ADVERTISEMENT

ഏറ്റുമാനൂർ∙ നഗര മധ്യത്തിലെ മോഷണ പരമ്പരയിൽ പ്രതികളെ കണ്ടെത്തുന്നതിനായി പൊലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു അന്വേഷണം ഊർജിതമാക്കി. പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളിലേയും, പൊലീസിന്റെ നിരീക്ഷണ ക്യാമറകളുടെയും ദൃശ്യങ്ങളാണ് പരിശോധിക്കുന്നത്. പ്രാഥമിക പരിശോധനയിൽ ചില സൂചനകൾ ലഭിച്ചതായാണ് വിവരം. തിങ്കളാഴ്ച പുലർച്ചെയാണ് ഏറ്റുമാനൂർ സെൻട്രൽ ജംക്‌ഷനിലെ 2 കടകളിൽ മോഷണവും ഒരു കടയിൽ മോഷണം ശ്രമവും നടന്നത്. അർധരാത്രി വരെ നഗരം സജീവമാണ്.

വിവിധ ഭാഗങ്ങളിലാണ് ഒട്ടേറെ തട്ടുകടകളും പ്രവർത്തിക്കുന്നുണ്ട്. ഒരു മണിയോടെ മത്സ്യ മാർക്കറ്റ് സജീവമാകും. പിന്നെ നഗരം വീണ്ടും തിരക്കിലാകും. അതിനാൽ സ്ഥലത്തെക്കുറിച്ച് വ്യക്തമായ ധാരണ ഉള്ളവരാണ് മോഷണത്തിനു പിന്നിലെന്ന് പൊലീസ് കരുതുന്നു. എസ്ബിഐ ബാങ്കിനു മുന്നിൽ പ്രവർത്തിക്കുന്ന സിയാന പെറ്റ് സോൺ, പൊലീസ് സ്റ്റേഷനു സമീപത്തെ മാടപ്പള്ളി ഹാർഡ് വെയർ സ്റ്റോഴ്സ്, സമീപത്തെ വി ആൻഡ് വി സ്റ്റേഷനറി കട എന്നിവിടങ്ങളിലായിരുന്നു മോഷണം. 

സിയാന പെറ്റ് സോണിന്റെ താഴ് തകർത്താണ് അകത്ത് കയറിയത്. ഇവിടെ നിന്നും മുന്തിയ ഇനം 4 വളർത്തു നായ്ക്കളെയും 10,000 രൂപയുമാണ് കവർന്നത്. കടയിൽ നിന്നും ഒരു പ്രാവിൻകൂട്  നഷ്ടപ്പെട്ടിട്ടുണ്ട്. അതിനാൽ ഈ കൂടിനുള്ളിലാവാം  നായ്ക്കളെ കടത്തിയതെന്നും കരുതുന്നു. സമീപത്തെ ഒട്ടേറെ ധനകാര്യ സ്ഥാപനങ്ങൾ ഉണ്ടെങ്കിലും സെക്യൂരിറ്റി ജീവനക്കാരുടെ സേവനം ഇല്ല. കൂടാതെ കടയിൽ സിസിടിവി ക്യാമറയും ഉണ്ടായിരുന്നില്ല.

ഇതെല്ലാം മോഷ്ടാവിനു തുണയായി. മാടപ്പള്ളി ഹാർഡ് വെയർ സ്റ്റോഴ്സിൽ പൊലീസ് സ്റ്റേഷൻ റോഡിനു സമീപത്തെ വാതിൽ കുത്തി തുറന്നായിരുന്നു കവർച്ച. നാണയത്തുട്ടുകൾ മാത്രമാണ് ഇവിടെ നിന്നും നഷ്ടപ്പെട്ടത്. എന്നാൽ ഹാർഡ് വെയർ കടയിൽ കള്ളൻ കയറിയത് മറ്റു കടയിൽ മോഷണം നടത്താനുള്ള ഉപകരണങ്ങൾ ശേഖരിക്കുന്നതിനു വേണ്ടിയാണോ എന്ന സംശയവും പൊലീസിനുണ്ട്.

വി ആൻഡ് വി സ്റ്റേഷനറി കടയിൽ താഴ് തകർക്കാതെയാണ് ഷട്ടർ തുറന്നത്. ഇവിടെ കള്ള താക്കോൽ ഉപയോഗിച്ചാണോ പൂട്ട് തുറന്നതെന്നും പൊലീസ് സംശയിക്കുന്നു. തിരക്കുള്ള നഗരത്തിൽ ഒരാൾക്ക് തനിച്ച് 3 കടകളിൽ മോഷണം നടത്താൻ കഴിയില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക വിലയിരുത്തൽ. 3 ആഴ്ച മുൻപാണ് സമീപത്തെ ബീന ബിൽഡിങ്ങിലെ 2 സ്ഥാപനത്തിലും, ടയർ കടയിലും മോഷണ ശ്രമം നടന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com