അനശ്വരയുടെ ഓർമയിൽ കരീമഠത്ത് പാലം ഉയർന്നു

Mail This Article
കുമരകം ∙ അയ്മനം പഞ്ചായത്തിലെ കരീമഠത്ത് പുതിയ നടപ്പാലം ഉയർന്നു. സ്കൂൾ വിദ്യാർഥിനി അനശ്വര വള്ളത്തിൽ സ്കൂളിലേക്കുള്ള യാത്രയ്ക്കിടെ ബോട്ട് ഇടിച്ചു മരിച്ച പ്രദേശത്താണു പാലം പണിതത്. അനശ്വരയുടെ ഓർമയ്ക്കായി പാലം നിർമിക്കാൻ തുക ചെലവിട്ടത് യുട്യൂബർ ദിച്ചുവാണ്. ഉദ്ഘാടനം നടത്തിയതും ദിച്ചു തന്നെ.
കരീമഠത്തിലെ പ്രായം കൂടിയ മുത്തശ്ശിമാരിൽ ഒരാളായ ഇലവങ്ങൻചിറ ലക്ഷ്മി(85) ആദ്യയാത്ര നടത്തി. പാലവും റോഡും ഇല്ലാതെ കരീമഠം സ്വദേശികൾ ദുരിതക്കയം താണ്ടുന്ന നാളുകളിലാണ് നാടിനെ സങ്കടത്തിലാക്കി അപകടത്തിൽ അനശ്വര മരിച്ചത്. സംസ്കാരത്തിന് എത്തിയ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഒറ്റത്തടിപ്പാലത്തിലൂടെ മറുകര കടക്കാൻ വിഷമിക്കുന്ന കാഴ്ചയാണു പാലം പണിതുനൽകാൻ ദിച്ചുവിനു പ്രേരണയായത്.
ഇരുമ്പു ഗർഡർ ഉപയോഗിച്ചുള്ള പാലത്തിനു 30 അടി നീളവും 4 അടി വീതിയുമുണ്ട്. ഇരുചക്രവാഹനത്തിനു പാലത്തിലൂടെ പോകാനാവും. പാലം നിർമിച്ചുനൽകാമെന്ന ജനപ്രതിനിധികളുടെ വാഗ്ദാനം ജലരേഖയായപ്പോഴാണ് ദിച്ചുവിന്റെ നല്ല മനസ്സു ജനത്തിനു തുണയായത്. പാലം കിട്ടിയെങ്കിലും അനശ്വരയുടെ ഓർമ നാട്ടുകാർക്കു തീരാസങ്കടമാണ്.