തക്കാളിക്ക് വഴുതനയിലുണ്ടായ തൈകൾ; നേട്ടം കൊയ്ത് ജോൺസൺ
Mail This Article
കടുത്തുരുത്തി ∙ വഴുതനയിൽ ഗ്രാഫ്റ്റ് ചെയ്ത തക്കാളിച്ചെടികളിൽ നിന്നു നേട്ടം കൊയ്ത് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻ ജോൺസൺ കൊട്ടുകാപ്പള്ളി. 50 ചുവട് തക്കാളിച്ചെടിയിൽ നിന്നു 2 ദിവസം ഇടവിട്ട് 15 കിലോ തക്കാളിയാണു ജോൺസൺ വിളവെടുക്കുന്നത്. പരീക്ഷണക്കൃഷി എന്ന നിലയിലാണ് 50 ചുവട് ഗ്രാഫ്റ്റ് തക്കാളിത്തൈകൾ പുരയിടത്തിൽ നട്ടത്. കുമരകം കൃഷി ഗവേഷണ കേന്ദ്രത്തിൽ നിന്നാണു തൈ ഒന്നിന് 5 രൂപ നിരക്കിൽ വാങ്ങി കൃഷിയിടത്തിൽ ജോൺസൺ നട്ടത്.
2 മാസമായപ്പോഴേക്കും തക്കാളിയിൽ നിന്നു വിളവെടുപ്പ് തുടങ്ങി. 30 രൂപ നിരക്കിൽ കുടുംബശ്രീകളുടെ കടകളിലാണു വിൽപന. 2 ദിവസം കൂടുമ്പോൾ വിളവെടുക്കാം. ജൈവവളമാണു തക്കാളിക്കൃഷിക്കു നൽകുന്നത്. തക്കാളിച്ചെടികൾക്ക് 2 മാസമാണ് ആയുസ്സ്. എന്നാൽ ഗ്രാഫ്റ്റ് ചെയ്ത തക്കാളിച്ചെടികൾക്ക് 3 വർഷത്തോളം ഫലം തരാൻ കഴിയുമെന്നു ജില്ലയിലെ മികച്ച സമ്മിശ്ര കൃഷിക്കുള്ള അവാർഡ് നേടിയ ജോൺസൺ പറയുന്നു.
ഞീഴൂർ പഞ്ചായത്ത് മുൻ പ്രസിഡന്റും ഇപ്പോൾ കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷനുമായ ജോൺസൺ മുഴുവൻ സമയ കൃഷിക്കാരനാണ്. 100 ഏക്കറിലാണ് ജോൺസന്റെ കൃഷി. ഇതിൽ 90 ഏക്കറിലും പൈനാപ്പിൾ കൃഷിയാണ്. വ്യത്യസ്തമായ കൃഷിരീതികളും ജോൺസൺ പരീക്ഷിക്കുന്നുണ്ട്. ഏലം, ആപ്പിൾ, ഓറഞ്ച് തുടങ്ങിയ കൃഷികളും ജോൺസൺ ചെയ്യുന്നു. 10,000 ഏത്തവാഴകളും 200 ജാതിയും ഒരേക്കറില് ആയുർ ജാക്കും പ്ലാവുകളും റെഡ് ലേഡി പപ്പായകളും ജോൺസന്റെ കൃഷിത്തോട്ടത്തിലുണ്ട്. നാട്ടിൽ സാധാരണയായി വിജയിക്കാത്ത കൃഷികൾ ചെയ്തു വിജയം നേടുക എന്നതാണു ജോൺസന്റെ രീതി. ജോൺസനു പിന്തുണയേകി ഭാര്യ ലിസ ജോണും ഒപ്പമുണ്ട്.