ADVERTISEMENT

എരുമേലി ∙ കാട്ടരുവികളും മരച്ചാർത്തുകളും ചേർന്നു പാട്ടുമൂളുന്ന പൂങ്കാവനമായ കാനനപാതയിലൂടെ ശബരിഗിരീശനെ കാണാൻ അയ്യപ്പന്മാർ നടന്നു കൊണ്ടേയിരിക്കുന്നു. എരുമേലിയിൽ നിന്നുള്ള പരമ്പരാഗത കാനനപാതയിൽ തിരക്കേറി വരുന്നു. എരുമേലിയിൽ പേട്ട കെട്ടി പേരൂർത്തോടു കടന്ന് ഇരുമ്പൂന്നിക്കര വഴി കോയിക്കക്കാവ് ഫോറസ്റ്റ് ചെക്പോസ്റ്റിൽ എത്തുമ്പോഴാണ് യഥാർഥ കാനനപാത ആരംഭിക്കുന്നത്.എരുമേലിയിൽ നിന്നു പേരൂർത്തോട്– ഇരുമ്പൂന്നിക്കര – കോയിക്കക്കാവ് – കാളകെട്ടി – അഴുത – കല്ലിടാംകുന്ന് – കരിമല – വലിയാനവട്ടം വഴി പമ്പയിലേക്കുള്ള യാത്ര ശബരിമല തീർഥാടകർക്ക് അത്മനിർവൃതിയുടെ യാത്ര കൂടിയാണ്. 

അഴുതയാർ കടന്നു കഴിഞ്ഞാൽ പൂർണമായും പെരിയാർ കടുവ സങ്കേതത്തിലൂടെയാണു യാത്ര. നാട്ടിൽ കാണാത്ത വൃക്ഷങ്ങളാൽ സമൃദ്ധവുമാണ് ഈ വനമേഖല.പകൽ പോലും സൂര്യവെളിച്ചം എത്താൻ മടിക്കുന്ന കാനനവഴിയിൽ തീർഥാടന കാലത്തു മാത്രമാണ് ആളനക്കം ഉണ്ടാകുന്നത്. അയ്യപ്പന്മാർ എത്തിത്തുടങ്ങിയതോടെ താൽക്കാലിക കടകൾ സ്ഥാപിച്ചു തുടങ്ങി. കട സ്ഥാപിച്ചാൽ രാത്രി ഒരാൾ ഊഴം അനുസരിച്ച് ഉറങ്ങാതെയിരിക്കുക പതിവാണെന്നു 30 വർഷമായി പാറത്തോട് ചെക്ഡാമിനു സമീപം കട നടത്തുന്ന ഇരുമ്പൂന്നിക്കരയിൽ‌ നിന്നുള്ള ടി.കെ.സാബുവും ടി.ആർ.സജിയും പറയുന്നു.

ആനക്കൂട്ടം എത്തിയാൽ ഓടിക്കാനാണ് ഉറക്കമിളപ്പ്. ഇത്രയും വർഷമായിട്ടും തങ്ങളുടെ കട ഇതു വരെ ആന തകർത്തിട്ടില്ലെന്നും ഇവർ പറഞ്ഞു. ഒരു തവണയെങ്കിലും കാനനപാതയിലൂടെ മല ചവിട്ടുന്ന തീർഥാടകർ പിന്നീടുള്ള യാത്രകളിൽ ഈ വഴി തന്നെയാകും തിരഞ്ഞെടുക്കുന്നതെന്നു കൊല്ലം കല്ലടയിൽ നിന്നു കാൽനടയായി എത്തിയ ജി.രതീഷും സംഘവും പറയുന്നു. സ്ഥിരം വരുന്നതിനാൽ ഒന്നും അപരിചിതമല്ലെന്നാണ് ആലപ്പുഴ കഞ്ഞിക്കുഴിയിൽ നിന്ന് എത്തിയ എസ്.സൈനുവിന്റെയും സംഘത്തിന്റെയും അഭിപ്രായം.

കാനനയാത്ര ഇങ്ങനെ
∙എരുമേലിയിൽ നിന്ന് 30.7 കിലോമീറ്റർ കാനനപാതയിലുടെ നടന്നാൽ പമ്പയിൽ എത്താം.
∙എരുമേലി പേട്ടക്കവലയിൽ നിന്നു മുണ്ടക്കയം റോഡിലൂടെ പേരൂർത്തോട്ടിലെത്തും. ഇവിടെ നിന്നു തിരിഞ്ഞ് ഇരുമ്പൂന്നിക്കര എത്താം. തുടർന്നു കോയിക്കക്കാവ് വനംവകുപ്പ് ചെക്പോസ്റ്റിലേക്ക്. ഇവിടെ നിന്നാണ് കാനനയാത്ര ആരംഭിക്കുന്നത്. ഇതുവരെ വാഹനങ്ങൾ വരും.  
∙കോയിക്കക്കാവ് ചെക്പോസ്റ്റിൽ പേരും വിവരങ്ങളും എഴുതി സൂക്ഷിക്കും. കാളകെട്ടി ശിവപാർവതി ക്ഷേത്രത്തിലേക്കാണ് ഈ വഴി എത്തുന്നത്. മുണ്ടക്കയത്തു നിന്നും എരുമേലിയിൽ നിന്നും കാളകെട്ടിയിലേക്കു റോഡ് മാർഗവും വരാം. ക്ഷേത്രത്തിൽ നിന്നു മുണ്ടക്കയം റോഡ് വഴി 10 മിനിറ്റ് നടന്നാൽ അഴുതക്കടവിൽ എത്തും. എരുമേലിയിൽ നിന്ന് 12 കിലോമീറ്ററാണ് അഴുതക്കടവിലേക്ക്. രണ്ടര മണിക്കൂർ കൊണ്ട് ഈ ദൂരം പിന്നിടാം.

∙അഴുതക്കടവിൽ നിന്ന് 18.7 കിലോമീറ്റർ ദൂരമാണു പമ്പയിലേക്ക്. അഴുതക്കടവിൽ നിന്ന് അഴുതമേട് വരെ കയറ്റമാണ്. കല്ലിടാംകുന്ന്, ഇഞ്ചിപ്പാറക്കോട്ട, മുക്കുഴി, പുതുശേരി, കരിയിലാംതോട്, വഴി കരിമല എത്തും. കരിമല കയറി ഇറങ്ങുമ്പോൾ എത്തുന്നതു വലിയാനവട്ടം, തുടർന്ന് ചെറിയാനവട്ടം വഴി പമ്പയിലേക്ക്. 5 മണിക്കൂർ കൊണ്ട് എത്താം.
∙രണ്ട് ദിവസമെടുത്ത്   കാനനപാതയിലൂടെ യാത്ര ചെയ്യുന്നവരുണ്ട്. ഇവർ വിവിധ വിശ്രമ കേന്ദ്രങ്ങളിൽ രാത്രി തങ്ങും. കുത്തനെയുള്ള കയറ്റമായതിനാൽ വേഗത്തിൽ യാത്ര സാധിക്കില്ല. ശബരിമല ദർശനം കഴിഞ്ഞു തിരികെ ബസിലോ മറ്റു വാഹനങ്ങളിലോ മടങ്ങുന്നവരാണ് അധികം.
(ദൂരവും യാത്രാസമയവും വനംവകുപ്പിൽ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ)

യാത്രയിൽ ശ്രദ്ധിക്കാൻ
കാനനപാതയിലൂടെ യാത്ര ചെയ്യുന്ന തീർഥാടകരെ കോയിക്കക്കാവിലെ വനം ചെക്പോസ്റ്റിൽ ദിവസവും വൈകിട്ട് 5നു തടയും. വന്യമൃഗശല്യം ഒഴിവാക്കാനാണിത്. രാവിലെ 7 മുതൽ വീണ്ടും കയറ്റി വിടും. കൂടുതൽ തീർഥാടകർ എത്തിയാൽ കോയിക്കക്കാവിൽ രാത്രി വിരിവയ്ക്കുന്നതിനു പ്രാഥമിക സൗകര്യങ്ങളുടെ കുറവുണ്ട്. അഴുതക്കടവിൽ നിന്ന് ഇടുക്കി ജില്ലാ അതിർത്തിയിലുള്ള കാനനയാത്ര ഉച്ചയ്ക്ക് 2 മണി വരെ മാത്രമാണ്. ഇതിനു ശേഷം എത്തുന്നവരെ തടയും.
∙പ്ലാസ്റ്റിക് സാധന സാമഗ്രികൾ ഒഴിവാക്കണം. മാലിന്യം വനത്തിൽ വലിച്ചെറിയരുത്.
∙തിരക്കു കുറവുള്ള സമയം കൂട്ടമായി തീർഥാടകർ പോകുന്നതാണു സുരക്ഷിതം.
∙25ൽ പരം കടകൾ സജ്ജമാണ്. എങ്കിലും ശുദ്ധജലവും ഭക്ഷണം കയ്യിൽ കരുതുന്നതും അഭികാമ്യം.
∙കോയിക്കാക്കാവ്, മമ്പാടി, കാളകെട്ടി എന്നിവിടങ്ങളിൽ ആരോഗ്യ വകുപ്പിന്റെ ഓക്സിജൻ പാർലറുകളുണ്ട്.
∙കാളകെട്ടി ക്ഷേത്രത്തിൽ ഡോക്ടർ, ആരോഗ്യ പ്രവർത്തകർ, മരുന്നുകൾ, ആംബുലൻസ് സൗകര്യം എന്നിവയുണ്ട്. അഗ്നിരക്ഷാ സേനാ സംഘങ്ങളുണ്ട്. ഫോൺ: കാളകെട്ടി ശിവപാർവതി ക്ഷേത്രം: 8921569310. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com