കൊടും വളവ്, ജീർണിച്ച കെട്ടിടം; പാണ്ടിയാമാവ് വളവ് അപകടക്കെണി
Mail This Article
മേലുകാവ് ∙ കാഞ്ഞിരപ്പള്ളി കാഞ്ഞിരംകവല റോഡിൽ മേലുകാവ് പാണ്ടിയാമാവ് വളവിൽ അപകടങ്ങൾ പതിവാകുന്നു. കഴിഞ്ഞ ദിവസം നിയന്ത്രണം നഷ്ടപ്പെട്ട ലോറി കാറിലും ബൈക്കിലും ഇടിച്ച് ഓടയിൽ ഇറങ്ങിയാണു നിന്നത്. ഓടയിലിറങ്ങി നിന്നതിനാൽ വലിയ ദുരന്തം ഒഴിവായി. ആഴ്ചയിലൊരിക്കൽ എന്നപോലെയാണ് ഇവിടെ അപകടങ്ങൾ ഉണ്ടാകുന്നത്. ഇതര സംസ്ഥാന വാഹനങ്ങളും ചരക്കു ലോറികളുമാണ് അപകടത്തിൽപെടുന്നതിലേറെയും. ഇറക്കം ഇറങ്ങി വരുമ്പോൾ, പ്രതീക്ഷിക്കാത്ത കൊടുംവളവാണ് അപകടങ്ങൾക്കു കാരണം.
പ്രശ്നം പരിഹരിക്കാതെ അധികൃതർ
വളവുകൾക്കിടയിലെ ഇടുങ്ങിയ പ്രദേശത്തുള്ള ജീർണിച്ച കെട്ടിടം ഡ്രൈവർമാരുടെ കാഴ്ച മറയ്ക്കുന്നതും അപകടത്തിനു കാരണമാകുന്നുണ്ട്. ലോഡുമായെത്തിയ ലോറി സംരക്ഷണഭിത്തിക്കു താഴേക്ക് മറിഞ്ഞ സംഭവവും ഉണ്ടായിട്ടുണ്ട്. പരാതികളെത്തുടർന്ന് ഉദ്യോഗസ്ഥർ സ്ഥല പരിശോധന നടത്തിയതിനെ തുടർന്ന് സ്പീഡ് ബ്രേക്ക് സ്ഥാപിച്ചതല്ലാതെ മറ്റു പരിഹാരമൊന്നുമായില്ല. തുടർച്ചയായ അപകടങ്ങൾ ഉണ്ടാകുന്ന പാണ്ടിയാമാവ് വളവിൽ ശാസ്ത്രീയമായ പഠനങ്ങൾ നടത്തി നിർമാണം നടത്തിയാൽ മാത്രമേ അപകടങ്ങൾ ഒഴിവാക്കാൻ സാധിക്കുകയുള്ളൂ.
5വർഷം മുൻപ് നിർമാണം പൂർത്തിയാക്കിയ റോഡിന്റെ ഉദ്ഘാടനത്തിനു മുൻപു തന്നെ റോഡ് നിർമാണത്തെക്കുറിച്ച് ആക്ഷേപങ്ങളും പരാതികളും ഉയർന്നിരുന്നു. കാഞ്ഞിരംകവല പാണ്ടിയാമാവ് വളവ്, കളത്തുക്കടവ് വലിയമംഗലം ജംക്‌ഷൻ, തിടനാട് പഞ്ചായത്ത് ജംക്‌ഷൻ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ അപകടങ്ങൾ ഉണ്ടാകുന്നത്. മൂന്നിടത്തും റോഡിന്റെ അശാസ്ത്രീയത സംബന്ധിച്ച പരാതികൾ ഉണ്ടായ സ്ഥലങ്ങളാണ്.
നിർമാണത്തിൽ അപാകതകൾ ഉണ്ടെന്ന പരാതിയുമായി മേലുകാവ് പഞ്ചായത്ത് ഉദ്ഘാടനത്തിനു മുൻപ് രംഗത്തെത്തിയിരുന്നു. പണികളിലെ പോരായ്മകൾ ചൂണ്ടിക്കാട്ടി പഞ്ചായത്ത് കമ്മിറ്റി പ്രമേയം പാസാക്കി നിർമാണ ഏജൻസിക്ക് കൈമാറിയിരുന്നു. അതൊന്നും പരിഹരിക്കുവാൻ റോഡ് നിർമാണ ഏജൻസിയും അധികൃതരും തയാറാകാത്തതാണ് ഇപ്പോഴുണ്ടാകുന്ന അപകടങ്ങൾക്കു കാരണമാകുന്നത്.
മേലുകാവ് മുതൽ തോണിക്കല്ല് വരെ ഒട്ടേറെ അപകടങ്ങളാണ് ഉണ്ടാകുന്നത്. ഇറക്കവും വളവും കൂടുതലുള്ള പാണ്ടിയാമാവ് വളവിൽ 2 വരി റോഡാക്കിയാൽ അപകടങ്ങൾക്കു കുറവു വരുത്താൻ സാധിക്കും. കൂടാതെ വളവിൽ കാഴ്ച മറയ്ക്കുന്ന കെട്ടിടങ്ങൾ ഒഴിവാക്കുകയും ചെയ്യണം. മണ്ഡലകാലം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കുമ്പോൾ കൂടുതൽ മുന്നറിയിപ്പു ബോർഡുകളെങ്കിലും സ്ഥാപിക്കാൻ അധികൃതർ തയാറാകണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.