ചെണ്ടമേളത്തിന്റെ താളത്തിൽ ചിലമ്പണിഞ്ഞ് ഉറഞ്ഞാടി കുമാരനല്ലൂരിൽ ഇന്നു തെയ്യാട്ടം

Mail This Article
കുമാരനല്ലൂർ ∙ ചെണ്ടമേളത്തിന്റെ താളത്തിൽ ചിലമ്പണിഞ്ഞ് ഉറഞ്ഞാടി അനുഗ്രഹം ചൊരിയാൻ തെയ്യം വരവായി. ദേവതാ രൂപങ്ങൾ കോലമായി കെട്ടിയാടിച്ച് ആരാധിക്കുകയാണ് തെയ്യാട്ടത്തിലൂടെ ചെയ്യുന്നത്. ഉത്തര കേരളത്തിലെ കാവുകളിലും മറ്റും കെട്ടിയാടുന്ന അനുഷ്ഠാന കലാരൂപമായ തെയ്യം ഇന്നു വൈകിട്ട് 8.30നു അരങ്ങേറും. തലശ്ശേരി കൂത്തുപറമ്പ് ഭാഗങ്ങളിൽ നിന്നു 22 കലാകാരന്മാർ അടങ്ങുന്ന സംഘം പത്മനാഭൻ വാക്കയുടെ നേതൃത്വത്തിലാണ് തെയ്യം അവതരിപ്പിക്കുന്നത്. ഭഗവതി, ഭൈരവൻ, ശാസ്തപ്പൻ, ഗുളികൻ എന്നീ ദൈവിക കോലങ്ങളാണ് ഉണ്ടാവുക.
ഉത്സവത്തിന്റെ കലാപരിപാടികൾക്കായി ഒരുക്കിയ പ്രധാന അരങ്ങിനു സമീപമാണ് കളിയാട്ടത്തിന്റെ വേദി. കാർഷിക സംസ്കൃതിയെ വിളിച്ചോതും വിധം കരുത്തോലയും മറ്റും കൊണ്ടാണ് അലങ്കാരം. തെയ്യക്കോലത്തിന്റെ മുന്നിൽ വിശ്വാസികൾക്കു അവരവരുടെ പ്രയാസവും സങ്കടവും ദുരിതവും പങ്കുവയ്ക്കാം. ഭക്തരെ അനുഗ്രഹിച്ച് പരിഹാരമാർഗവും ആശ്വാസവും തെയ്യം പകരും. തെയ്യത്തിന്റെ മുടിയും ആഭരണവും നിർമിക്കുന്നത് പ്രകൃതിദത്ത വസ്തുക്കൾ ഉപയോഗിച്ചാണ്. മുഖത്തെഴുത്തും തെയ്യം കെട്ടലും പ്രകൃതിയോട് ഇഴകി ചേർന്ന രീതിയിൽ തന്നെ. രാത്രിയിൽ ആരംഭിക്കുന്ന കളിയാട്ടം പുലർച്ചയോടെ മാത്രമേ കഴിയുകയുള്ളു.
കുമാരനല്ലൂർ ക്ഷേത്രത്തിൽ ഇന്ന്
∙ ആറാട്ട് കടവിലേക്ക് എഴുന്നള്ളിപ്പ് – 5.45, ആറാട്ട് തിരിച്ചെഴുന്നള്ളിപ്പ് –8.00. ചുറ്റുവിളക്ക് –6.00, വേല– വിളക്ക് , പഞ്ചവാദ്യം – ചോറ്റാനിക്കര നന്ദപ്പ മാരാർ– 8.15.
∙ അരങ്ങിൽ : സംഗീത സദസ്സ്– സൂരജ് ലാൽ – 6.00, ഭരതനാട്യം – 7.30.
∙ നടപ്പന്തലിൽ : സോപാന സംഗീതം – ഏലൂർ ബിജു – 6.30.
∙ ഊട്ടുപുരയിൽ: പുരാണ പാരായണം – 6.00, ദേവീ സ്തുതികൾ –7.00, നാരായണീയ പാരായണം – 8.00, തിരുവാതിര –6.00, ശാസ്ത്രീയ നൃത്തം – 7.00, സംഗീത കച്ചേരി – 7.00, തിരുവാതിര –8.00, നൃത്തം –8.30.