അജ്ഞാത ജീവിയുടെ ആക്രമണം: 266 ബ്രോയ്‌ലർ കോഴികൾ ചത്തു; സംഭവം കോട്ടയം ളാക്കാട്ടൂരിൽ

Mail This Article
ളാക്കാട്ടൂർ ∙ കണ്ണംകുന്ന് ഭാഗത്ത് അജ്ഞാതജീവിയുടെ ആക്രമണത്തിൽ 266 ബ്രോയ്‌ലർ കോഴികൾ ചത്തു. അറയ്ക്കമറ്റത്തിൽ ഐപ്പ് മാണിയുടെ കോഴി ഫാമിൽ ഇന്നലെ പുലർച്ചെയാണ് അജ്ഞാത ജീവി ആക്രമണം നടത്തിയത്. മൂന്നാഴ്ചയോളം പ്രായം വരുന്ന 900 ഗ്രാം തൂക്കം വരുന്ന കോഴിക്കുഞ്ഞുങ്ങളാണ് ചത്തത്.കോഴിഫാമിന്റെ വശം മറച്ചിരുന്ന പ്ലാസ്റ്റിക് നെറ്റ് കടിച്ചുകീറിയാണ് ജീവി കോഴി വളർത്തൽ കേന്ദ്രത്തിൽ കയറിയത്. കോഴികളുടെ കഴുത്തിൽ കടിയേറ്റ പാടുണ്ട്. ഫാമിലെ മൺതറയിൽ ജീവിയുടേതെന്ന് കരുതുന്ന കാൽപാടുകൾ പതിഞ്ഞിട്ടുണ്ട്.
കാട്ടുപൂച്ചയുടേതിനെക്കാൾ വലിയ കാൽപാടുകളാണെന്ന് ഐപ്പ് മാണി പറഞ്ഞു. ക്രിസ്മസിന് വിൽക്കാനായി വളർത്തിയ കോഴികളാണ് ആക്രമണത്തിൽ ചത്തത്. 50,000 രൂപയുടെ നഷ്ടം കണക്കാക്കുന്നതായി കർഷകൻ പറഞ്ഞു. ഫാമിന് ഒന്നര കിലോമീറ്റർ മാറി പുതുക്കുളത്ത് ഒരു മാസം മുൻപ് റബർ വെട്ടാൻ പോയ ആൾ അജ്ഞാത ജീവിയെ കണ്ടിരുന്നു. സിസിടിവി ദൃശ്യങ്ങളിലും ജീവിയുടെ ചിത്രം പതിഞ്ഞിരുന്നു. മേഖലയിൽ ഒട്ടേറെ സ്ഥലങ്ങൾ കാടുപിടിച്ചു കിടക്കുകയാണ്.