ADVERTISEMENT

കോട്ടയം ∙ വിദേശികളും സ്വദേശികളുമായ 250ൽ അധികം ശ്വാനന്മാർ കണ്ടുമുട്ടിയപ്പോൾ നെഹ്റു സ്റ്റേ‍‍‍ഡിയം അദ്ഭുതക്കാഴ്ചകളുടെ വേദിയായി. വാതിലുകൾ മറച്ച കാറികൾക്കുള്ളിൽ ശീതികരണസംവിധാനത്തിൽ വിശ്രമിക്കുന്ന ശ്വാനന്മാരിൽ പലരും മത്സരസമയം എത്തിയപ്പോൾ പുറത്തിറങ്ങി അഴകും കരുത്തും കാണിച്ച്കാണികളെ പാട്ടിലാക്കി. കെന്നൽ ക്ലബ് ഒരുക്കിയ ശ്വാനപ്രദർശന മത്സരം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജർമൻ ഷെപ്പേഡ്, ബുൾ ഡോഗ്, അക്കിത, ചവാവാ ഉൾപ്പെടെ നാൽപതിലധികം ഇനങ്ങളിലുള്ള 250ൽ അധികം നായകൾ മത്സരത്തിൽ പങ്കെടുത്തു.

മേളയിലെ പ്രധാന താര   ഇനങ്ങൾ ഇവർ;  പീക്കിങ്ങീസ്
ലിറ്റിൽ ലയൺ (ചെറിയ സിംഹം) എന്നാണ് ചൈനീസ് വംശജരായ ഇവർ അറിയപ്പെടുന്നത്. വലുപ്പം കുറവെങ്കിലും സിംഹത്തിന്റെ ശൗര്യത്തോടു കിടപിടിക്കുന്ന സ്വഭാവം. ദേഹമാസകലം നീളമുള്ള രോമത്തോടു കൂടിയ ഇവരെ ചൈനീസ് കൊട്ടാരങ്ങളിൽ വളർത്തിയിരുന്നു. വില: 30,000-70,000 രൂപ വരെ

ശ്വാനപ്രദർശന മത്സരത്തിൽ പങ്കെടുപ്പിക്കാനായി 
എത്തിച്ച ‘ഷി ട്സൂ’ എന്ന ഇനത്തിൽപെട്ട 
നായയെ പരിശീലകൻ ഒരുക്കുന്നു.
ശ്വാനപ്രദർശന മത്സരത്തിൽ പങ്കെടുപ്പിക്കാനായി എത്തിച്ച ‘ഷി ട്സൂ’ എന്ന ഇനത്തിൽപെട്ട നായയെ പരിശീലകൻ ഒരുക്കുന്നു.

റിട്രീവറുകൾ
നായാട്ടിന് ഉപയോഗിക്കുന്ന റിട്രീവറുകൾക്കു മറ്റൊരു പേരു കൂടിയുണ്ട് - ഫ്ലഷിങ് ഡോഗ്. യുകെയിൽ താറാവുകളെയും മറ്റു പക്ഷികളെയും പിടിക്കുവാനാണ് ഇവയെ പ്രധാനമായും ഉപയോഗിച്ചിരുന്നത്. ചതുപ്പിൽ ഒളിഞ്ഞിരിക്കുന്ന പക്ഷികളെ സമർഥമായി പുറത്തു ചാടിക്കുന്നതിനാൽ ഫ്ലഷിങ് ഡോഗ് എന്നു പേരു ലഭിച്ചു. ഉടമ വെടിവച്ചു നിലത്തിടുന്ന പക്ഷിയെ ചതുപ്പിനുള്ളിൽനിന്ന് എടുത്തുകൊണ്ടുവരാനും ഇവയ്ക്കു പ്രത്യേക കഴിവുണ്ട്. ഇംഗ്ലിഷ് കോക്കർ സ്‌പാനിയേൽ, ഗോൾഡൻ റിട്രീവർ, ലാബ്രഡോർ റിട്രീവർ, അമേരിക്കൻ കോക്കർ സ്പാനിയേൽ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. വില: 15,000 മുതൽ 3 ലക്ഷം വരെ

ചൗവ് ചൗവ്
രോമബോൾ പോലെ ശരീരമുള്ള ഇക്കൂട്ടർ വടക്കൻ ചൈനയിൽ നിന്നാണ് ഉദ്ഭവിച്ചത്. കഴുത്തിനു ചുറ്റുമുള്ള കട്ടിയുള്ള രോമങ്ങൾ ജടയോടു സാമ്യം തോന്നിപ്പിക്കും. കാലാവസ്ഥയ്ക്ക് അനുസരിച്ചു രോമങ്ങൾ പൊഴിയുന്നതിനാൽ കൃത്യമായ പരിചരണം ആവശ്യമാണ്. വില: 35,000 മുതൽ ഒരു ലക്ഷം വരെ.

അക്കിത
തന്റെ യജമാനൻ തിരികെ വരുവാൻ 9 വർഷം റെയിൽവേ സ്റ്റേഷനിൽ കാത്തിരുന്നു പ്രശസ്തനായ ഹച്ചികോ എന്ന നായയുടെ ഇനം. അക്കിതയെ വിശ്വസ്തതയുടെ പര്യായമെന്നു വിശേഷിപ്പിക്കാം. ജപ്പാൻ സ്വദേശിയായ അക്കിതയെ രണ്ടാം ലോക മഹായുദ്ധ കാലത്തു യുദ്ധത്തിൽ ഉപയോഗിച്ചിരുന്നു. ജപ്പാനിൽനിന്നു പട്ടാളക്കാർ വഴിയായി യുഎസിൽ എത്തിയവ അമേരിക്കൻ അക്കിത എന്നറിയപ്പെടുന്നു.

അമേരിക്കൻ സ്റ്റഫർഡ്ഷർ ടെറിയർ
ഗാർഡ് ഡോഗായ ഈ ഇനം പട്ടികൾ ചുറുചുറുക്കും സൗമ്യ സ്വഭാവമുള്ളവരുമാണ്. രോമം കുറഞ്ഞ ഇവർക്കു തൊലി അലർജികൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.  വില: 35,000 മുതൽ

മിനിയേച്ചർ ഷ്നോസർ
താടിയും മീശയും വളർത്തിയ പോലുള്ള ചതുരമുഖം. ജർമനിക്കാരായ ഇവർ എലികളെ പിടിക്കുന്നതിൽ മിടുക്കരാണ്. ചെറുതെങ്കിലും ചുറുചുറുക്കുള്ള സ്വഭാവത്തോടു കൂടിയ ഇവർ വളർത്തുനായകളിൽ പ്രശസ്തർ. വില : 25,000 മുതൽ

ഫിലാ ബ്രസീലിയേറോ
വലിയ ശരീരത്തോടുകൂടിയ ഇവർ പ്രധാനമായും ഗാർഡ് ഡോഗുകളാണ്. വിശ്വസ്തരായ ഇവർക്കു നല്ല പരിശീലനത്തിന്റെ ആവശ്യമുണ്ട്. പേരു പോലെ ബ്രസീലാണു സ്വദേശം. രക്ഷപ്പെടുന്ന അടിമകളെ തിരികെ യജമാനനു പിടിച്ചു നൽകാൻ പതിനെട്ടാം നൂറ്റാണ്ടിൽ ഇവരെ ഉപയോഗിച്ചിരുന്നു . വില: 50,000 മുതൽ ഒരു ലക്ഷം വരെ

കെയ്ൻ കോർസോ
ഇറ്റലിക്കാരായ ഇവരെ യുദ്ധത്തിനായി പണ്ടുകാലങ്ങളിൽ ഉപയോഗിച്ചിരുന്നു. മറ്റ് മാസ്റ്റിഫ് നായകളെ പോലെ ഇവരുടെ ചർമം തൂങ്ങാറില്ല. അനുകമ്പയുള്ള ഇവർ വിശ്വസ്തരാണ്. വില: 80,000 മുതൽ ഒരു ലക്ഷം വരെ

വെൽഷ് കോർഗി പെംബ്രോക്ക്
യുകെ സ്വദേശികളായ ഇവ എലിസബത്ത് രാജ്ഞിയുടെ ഇഷ്ടമൃഗങ്ങളായിരുന്നു. ചെറിയ ദേഷ്യക്കാരായ ഇവരെ കൃഷിയിടങ്ങളിൽ സംരക്ഷണത്തിന് ഉപയോഗിച്ചിരുന്നു. വില: 75,000 മുതൽ ഒരു ലക്ഷം വരെ.

ബിഷോൻ ഫിസെ
വെളുത്ത ചെറിയ ഇനമായ ഇവർ ആളുകളുമായി പെട്ടെന്ന് അടുക്കം. ചുരുണ്ട രോമങ്ങൾ ഉള്ളതിനാൽ വളരെയധികം പരിചരണം ആവശ്യമാണ്. വില: 2 ലക്ഷം മുതൽ

മിൻപിൻ അഥവാ  മിനിയേച്ചർ പിൻസ്ചെർ
വളരെ ചെറുതെങ്കിലും ഉത്സാഹം കൂടിയ ഇവർ ജർമൻ സ്വദേശികളാണ്. ഫ്ലാറ്റുകളിലും മറ്റും വളർത്തുവാൻ ഉത്തമമായാണ് ഇവയെ കാണുന്നത്. വില: 10,000 മുതൽ 12,000 വരെ.

ഇന്ത്യൻ ഇനങ്ങൾ
സൗമ്യമായ പെരുമാറ്റവും വിശ്വസ്തതയും ശൗര്യവും ഒത്തുചേർന്ന ഇന്ത്യൻ ഇനങ്ങൾ പ്രധാനമായും കൃഷിയിടങ്ങളുടെ സംരക്ഷകരാണ്. പൊതുവേ രോമം കുറവായിരിക്കും. കാരവാൻ ഹൗണ്ട്, ചിപ്പിപ്പാരൈ, കോംബൈ, രാജപാളയം, കണ്ണി തുടങ്ങിയവ ദക്ഷിണ ഇന്ത്യയിലെ പ്രധാന ഇനങ്ങളാണ്. വില: 10,000 മുതൽ 25,000 വരെ .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com