ADVERTISEMENT

തെള്ളകം∙ കുഞ്ഞൻ എലി മുതൽ വമ്പൻ പോത്ത് വരെ ! വിസ്മയ കാഴ്ചയൊരുക്കുന്ന ചൈതന്യ കാർഷിക മേളയിലേക്കു സന്ദർശക പ്രവാഹം. കാർഷിക വിള പ്രദർശനം, ഗൃഹോപകരണങ്ങളുടെ സ്റ്റാളുകൾ, ഫുഡ് ഫെസ്റ്റുകൾ, കൗതുക കാഴ്ച സമ്മാനിക്കുന്ന പെറ്റ്സ് ഷോകൾ, കരകൗശല വസ്തുക്കളുടെ പ്രദർശനം,

പരമ്പരാഗത ഉപകരണങ്ങളുടെ സ്റ്റാളുകൾ, കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഉല്ലസിക്കാൻ കഴിയുന്ന അമ്യൂസ്മെന്റ് പാർക്കുകൾ, ജംനാപ്യാരി ഇനത്തിൽപെട്ട ആടുകൾ, ഗീർ പശുക്കളുടെ പ്രദർശനം, വാഹന വിപണന കേന്ദ്രങ്ങൾ, വിജ്ഞാനപ്രദമായ സെമിനാറുകൾ, നയന മനോഹരമായ കലാസന്ധ്യകൾ, കാർഷിക മത്സരങ്ങൾ, വിവിധ കലാപരിപാടികൾ എന്നു തുടങ്ങി ഇക്കുറിയും കാഴ്ചക്കാരെ ആസ്വാദനത്തിന്റെ കൊടുമുടിയിൽ എത്തിച്ചിരിക്കുകയാണ് ചൈതന്യ കാർഷിക മേള.

ഭീമൻ കപ്പയും ‘കൊട്ട വലുപ്പ’ ചേനയും
കാർഷിക സംസ്കാരത്തിന്റെ പെരുമ വിളിച്ചോതുന്നതാണു കാർഷിക വിള പ്രദർശന പവിലിയൻ. കപ്പ, ചക്ക, ചേന,ചേമ്പ്, കാച്ചിൽ തുടങ്ങി തനി നാടൻ വിളകളുടെ കലവറയാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. വിളകളിൽ ഭീമൻ കപ്പയും ‘കൊട്ട വലുപ്പ’ ചേനയുമൊക്കെയാണ് താരങ്ങൾ. പല ഇനം നേത്ര കായകൾ, പച്ചക്കറികൾ, തേങ്ങ, മാങ്ങ ഇങ്ങനെ നീളുകയാണ് വിള കാഴ്ചകൾ. ഇതോടൊപ്പം നാട്ടുംപുറത്തു നിന്നു പോലും അന്യമാകുന്നതും പുതുതലമുറയ്ക്ക് കേട്ടുകേൾവി മാത്രമുള്ളതുമായി വിവിധയിനം കാർഷിക വിളകളും പവിലിയനിലുണ്ട്. എല്ലാം കാണാനും മനസ്സിലാക്കാനും സംശയനിവാരണത്തിനുമുള്ള അവസരവും മേളയിൽ ലഭ്യമാണ്.

‘നീണ്ടൂർ യുവരാജ് ’ ആണു താരം
1700 കിലോ തൂക്കം– ഒരു ആറടി ഉയരം, അതിനൊത്ത വണ്ണം, എണ്ണക്കറുപ്പിൽ തലയുയർത്തി നിൽക്കുന്ന നീണ്ടൂർ യുവരാജ് എന്ന കൂറ്റൻ പോത്ത് ആണ് ചൈതന്യ കാർഷിക മേളയിലെ പ്രധാന ആകർഷണം. ഫോട്ടോക്കും സെൽഫിക്കുമൊക്കെ നിന്നു കൊടുക്കുമ്പോൾ ഒരു കോട്ടയത്തുകാരന്റെ ഗൗരവം അവന്റെ മുഖത്ത് പ്രകടമാകും. നീണ്ടൂർ ഇടുക്കുതറയിൽ കുരുവിള ജയിംസ് എന്ന റിട്ട. അധ്യാപകൻ കോട്ടയം കല്ലറയിൽ നിന്ന് 2021ലാണ് മുറ ഇനത്തിൽപെട്ട പോത്തിനെ വാങ്ങുന്നത്. അന്നു 150 കിലോ മാത്രമായിരുന്നു തൂക്കം. പക്ഷി മൃഗാദികളോടു വലിയ താൽപര്യമുണ്ടായിരുന്ന ജയിംസ് 2 വർഷം പരിപാലിച്ചാണ് യുവരാജിനെ ഈ തലയെടുപ്പിൽ എത്തിച്ചത്. 

ശാന്തസ്വഭാവക്കാരനായ യുവരാജിനു മനുഷ്യരുടെ ഭാഷ  മനസ്സിലാകുമെന്നും  പെട്ടെന്നു ഇണങ്ങുമെന്നും ഉടമ പറയുന്നു. ഒന്നര കിലോ അരി, ഓരോ കിലോ പരുത്തിക്കുരു, ഓക്കെ, പിണ്ണാക്ക് പുളിയരി, ഗോതമ്പ് എന്നിവ കഞ്ഞിയാക്കി രാവിലെയും ഉച്ചയ്ക്കും വെള്ളം കൊടുക്കും.  ഇപ്പോൾ 3 വയസ്സും 2 മാസവുമായി. ആദ്യം വിളിപ്പേര് കുട്ടന്‍ എന്നായിരുന്നു. പിന്നീട് അപ്പുക്കുട്ടനായി. പ്രദർശന വേദികളിലെ താരമായപ്പോൾ കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ ഫാ. സുനിൽ പെരുമാനൂർ ആണ് ആദ്യമായി അപ്പുക്കുട്ടനെ നീണ്ടൂരിന്റെ യുവരാജ് എന്നു വിളിച്ചത്.  ഇപ്പോൾ കോട്ടയം ജില്ലയുടെ ‘യുവരാജാവായി’ വിലസുകയാണ് നീണ്ടൂർ അപ്പുക്കുട്ടൻ!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com