ADVERTISEMENT

കോട്ടയം ∙ റോഡ് പണിയുടെ പണം കൊടുത്തില്ല; കോട്ടയം നഗരത്തിലെ കണ്ണായ സ്ഥലത്തെ 5 സെന്റ് സർക്കാർ ഭൂമി കരാറുകാർ ലേലത്തിൽ സ്വന്തമാക്കി. കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപത്തെ പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ ഓഫിസിന്റെ (പിഡബ്ല്യുഡി) 5 സെന്റ് സ്ഥലമാണ് തെള്ളകം പുരയിടത്തിൽ പി.ടി.തോമസും മകൻ ടിറ്റോ തോമസും ലേലത്തിൽ പിടിച്ചത്. 

മൂന്നു കോടി രൂപയാണ് സർക്കാരിൽ നിന്ന് ഇവർക്കു കിട്ടാനുള്ളത്. പിഡബ്ല്യുഡിയുടെ ഒരേക്കർ സ്ഥലവും കെട്ടിടങ്ങളും ജപ്തി ചെയ്ത് അതിൽ നിന്ന് മുപ്പത് സെന്റ് ലേലം ചെയ്തു പണം കൊടുക്കാൻ കോട്ടയം പ്രിൻസിപ്പൽ സബ് കോടതി വിധിച്ചിരുന്നു. ഘട്ടം ഘട്ടമായി പണം നൽകാൻ സാവകാശം വേണമെന്ന് സർക്കാർ ആവശ്യപ്പെട്ടു. ആ കാലാവധി കഴിഞ്ഞിട്ടും പണം കിട്ടാതെ വന്നതോടെ കരാറുകാർ വീണ്ടും കോടതിയെ സമീപിച്ചു.

ആകെ 26 കേസുകളാണ് സർക്കാരിനെതിരെയുള്ളത്. ഇതിൽ 11 കേസുകളിലായി കിട്ടാനുള്ള 60 ലക്ഷം രൂപ ഉടൻ അനുവദിക്കണമെന്ന കരാറുകാരുടെ ആവശ്യം അഡീഷനൽ സബ് ജഡ്ജി ഡി.എ. മനീഷ് അംഗീകരിച്ചു. 30 സെന്റിൽ അഞ്ചു സെന്റ് ലേലം ചെയ്യാൻ കോടതി അനുവദിച്ചു. കോടതി നിശ്ചയിച്ച 42 ലക്ഷം രൂപ കെട്ടിവച്ച് കരാറുകാർ ലേലം പിടിച്ചു. കരാറുകാർക്കു വേണ്ടി ആർ.വിക്രമൻ നായർ, രാജീവ് പി.നായർ, ഡെന്നി ജോസ് മാത്യു എന്നിവർ കോടതിയിൽ ഹാജരായി. സ്ഥലം മുഴുവൻ ജപ്തിയിലാണെങ്കിലും പിഡബ്ല്യുഡി ഓഫിസുകളുടെ പ്രവർത്തനം തടസ്സപ്പെട്ടിട്ടില്ല. ഇതേ ഓഫിസിലെ ജീപ്പ് കലുങ്കു പണിയുടെ കുടിശികയുടെ പേരിൽ മറ്റൊരു കരാറുകാരൻ കഴിഞ്ഞ ജൂലൈയിൽ ലേലത്തിൽ വാങ്ങിയിരുന്നു.

English Summary:

Kottayam Land Auction: Government's Delay in Payment Leads to Seizure of PWD Land

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com