കണ്ണങ്കര – ചീപ്പുങ്കൽ – മണിയാപറമ്പ് ബോട്ട് സർവീസ് പുനരാരംഭിച്ചു
Mail This Article
കുമരകം ∙ ജലഗതാഗത വകുപ്പിന്റെ ബോട്ട് വള്ളത്തിൽ ഇടിച്ചു വിദ്യാർഥിനി മരിച്ച സംഭവത്തെത്തുടർന്നു നിർത്തിയ കണ്ണങ്കര – ചീപ്പുങ്കൽ – മണിയാപറമ്പ് ബോട്ട് സർവീസ് ഇന്നലെ മുതൽ പുനരാരംഭിച്ചു. കഴിഞ്ഞ മാസം 30നാണ് അപകടമുണ്ടായത്. ഒരു മാസത്തിനു ശേഷമാണു സർവീസ് പുനരാരംഭിക്കുന്നത്. കരീമഠം, വാദ്യമേക്കരി, കൂരിച്ചാൽ, കോലടിച്ചിറ പ്രദേശത്തുകാർ ഇത്രയും നാൾ ബോട്ട് ഇല്ലാത്തതുമൂലം യാത്രാക്ലേശത്തിലായിരുന്നു. അപകടത്തിനിടയാക്കിയ എസ് 49–ാം നമ്പർ ബോട്ട് തന്നെയാണു വീണ്ടും സർവീസ് നടത്തുന്നത്.
അപകടത്തെത്തുടർന്നു ബോട്ട് ആലപ്പുഴ ഡോക്കിൽ കയറ്റി അറ്റകുറ്റപ്പണികൾ തീർത്ത് പെയിന്റിങ്ങും നടത്തിയാണു സർവീസ് തുടങ്ങിയിരിക്കുന്നത്. ഇന്നലെ വൈകിട്ട് 4 മുതലാണു സർവീസ് ആരംഭിച്ചത്. പണി തീർത്ത് മുഹമ്മയിൽ എത്തിച്ച ബോട്ട് സ്റ്റേഷൻ മാസ്റ്റർ ഷാനവാസ് ഖാന്റെ നിർദേശത്തെ തുടർന്നു ചീപ്പുങ്കലിൽ എത്തിച്ചു. അവിടെ നിന്നു മണിയാപറമ്പിലേക്കു സർവീസ് തുടങ്ങി. സർവീസ് സംബന്ധിച്ചു യാത്രക്കാർക്കു പരാതി ഉണ്ടെങ്കിൽ ബന്ധപ്പെട്ടവരെ അറിയിക്കണമെന്ന് ജലഗതാഗത വകുപ്പ് അറിയിച്ചു.