കടകളുടെ പൂട്ട് തകർക്കാൻ ശ്രമം; പിന്നിൽ മുഖം മറച്ച് എത്തിയ സ്ത്രീ
Mail This Article
മണിമല ∙ മുഖം മറച്ച് എത്തിയ സ്ത്രീ ബസ് സ്റ്റാൻഡിലെ കടകളുടെ പൂട്ട് ചുറ്റിക കൊണ്ട് തല്ലി തുറക്കാൻ ശ്രമം. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. 30 - 35 വയസ്സ് പ്രായം തോന്നിക്കുന്ന സ്ത്രീ ഒറ്റയ്ക്കാണു എത്തിയത്. സിസിടിവിയിലേക്കു പലതവണ നോക്കുകയും മൊബൈൽ ലൈറ്റ് തെളിക്കുകയും ചെയ്യുന്നുണ്ട്. പൂട്ട് തുറക്കാതെ വന്നതോടെ ശ്രമം ഉപേക്ഷിച്ച് പോയി. ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസുകളുടെ മറവിലാണ് മോഷണ ശ്രമം.
വ്യാപാരികൾ പൊലീസിൽ പരാതി നൽകി.ബസ് സ്റ്റാൻഡിലെ അനധികൃത പാർക്കിങ്, സാമൂഹിക വിരുദ്ധശല്യം എന്നിവയ്ക്കെതിരെ നടപടി വേണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണിമല യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. വഴി വിളക്കുകൾ ഒട്ടു മിക്കതും കത്തുന്നില്ല. രാത്രി പൊലീസ് പട്രോളിങ് ശക്തമാക്കണമെന്നും ആവശ്യപ്പെട്ട് മണിമല പൊലീസിലും വെള്ളാവൂർ പഞ്ചായത്തിലും മുൻപ് നിവേദനം നൽകിയിട്ടുണ്ടെന്ന് മർച്ചന്റ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു.