ഗവർണറുടെ എക്സലൻസ് അവാർഡ് വനിതാ സിപിഒ എം.എ ആര്യയ്ക്ക്
Mail This Article
വൈക്കം ∙ ശിശുഭവനിൽ എൽപ്പിക്കാനായി നൽകിയ നാലു മാസം പ്രായമുള്ള കുഞ്ഞ് വിശന്നു തളർന്നപ്പോൾ സ്വന്തം കുഞ്ഞിനെന്നോണം മുലയൂട്ടിയ വനിതാ സിപിഒ എം.എ ആര്യയ്ക്ക് ബംഗാൾ ഗവർണറുടെ ആദരം. മിഷൻ കംപാഷൻ എന്ന പേരിൽ ഗവർണർ നൽകുന്ന എക്സലൻസ് അവാർഡ് ആര്യയ്ക്കു ലഭിക്കും. ഇരുപതിനായിരം രൂപയും ശിൽപവും പ്രശംസാ പത്രവും അടങ്ങുന്നതാണ് അവാർഡ്.
പട്ന സ്വദേശികളുടെ കുട്ടിക്കു മുലപ്പാൽ നൽകിയ കൊച്ചി സിറ്റി വനിത പൊലീസ് സ്റ്റേഷനിലെ സിപിഒ വൈക്കം ചെമ്മനാകരി മൂന്ന് പറയിൽ പ്രദീപിന്റെ ഭാര്യ ആര്യയെ ഗവർണർ സി.വി ആനന്ദബോസ് നേരിട്ട് ഫോണിൽ വിളിച്ച് അഭിനന്ദിക്കുകയും ചെയ്തു.
ഏറ്റവും നല്ല മാനുഷീക പ്രവൃത്തി ചെയ്തതിലൂടെ സമൂഹത്തിൽ നന്മയുടെ നല്ല സന്ദേശം കൂടിയാണ് ആര്യ നൽകിയതെന്ന് ഗവർണർ പ്രശംസിച്ചു. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് ഗവർണർ വിളിച്ചതെന്നും അദ്ദേഹത്തിന്റെ അഭിനന്ദനം കേട്ടപ്പോൾ വലിയ സന്തോഷം തോന്നിയെന്നും ആര്യ പറഞ്ഞു.
കഴിഞ്ഞദിവസം മനോരമയിലൂടെ വാർത്ത അറിഞ്ഞപ്പോൾത്തന്നെ അംഗീകാരം നൽകാൻ നിശ്ചിയിക്കുകയായിരുന്നെന്നും അവാർഡ് വീട്ടിലെത്തിച്ചു നൽകുമെന്നും ഗവർണറുടെ ഓഫിസ് അറിയിച്ചു. സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആര്യയ്ക്ക് അഭിനന്ദനങ്ങളുടെ പ്രവാഹമാണ്.
ഹൃദ്രോഗിയായ അതിഥി തൊഴിലാളിയാണ് കുട്ടിയുടെ മാതാവ്. ഇവർക്ക് രോഗം മൂർഛിച്ച് എറണാകുളം ജനറൽ ആശുപത്രിയിൽ ഐസിയുവിൽ പ്രവേശിപ്പിച്ചതോടെ ആശുപത്രി അധികൃതരുടെ നിർദേശപ്രകാരമാണ് കുഞ്ഞിനെ ശിശുഭവനിൽ ഏൽപിക്കാനായി പൊലീസിന് കൈമാറിയത്.