മാലിന്യം നഗരപരിസരത്തേക്ക് വേസ്റ്റ് ഹൗസായി റെസ്റ്റ് ഹൗസ്

Mail This Article
കോട്ടയം ∙ കോടിമതയിൽ നിന്ന് മാലിന്യം നഗരത്തിന്റെ തൊട്ടടുത്തേക്ക് എത്തി. വിവിധ വാർഡുകളിൽ നിന്ന് ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങളാണ് പഴയ ബോട്ട്ജെട്ടിക്ക് സമീപമുള്ള പഴയ റെസ്റ്റ് ഹൗസ് പരിസരത്ത് തള്ളിയിരിക്കുന്നത്. മാർക്കറ്റിന്റെ സമീപ പ്രദേശത്തുള്ള വാർഡുകളിൽ നിന്ന് ശേഖരിച്ച മാലിന്യങ്ങളാണിവ. മുൻപ് നഗരസഭാ പരിസരങ്ങളിൽ നിന്നു ശേഖരിക്കുന്ന മാലിന്യങ്ങൾ കോടിമതയിലായിരുന്നു തള്ളിയിരുന്നത്. എന്നാൽ ഇവിടെ മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിനെതിരെ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി കേസെടുക്കുകയും വിശദീകരണം തേടുകയും ചെയ്തു.
ഇതെത്തുടർന്നു നഗരസഭ കോടിമതയിൽ നിന്ന് മാലിന്യങ്ങൾ പൂർണമായി നീക്കുകയും ഫലപ്രദമായ മാലിന്യസംസ്കരണം നടപ്പാക്കുമെന്ന് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയെ അറിയിക്കുകയും ചെയ്തു. ഇതോടെ നഗരസഭയ്ക്ക് മാലിന്യം ശേഖരിക്കുന്നതിന് മറ്റൊരു സ്ഥലം കണ്ടെത്തേണ്ടി വന്നു. നഗരത്തിന് വിളിപ്പാടകലെ റെസ്റ്റ് ഹൗസിന്റെ വളപ്പിലാണ് ഇപ്പോൾ മാലിന്യം തള്ളുന്നത്. കൃഷി ഓഫിസുകളും മറ്റുമാണ് ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്നത്. നിത്യവും ഒട്ടേറെപ്പേർ ഇവിടെയുള്ള ഓഫിസുകളിൽ എത്താറുണ്ട്. അവർക്കെല്ലാം ഏറെ ബുദ്ധിമുട്ടാണ് ഇപ്പോഴത്തെ മാലിന്യം തള്ളൽ.