കയ്യേറ്റം ഒഴിപ്പിച്ച റോഡിൽ ഓട നിർമിച്ചു
Mail This Article
ഉഴവൂർ ∙ കയ്യേറ്റം ഒഴിപ്പിച്ച റോഡിൽ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് ഓടയും നിർമിച്ച് പൊതുമരാമത്ത് വകുപ്പ്. കിടങ്ങൂർ – മംഗലത്താഴം കെ.ആർ.നാരായണൻ റോഡിൽ ഉഴവൂർ മാങ്കനാൽ ഭാഗത്താണ് നിർമാണ ജോലികൾ അന്തിമഘട്ടത്തിൽ എത്തിനിൽക്കുന്നത്. ഏകദേശം 40 മീറ്റർ നീളത്തിലാണ് ഓട നിർമാണം. ഇവിടെ റോഡിന്റെ വശങ്ങൾ കയ്യേറി മണ്ണിട്ടുയർത്തിയ അവസ്ഥയിലായിരുന്നു. ഇതോടെ ചെറിയ മഴ പെയ്താൽ പോലും ഇവിടെ വെള്ളക്കെട്ട് പതിവായി. ഈ ഭാഗത്തു റോഡിനു വീതി കുറവായതിനാൽ വാഹനാപകടങ്ങളും വർധിച്ചു. നിയന്ത്രണം വിട്ടു തോട്ടിലേക്കു വാഹനങ്ങൾ മറിഞ്ഞാണ് അപകടം ഉണ്ടായിരുന്നത്.
പഞ്ചായത്ത് പ്രസിഡന്റ് കെ.എം.തങ്കച്ചന്റെ നേതൃത്വത്തിൽ പൊതുമരാമത്ത് വകുപ്പിനു വിവരം നൽകിയതിനെ തുടർന്ന് റോഡിന്റെ വശങ്ങൾ അളന്നു കയ്യേറ്റം കണ്ടെത്തുകയായിരുന്നു. തുടർനടപടിയായിട്ടാണ് ഓട നിർമിച്ചത്. ഈ ഭാഗത്തു പഞ്ചായത്തിന്റെ നേതൃത്വത്തിൽ തോട് പുറമ്പോക്കിലെ കയ്യേറ്റം ഒഴിപ്പിച്ചു ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. ഓട നിർമിച്ചെങ്കിലും മാങ്ങാന പാലത്തിനു സമീപം അപകടക്കെണി മാറിയിട്ടില്ല. ഇവിടെ ആഴ്ചയിൽ രണ്ടും മൂന്നും വാഹനങ്ങൾ തോട്ടിലേക്കു മറിയുന്നത് പതിവാണ്.