ഉച്ചഭക്ഷണം കഴിക്കുന്നതിനിടെ കണക്‌ഷൻ വിഛേദിച്ച് കുട്ടികളുടെ വെള്ളംകുടി മുട്ടിച്ചു
Mail This Article
കാഞ്ഞിരപ്പള്ളി ∙ അങ്കണവാടിയിൽ കുട്ടികൾ ഉച്ചഭക്ഷണം കഴിക്കുന്നതിനിടെ വാട്ടർ അതോറിറ്റി വെള്ളത്തിന്റെ കണക്‌ഷൻ കട്ട് ചെയ്തു. ഭക്ഷണം കഴിഞ്ഞു കുട്ടികൾ കയ്യും പാത്രവും കഴുകാൻ അടുത്ത വീട്ടിൽ നിന്നു വെള്ളം കൊണ്ടു വന്നു. കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ 18–ാം വാർഡിലെ 31–ാം നമ്പർ കരിമ്പുകയം അങ്കണവാടിയിലാണു സംഭവം. പൊൻകുന്നത്തെ വാട്ടർ അതോറിറ്റി ഓഫിസിനു കീഴിലാണ് ഈ ഭാഗം. 11 കുട്ടികൾ പഠിക്കുന്ന അങ്കണവാടിയാണിത്. ഇന്നലെ ഉച്ചയ്ക്കു 12.45നാണ് കണക്‌ഷൻ കട്ട് ചെയ്തത്. വാട്ടർ ചാർജ് കുടിശികയായ 7148 രൂപ അടയ്ക്കാത്തതിനാലാണു നടപടി.
അധ്യാപികയും ഹെൽപറും സാവകാശം ചോദിച്ചെങ്കിലും ഉദ്യോഗസ്ഥർ സമ്മതിച്ചില്ലെന്നു അങ്കണവാടി ജീവനക്കാർ പറയുന്നു. ഇവിടെ മുൻപ് ഉണ്ടായിരുന്ന കിണർ പ്രളയത്തിൽ മണ്ണു വീണു മൂടിപ്പോയി. കുട്ടികളുടെ പ്രാഥമിക ആവശ്യങ്ങൾക്കും ഭക്ഷണം പാചകം ചെയ്യാനും ഉൾപ്പെടെ സമീപത്തെ വീട്ടിൽനിന്നു വെള്ളം കൊണ്ടു വരേണ്ട അവസ്ഥയാണ്. ഒരു വർഷത്തോളമായി അങ്കണവാടിയിലെ ബിൽ തുക കുടിശികയാണ്. തുക അടയ്ക്കുന്ന കാര്യത്തിൽ പഞ്ചായത്തും ഐസിഡിഎസ് വിഭാഗവും പരസ്പരം പഴി ചാരി ഒഴിയുന്നു. കണക്‌ഷൻ നൽകിയ നാൾ മുതൽ ബിൽ അടച്ചിട്ടില്ലെന്നും ഏറെ കുടിശികയുള്ള കണക്‌ഷനുകൾ വിഛേദിക്കണമെന്ന വാട്ടർ അതോറിറ്റിയുടെ നിയമ പ്രകാരമാണ് നടപടിയെടുത്തതെന്നും വാട്ടർ അതോറിറ്റി അധികൃതർ അറിയിച്ചു. പല തവണ മുന്നറിയിപ്പു നൽകിയിരുന്നെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.