഒക്ടോബർ 21ന് ആയിരുന്നു. 

ജോർജിന്റെ പത്നി കുഞ്ഞന്നാമ്മ പോത്തൻ ഡൽഹി സെന്റ് കൊളംബസ് സ്കൂളിലെ ഹിന്ദി അധ്യാപികയായിരുന്നു. ‌സൂപ്പർതാരം ഷാറുഖ് ഖാന്റെ ക്ലാസ് ടീച്ചറായിരുന്നു കുഞ്ഞന്നാമ്മ. ഷാറുഖ് ടീച്ചർക്ക് സമ്മാനിച്ചത് നൂനു (അറബി ഭാഷയിൽ സുന്ദരി) എന്ന പേരുള്ള ഒരു നായ്ക്കുട്ടി! അമേരിക്കയിലെ കോർകോറൻ കോളജ് ഓഫ് ആർട്സ് ആൻഡ് ഡിസൈനിൽ പഠിച്ച ഷേർളി മാത്യു അറിയപ്പെടുന്ന ചിത്രകാരിയാണ്. ഇന്ത്യയിലെ 10 നഗരങ്ങളിൽ ഉൾപ്പെടെ 19 സോളോ ചിത്രപ്രദർശനങ്ങളും അറുപതോളം ചിത്രപ്രദർശനങ്ങളും നടത്തിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com