ADVERTISEMENT

വൈക്കം ∙ വൈക്കത്തഷ്ടമിയുടെ വിശേഷാൽ ചടങ്ങുകൾക്കായി കാലാക്കൽ കാവുടയോന്റെ ഉടവാൾ നാളെ  9.30ന് ഏറ്റുവാങ്ങും. ആചാരപ്രകാരം വിശേഷാൽ പൂജകൾക്ക് ശേഷം ഏറ്റുവാങ്ങുന്ന ഉടവാൾ ആർഭാടത്തിൽ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കും . മഹാദേവ ക്ഷേത്രത്തിലെ എഴുന്നളളിപ്പ് ക്ഷേത്രം വിട്ട് പുറത്തു പോകുന്ന അവസരത്തിൽ കാലാക്കൽ കാവുടയോന്റെ ഉടവാളുമായി ഒരാൾ അകമ്പടി സേവിക്കുക പതിവാണ്. ഉത്സവത്തിന്റെ എട്ട് ഒൻപത് ഉത്സവ ദിവസങ്ങളിൽ നടക്കുന്ന തെക്കുംചേരിമേൽ, വടക്കുംചേരിമേൽ എഴുന്നള്ളിപ്പിനും, ആറാട്ടിനും ക്ഷേത്രമതിൽക്കെട്ടിനുള്ളിൽ നിന്നും പുറത്തേക്ക് എഴുന്നള്ളിപ്പു പോകുന്ന ആചാരമുണ്ട്.

വൈക്കത്തഷ്ടമി ഉത്സവത്തിന്റെ അഞ്ചാം ദിനത്തിൽ ഉദയനാപുരം ക്ഷേത്രത്തിലെ ആറാട്ട് എഴുന്നള്ളിപ്പിനോട് അനുബന്ധിച്ച് നടന്ന കൂടിപ്പൂജ വിളക്കിന് ശേഷം ഉദയനാപുരത്തപ്പനും വൈക്കത്തപ്പനും 
ഉപചാരം ചൊല്ലി പിരിയുന്നു
വൈക്കത്തഷ്ടമി ഉത്സവത്തിന്റെ അഞ്ചാം ദിനത്തിൽ ഉദയനാപുരം ക്ഷേത്രത്തിലെ ആറാട്ട് എഴുന്നള്ളിപ്പിനോട് അനുബന്ധിച്ച് നടന്ന കൂടിപ്പൂജ വിളക്കിന് ശേഷം ഉദയനാപുരത്തപ്പനും വൈക്കത്തപ്പനും ഉപചാരം ചൊല്ലി പിരിയുന്നു

തേരോഴി രാമക്കുറുപ്പിന്റെ മേളം ഇന്ന് 
വൈക്കം ∙ വൈക്കത്തഷ്ടമിയുടെ ഏഴാം ഉത്സവ ദിനമായ ഇന്ന് രാവിലെ 11ന് കീഴൂർ മധുസൂദനക്കുറുപ്പിന്റെ നേതൃത്വത്തിൽ പഞ്ചവാദ്യം, കലാചാര്യ തേരോഴി രാമക്കുറുപ്പിന്റെ പ്രമാണിത്വത്തിൽ 100ൽ അധികം വാദ്യകലാകാരൻമാർ അണിനിരക്കുന്ന പഞ്ചാരി മേളം എന്നിവ ഉണ്ടാകും.

ദേവസ്വം പ്രാതൽ ഇന്ന്  തുടങ്ങും
വൈക്കം ∙ വൈക്കത്തഷ്ടമിയുടെ 7–ാം ഉത്സവദിനമായ ഇന്ന്  ദേവസ്വം പ്രാതൽ തുടങ്ങും. മുൻ വർഷത്തേ അപേക്ഷിച്ചു കൂടുതൽ അരിയുടെ പ്രാതൽ ഒരുക്കുമെന്ന് ഡപ്യൂട്ടി കമ്മിഷണർ ജി.മുരാരി ബാബു അറിയിച്ചു. അഷ്ടമി നാളിൽ 121 പറ അരിയുടെ പ്രാതൽ ഉണ്ടാവും. അഷ്ടമി ദിവസം ക്ഷേത്രത്തിലെത്തുന്ന മുഴുവൻ ഭക്തർക്കും പ്രാതൽ കൊടുക്കാനാണ് ശ്രമം. 70വയസ്സ് പൂർത്തിയായവർക്ക് പ്രാതലിൽ പങ്കെടുക്കുവാൻ പ്രത്യേക സൗകര്യം ഒരുക്കും.

വൈക്കത്തഷ്ടമി ഇന്ന് ഏഴാം ഉത്സവം 
വൈക്കം ∙ പുലർച്ചെ 5മുതൽ പാരായണം, 6.40ന് ഗുരുവായൂർ കൃഷ്ണ സ്പിരിച്വൽ അവതരിപ്പിക്കുന്ന ഭജൻസ്, 8ന് ശ്രീബലി, വൈക്കം ഷാജി, വൈക്കം സുമോദ് എന്നിവരുടെ നാഗസ്വരം, എസ്.പി.ഹരികുമാർ, എസ്.പി.ശ്രീകുമാർ എന്നിവരുടെ തകിൽ, 11ന് കീഴൂർ മധുസൂദന കുറുപ്പിന്റെ പഞ്ചവാദ്യം, തേരോഴി രാമ കുറുപ്പിന്റെ പ്രമാണിത്വത്തിൽ 100ൽ അധികം വാദ്യ കലാകാരൻമാർ പങ്കെടുക്കുന്ന പഞ്ചാരിമേളം, 11ന് അനുഗ്രഹ ലക്ഷ്മണൻ, 11.30ന് അഭിരാമി അനിൽ കുമാർ, 12ന് അശ്വതി പ്രസാദ്, 12.30ന് ഇന്ദിര സത്യൻ എന്നിവരുടെ സംഗീത സദസ്സ്, 1.30 ന് വൈക്കം മുത്താരമ്മൻ വിൽപാട്ട് സംഘത്തിന്റെ വിൽപാട്ട്, 2.30ന് കുടപ്പുല്ല് എൻഎസ്എസ് വനിത സമാജം, 3ന് പള്ളിപ്രത്തുശേരി പാർവതി തിരുവാതിര സംഘം, 3.30ന് മിഠായിക്കുന്നം എൻഎസ്എസ് വനിത സമാജം എന്നിവരുടെ തിരുവാതിര, 4ന് സുരേഷ് കലാഭവന്റെ ലയ തരംഗം. 5ന് കാഴ്ചശ്രീബലി, വൈക്കം ശിവ പാർവതി തിരുവാതിര സമിതിയുടെ തിരുവാതിര, 6ന് പൂത്താലം വരവ്, വൈക്കം കേരള നൃത്ത കലാലയം അവതരിപ്പിക്കുന്ന നൃത്ത നൃത്യങ്ങൾ, 7ന് കോട്ടയം ശ്രീരാഗ് മ്യൂസിക്കിന്റെ ഭക്തി ഗാനസുധ, 8ന് ഗംഗ ശശിധരൻ, തൃപ്പൂണിത്തുറ ശ്രീകാന്ത്, തൃപ്പൂണിത്തുറ ശ്രീകുമാർ, രോഹിത് പ്രസാദ്, തൃപ്പൂണിത്തുറ ഹരികൃഷ്ണൻ എന്നിവർ അവതരിപ്പിക്കുന്ന ജുഗൽബന്ദി. 9ന് കൊച്ചിൻ കൈരളി കമ്യൂണിക്കേഷന്റെ ഭക്തി ഗാനമേള 11ന് ഋഷഭവാഹന എഴുന്നള്ളിപ്പ്.

കഥകളി തട്ട് ഉണരുന്നു
വൈക്കം ∙  മഹാദേവ ക്ഷേത്രത്തിലെ കഥകളി തട്ട് ഉണരുന്നു. വൈക്കത്തഷ്ടമി എട്ടാം ഉത്സവ ദിനമായ നാളെ  രാത്രി 10ന് കളിയരങ്ങിൽ വൈക്കം കലാശക്തി സ്കൂൾ ഓഫ് ആർട്സ് അവതരിപ്പിക്കുന്ന കഥകളി അരങ്ങേറും. 9ന് വിളക്ക് വയ്പ്. ഉത്തര സ്വയംവരം, ദക്ഷയാഗം എന്നീ കഥകളാണ് അരങ്ങത്ത് എത്തുന്നത്. കലാമണ്ഡലം ശ്രീകുമാർ– ദുര്യോധനൻ, പള്ളിപ്പുറം ജയ ശങ്കർ– ഭാനുമതി, ആർഎൽവി അനുരാജ് ദൂതൻ, ആർഎൽവി ശങ്കരൻ കുട്ടി– കർണൻ .വിരാടൻ, കലാമണ്ഡലം ഹരികൃഷ്ണൻ– ഭീഷ്മർ, കലാമണ്ഡലം ഹരി ആർ.നായർ– തൃഗർത്തൻ, കലാമണ്ഡലം ഗിരീഷ് വലലൻ ആയും രംഗത്ത് വരും.

ദക്ഷയാഗം കഥയിൽ കലാമണ്ഡലം വിപിൻ ശങ്കർ, മയ്യനാട് രാജീവൻ നമ്പൂതിരി, കലാമണ്ഡലം ഭാഗ്യനാഥ്, കലാശക്തി മനോമയ് എം.കമ്മത്ത്, ഫാക്ട് ബിജു ഭാസ്കർ, തുടങ്ങിയവരാണ് വേഷമിടുന്നത്. കഥകളി സംഗീതത്തിന്റെ അവസാന രംഗം ആസ്വദിച്ച് കൊണ്ടാണ്  വൈക്കത്തപ്പൻ വടക്കുംചേരിമേൽ -തെക്കുംചേരിമേൽ എഴുന്നള്ളിപ്പിന്  പുറപ്പെടുക എന്നും വിശ്വാസം. ഒൻപതാം ഉത്സവദിനമായ  2ന് രാത്രി 10ന് നടക്കുന്ന കഥകളിയിൽ ബകവധം, സുഭദ്രഹരണം, കിരാതം എന്നീ മൂന്ന് കഥകൾ അരങ്ങത്ത് നടക്കും.

വിളക്കിത്തല നായർ സമാജത്തിന്റെ നേതൃത്വത്തിൽ വൈക്കം മഹാദേവ ക്ഷേത്രത്തിലെ ആറാം ഉത്സവ ദിവസം നടത്തിയ താലപ്പൊലി ശ്രീധർമ ശാസ്താ ക്ഷേത്രത്തിൽ നിന്നും ആരംഭിച്ചപ്പോൾ.
വിളക്കിത്തല നായർ സമാജത്തിന്റെ നേതൃത്വത്തിൽ വൈക്കം മഹാദേവ ക്ഷേത്രത്തിലെ ആറാം ഉത്സവ ദിവസം നടത്തിയ താലപ്പൊലി ശ്രീധർമ ശാസ്താ ക്ഷേത്രത്തിൽ നിന്നും ആരംഭിച്ചപ്പോൾ.

∙ വിളക്കിത്തല നായർ സമുദായം 
വൈക്കം ∙ വിളക്കിത്തല നായർ സമാജത്തിന്റെയും താലൂക്ക് യൂണിയന്റെയും നേതൃത്വത്തിൽ ആറാം ഉത്സവ ദിവസം ക്ഷേത്രത്തിലേക്ക് താലപ്പൊലി നടത്തി. വടക്കേ കവലയിലെ ശ്രീധർമ ശാസ്താ ക്ഷേത്രത്തിൽ പൂജകൾ നടത്തിയ ശേഷം താലപ്പൊലി പുറപ്പെട്ടു. താലൂക്ക് പ്രസിഡന്റ് വി.കെ.പരമേശ്വരൻ, സെക്രട്ടറി എൻ.ഗോപിനാഥൻ, വൈസ് പ്രസിഡന്റ് പി.വി.അനൂപ്, ട്രഷറർ കെ.എസ്.ശശിധരൻ, വനിതാ ഫെഡറേഷൻ പ്രസിഡന്റ് മിനി വിജയൻ, സെക്രട്ടറി സിന്ധു ഡിസിൽ, സംസ്ഥാന നേതാക്കളായ പി.കെ.രാധാകൃഷ്ണൻ, കെ.ജി.സജീവ്, കെ.നാണപ്പൻ, ആർ.ബാബു, എസ്.ശ്യാം കുമാർ എന്നിവർ നേതൃത്വം നൽകി.  

കേരള വേലൻ മഹാജന സഭ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ വൈക്കം മഹാദേവ ക്ഷേത്രത്തിലേക്കു നടത്തിയ താലപ്പൊലി തെക്കേനട കാളിയമ്മനട ക്ഷേത്രത്തിൽ നിന്നും പുറപ്പെടുന്നു.
കേരള വേലൻ മഹാജന സഭ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ വൈക്കം മഹാദേവ ക്ഷേത്രത്തിലേക്കു നടത്തിയ താലപ്പൊലി തെക്കേനട കാളിയമ്മനട ക്ഷേത്രത്തിൽ നിന്നും പുറപ്പെടുന്നു.

∙ കേരള വേലൻ മഹാജന സഭ  
വൈക്കം ∙ അഷ്ടമി ആറാം ഉത്സവദിവസം കേരള വേലൻ മഹാജന സഭ വനിതാ വിഭാഗത്തിന്റെയും, കേരള വേലൻ മഹാജന സഭയുടെയും  നേതൃത്വത്തിൽ താലപ്പൊലി നടത്തി. തെക്കേനട കാളിയമ്മനട ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച താലപ്പൊലിക്കു മഹിളാ മഹാജന സഭ സംസ്ഥാന ട്രഷറർ കെ.കെ.സുലോചന, താലൂക്ക് പ്രസിഡന്റ് കെ.കെ.ഉഷ, രാധാ ദിവാകരൻ, മഹാജനസഭ സംസ്ഥാന ജനറൽ സെക്രട്ടറി കെ.ഇ.മണിയൻ, എം.കെ.രവി, വി.മനോഹരൻ, ബി.മുരളി എന്നിവർ നേതൃത്വം നൽകി.

തമിഴ് വിശ്വബ്രഹ്മ സമാജത്തിന്റെ നേതൃത്വത്തിൽ വൈക്കം മഹാദേവ ക്ഷേത്രത്തിലേക്കുള്ള താലപ്പൊലി കവരപ്പാടി നടയിലെ സമുദായ ആസ്ഥാനത്തുനിന്നും ആരംഭിച്ചപ്പോൾ .
തമിഴ് വിശ്വബ്രഹ്മ സമാജത്തിന്റെ നേതൃത്വത്തിൽ വൈക്കം മഹാദേവ ക്ഷേത്രത്തിലേക്കുള്ള താലപ്പൊലി കവരപ്പാടി നടയിലെ സമുദായ ആസ്ഥാനത്തുനിന്നും ആരംഭിച്ചപ്പോൾ .

∙ തമിഴ് വിശ്വബ്രഹ്മ സമാജം 
വൈക്കം ∙ വൈക്കത്തഷ്ടമി ആറാം ഉത്സവ ദിവസം തമിഴ് വിശ്വബ്രഹ്മ സമാജത്തിന്റെ നേതൃത്വത്തിൽ ക്ഷേത്രത്തിലേക്ക് താലപ്പൊലി നടത്തി. കവരപ്പാടി നടയിൽ സമുദായ ആസ്ഥാനത്ത് പൂജകൾക്ക് ശേഷം താലപ്പൊലി ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു. സമാജം പ്രസിഡന്റ് എൻ.സുന്ദരൻ ആചാരി, സെക്രട്ടറി പി.ടി.മോഹനൻ, ട്രഷറർ ഗിരീഷ് കുമാർ, വനിതാ സമാജം പ്രസിഡന്റ് മഞ്ജു രാജേഷ്, യമുന ബാബു, പുഷ്പ ലക്ഷ്മണൻ, ശോഭന രാജൻ എന്നിവർ നേതൃത്വം നൽകി. വൈക്കം, കുലശേഖരമംഗലം, ബ്രഹ്മമംഗലം, മിഠായിക്കുന്നം എന്നീ കരയോഗങ്ങളിലെ വനിതകളും പൂത്താലത്തിൽ പങ്കെടുത്തു.

വടക്കുംചേരിമേൽ എഴുന്നള്ളിപ്പ്
വൈക്കം ∙ വൈക്കത്തഷ്ടമിയുടെ എട്ടാം ഉത്സവ ദിവസമായ നാളെ നടക്കേണ്ട വിളക്കിനെഴുന്നള്ളിപ്പാണ് വടക്കുംചേരിമേൽ എഴുന്നള്ളിപ്പ്.  2ന് പുലർച്ചെ 5നാണ് വടക്കുംചേരിമേൽ എഴുന്നളളിപ്പ് നടത്തുന്നത്. കളിയരങ്ങിൽ നടക്കുന്ന കഥകളിയുടെ സംഗീതം ആസ്വദിച്ചു കൊണ്ടാണ് സംഗീത പ്രിയനായ വൈക്കത്തപ്പൻ ക്ഷേത്ര ഗോപുരം വിട്ടു പുറത്തേക്ക് എഴുന്നള്ളുന്നത്. എഴുന്നള്ളത്തിന് മൂന്നു ഗജവീരൻമാർ ഉണ്ടാവും. എഴുന്നള്ളിപ്പ് ക്ഷേത്രം വിട്ട് പുറത്തു പോകുമ്പോൾ കാലാക്കൽ വല്യച്ചന്റെ ഉടവാളുമായി ഒരാൾ അകമ്പടി സേവിക്കണം എന്ന ആചാരവും ഉണ്ട്. ഉദയനാപുരം ക്ഷേത്രം കടന്ന് ചെമ്പ് ദേശം വരെ എഴുന്നള്ളിപ്പ് എത്തി ശംഖ് കമഴ്ത്തി പിടിച്ച് ഊതിയ ശേഷം തിരിച്ച് എഴുന്നള്ളും. കൂട്ടുമ്മേൽ ക്ഷേത്രത്തിൽ ഇറക്കി പൂജയും നിവേദ്യവും നടത്തും.

വൈക്കത്തപ്പൻ ഭക്തർക്ക് ദർശനം നൽകുന്നത് മൂന്ന് ഭാവങ്ങളിൽ
വൈക്കം ∙ പേരു കൊണ്ടും പെരുമ കൊണ്ടും പ്രശസ്തമായ വൈക്കം മഹാദേവ ക്ഷേത്രത്തിൽ ദർശനത്തിനും ഏറെ മഹിമയുണ്ട്. വൈക്കത്തപ്പൻ ഭക്തർക്ക് ദർശനം നൽകുന്നത് മൂന്ന് ഭാവങ്ങളിലാണെന്നാണ് വിശ്വാസം. പ്രഭാതത്തിലും മധ്യാഹ്നത്തിലും സായം കാലത്തും വ്യത്യസ്തമായ ഭാവങ്ങളിലാണുള്ളത്. പന്തീരടി പൂജ വരെ ദക്ഷിണാമൂർത്തിയായും തുടർന്നു കിരാതമൂർത്തിയായും വൈകിട്ട് പാർവതീദേവിയോടുകൂടി സകുടുംബം വിരാജിക്കുന്ന മംഗള രൂപത്തിലും സങ്കൽപ്പിച്ചാണ് ഭക്തർ വൈക്കത്തപ്പനെ ഭജിക്കുന്നത്. അഭീഷ്ടദായിനിയായ ദേവിയെ മടിയിൽ ഇടതു ഭാഗത്ത് കുടിയിരുത്തി ഉണ്ണി ഗണപതിയേയും സുബ്രഹ്മണ്യനെയും ഇരു പാർശ്വങ്ങളിലായി ചേർത്തിരുത്തി ലാളിക്കുന്ന ഗൃഹസ്ഥാശ്രമിയായ വൈക്കത്തപ്പനെ സകല ദേവൻമാരാലും യക്ഷ കിന്നര ഗന്ധർവ ദൈത്യാദികളാലും ഋഷിമാരാലും ആരാധിക്കപ്പെടുന്നവനായി ഈ സന്ദർഭത്തിൽ സങ്കൽപിച്ച് ദർശനം നടത്തുന്നത് അതീവ ശ്രേയസ്കരമായി കരുതുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com