ADVERTISEMENT

വൈക്കം ∙റെക്കോർഡിലേക്ക് നീന്തിയടുത്ത് പന്ത്രണ്ടുകാരി ലയ ബി.നായർ.കാലുകളും കൈകളും ബന്ധിച്ച് വേമ്പനാട്ടു കായൽ നീന്തിക്കടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ പെൺകുട്ടിയെന്ന ഗിന്നസ് റെക്കോർഡ് സ്വന്തമാക്കുകയെന്ന ലക്ഷ്യത്തിലായിരുന്നു ലയ. ഒരു മണിക്കൂർ 13 മിനിറ്റ് കൊണ്ടാണ് ആലപ്പുഴ ജില്ലയിലെ തവണക്കടവിൽനിന്നു കോട്ടയം ജില്ലയിലെ വൈക്കം കായലോര ബീച്ചിന്റെ തീരത്തേക്കു 4 കിലോമീറ്റർ നീന്തിയത്.  

കോതമംഗലം സെന്റ് അഗസ്റ്റിൻസ് സ്കൂളിലെ 7–ാം ക്ലാസ് വിദ്യാർഥിനിയായ ലയ വാരപ്പെട്ടി അറായ്ക്കൽ സ്വദേശി ബിജു തങ്കപ്പന്റെയും പഞ്ചായത്തംഗം ശ്രീകലയുട‌െയും  മകളാണ്.  2022 നവംബർ 12ന് കൈകൾ ബന്ധിച്ച് കായൽ നീന്തിക്കടന്ന ആദ്യ പെൺകുട്ടിയെന്ന ലോകറെക്കോർഡ് സ്വന്തമാക്കിയിരുന്നു. കൈകാലുകൾ ബന്ധിച്ച് കായൽ നീന്തണമെന്ന ആഗ്രഹമാണ് ഇപ്പോൾ സഫലമായത്. ഒരു വർഷമായി ഇതിനായി പരിശീലനത്തിലാണ്. രാവിലെ 6 മുതൽ 2 മണിക്കൂറാണു പരിശീലനം.അച്ഛൻ ബിജുവാണു പരിശീലകൻ.

കായലിന്റെ മധ്യഭാഗം എത്തിയപ്പോൾ ഉൾവലിച്ചിൽ അനുഭവപ്പെട്ടെങ്കിലും അച്ഛൻ തന്ന ധൈര്യം കൈവിടാതെ നീന്തുകയായിരുന്നുവെന്നു ലയ പറഞ്ഞു. കായലിലെ  പോളകൾ വകഞ്ഞുമാറ്റിയാണ് ലയ ലക്ഷ്യത്തിലേക്കു കുതിച്ചത്. ഇന്നലെ രാവിലെ 8.30നു ചേന്നം പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.സുധീഷ്, ചേർത്തല നഗരസഭാധ്യക്ഷ വി.ആർ.രജിത എന്നിവർ നീന്തൽ ഫ്ലാഗ് ഓഫ് ചെയ്തു.  9.43നു വൈക്കം ബീച്ചിന്റെ തീരത്ത് എത്തിയ ലയയെ വൈക്കം ലിസ്യൂസ് സ്കൂളിലെ കുട്ടികൾ ബാൻഡ് വാദ്യത്തോടെ എതിരേറ്റു.

ഡോൾഫിൻ അക്വാറ്റിക് ക്ലബ് കോഓർഡിനേറ്റർ ഷിഹാബ് കെ.സൈനു കാലിലെ ബന്ധനം വേർപെടുത്തി. അനുമോദന സമ്മേളനം സി.കെ.ആശ എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭാ ഉപാധ്യക്ഷൻ പി.ടി.സുഭാഷ് അധ്യക്ഷത വഹിച്ചു.ആന്റണി ജോൺ എംഎൽഎ, നിഷ ജോസ് കെ.മാണി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രഞ്ജിത്ത്,കൗൺസിലർ ബിന്ദു ഷാജി, ഏബ്രഹാം പഴയകടവൻ, വിദ്യാഭ്യാസ ഡപ്യൂട്ടി ഓഫിസർ പി.കെ.ഹരിദാസ്, വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ചന്ദ്രശേഖരൻ നായർ, സെന്റ് അഗസ്റ്റിൻസ് സ്കൂൾ പ്രധാനാധ്യാപിക സിസ്റ്റർ റിനി മരിയ, ജയ് ജോൺ പേരയിൽ തുടങ്ങിയവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com