ADVERTISEMENT

ഏറ്റുമാനൂർ ∙ ‘അവരെന്റെ ഉപജീവന മാർഗം മുട്ടിച്ചു, ജീവിക്കാൻ മറ്റു മാർഗങ്ങളില്ല, ഞാൻ മരിച്ചാൽ ഉത്തരവാദി അതിരമ്പുഴ സിപിഎം ലോക്കൽ സെക്രട്ടറിയായിരിക്കും’ തൊഴിലാളി യൂണിയനുകളുടെ തർക്കത്തെത്തുടർന്നു വ്യാപാരം തടസ്സപ്പെട്ട അതിരമ്പുഴയിലെ പച്ചക്കറി വ്യാപാരി പാറയിൽ പി.എസ്.സതീഷ് കുമാറിന്റെ വാക്കുകളാണിത്. ഇന്നലെ സിഐടിയുവിന്റെ നേതൃത്വത്തിൽ കടയ്ക്കു മുന്നിൽ പ്രതിഷേധം നടന്നതോടെയാണ് വ്യാപാരി ആത്മഹത്യാഭീഷണി മുഴക്കിയത്. 15 വർഷമായി വ്യാപാരരംഗത്തുള്ള സതീഷ് കുമാറിന് അതിരമ്പുഴ മാർക്കറ്റിനുള്ളിൽ ഒരു പച്ചക്കറി സ്റ്റാളുണ്ട്. ഇവിടെ സാധനങ്ങൾ ഇറക്കുന്നത് യൂണിയൻ തൊഴിലാളികൾ തന്നെയായിരുന്നു. എന്നാൽ സാധനങ്ങൾ സ്റ്റോക്ക് ചെയ്യാൻ സതീഷ് സ്വന്തം വീടിനോടു ചേർന്ന് ഗോഡൗൺ സ്ഥാപിച്ചു.  ഇവിടെ സാധനങ്ങൾ ഇറക്കുന്നത് സതീഷും കുടുംബാംഗങ്ങളുമാണ്. എന്നാൽ ഇവിടത്തെ ചരക്കുനീക്കവും തങ്ങൾക്കു വേണമെന്ന് ആവശ്യപ്പെട്ട് യൂണിയൻ നേതാക്കൾ രംഗത്തെത്തി. 

സ്വന്തം വീട്ടിലുള്ള ഗോഡൗണിൽ തൊഴിലാളികളെ കയറ്റേണ്ടതില്ലെന്ന നിലപാടിലായിരുന്നു സതീഷ്. ഇതു സംബന്ധിച്ച് തർക്കം രൂക്ഷമായതോടെ തനിക്ക് അനുകൂലമായി കോടതിവിധി  ലഭിച്ചെന്നും ഇതോടെയാണ് യൂണിയനുകൾ  പ്രതികാര നടപടിയുമായി രംഗത്തെത്തിയതെന്നും സതീഷ് കുമാർ പറയുന്നു. വ്യാപാരം തടസ്സപ്പെടുത്തരുതെന്നും മതിയായ പൊലീസ് സംരക്ഷണം നൽകണമെന്നുമാണ് കോടതിവിധി.  എന്നാൽ കോടതി സംരക്ഷണം ഉണ്ടായിട്ടും സ്ഥാപനം പ്രവർത്തിപ്പിക്കാൻ അനുവദിക്കുന്നില്ല. കൂടാതെ സ്റ്റാളിൽ സാധനം വാങ്ങാൻ എത്തുന്നവരോട് കച്ചവടം ഇല്ലെന്നു പറഞ്ഞ് മടക്കിയയയ്ക്കുകയാണ്. 18 തൊഴിലാളികളുണ്ട്. വ്യാപാരം തടസ്സപ്പെട്ടതോടെ ഇവരുടെ കുടുംബവും പട്ടിണിയിലാണ്. വീട്ടിലെ വ്യാപാരത്തിന് അതിരമ്പുഴ പഞ്ചായത്തിൽ നിന്ന് അനുവദിച്ച ലൈസൻസ് സിപിഎമ്മുകാർ ഭീഷണിപ്പെടുത്തി റദ്ദാക്കിച്ചെന്ന് സതീഷ് കുമാർ ആരോപിച്ചു. ഐഎൻടിയുസി നേതാവും പഞ്ചായത്ത് അംഗവുമായ ആൾ ഇതിനു പിന്നിൽ പ്രവർത്തിച്ചെന്നും അദ്ദേഹം ആരോപിച്ചു. 

ഇപ്പോൾ ഈ കേസും കോടതിയുടെ പരിഗണനയിലാണ്. കഴിഞ്ഞ ദിവസം തമിഴ്നാട്ടിൽ നിന്നെത്തിയ ഒരു ലോഡ് പച്ചക്കറി ഇറക്കാൻ അനുവദിക്കാതെ ദിവസം മുഴുവൻ തടഞ്ഞിട്ടു. പച്ചക്കറി ചീഞ്ഞതിനെത്തുടർന്ന് രാത്രി ലോഡ് ഇറക്കാതെ തിരിച്ചയയ്ക്കുകയായിരുന്നു. ലക്ഷങ്ങളാണ് തനിക്കു ദിവസവും നഷ്ടം ഉണ്ടാകുന്നത്. ഇതിനിടെ ഇന്നലെ തന്റെ വീടിനു മുന്നിൽ കൊടികൾ സ്ഥാപിച്ചെന്നും ഗേറ്റ് അടച്ചുപൂട്ടിയെന്നും തന്നെ കൊലപ്പെടുത്തുമെന്ന് സിപിഎം ലോക്കൽ സെക്രട്ടറി ഭീഷണിപ്പെടുത്തിയെന്നും സതീഷ് പറയുന്നു. പൊലീസെത്തിയാണ് സമരക്കാരെ മാറ്റിയത്. കോടതിയുത്തരവു പോലും നടപ്പാക്കാൻ കഴിയാത്ത അവസ്ഥയിലാണെന്നും താൻ ആത്മഹത്യയുടെ വക്കിലാണെന്നും സതീഷ്‌ കുമാർ പറയുന്നു. അതേസമയം, ഈ വിഷയം ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും  വ്യാപാരികളെ  ഒരു തരത്തിലും ബുദ്ധിമുട്ടിക്കുന്ന നിലപാട് പാർട്ടിക്കില്ലെന്നും സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസൽ പറഞ്ഞു. അത്തരത്തിൽ എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ അന്വേഷണം നടത്തി പ്രശ്നം പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com