ADVERTISEMENT

വൈക്കം ∙ അഷ്ടമി വിളക്കിന്റെ നിറകാഴ്ചയിലേക്ക് ക്ഷേത്രനഗരം. വ്യാഘ്രപാദ മഹർഷിക്ക് ശ്രീപരമേശ്വരൻ പാർവതീസമേതനായി ദിവ്യദർശനം നൽകിയ വൈക്കത്തഷ്ടമി നാളെ. വൈക്കത്തപ്പന്റെ സവിധത്തിൽ‍ കാർത്തിക നാളിലെ കൃഷ്ണാഷ്ടമി ഭക്തിയുടെ പൂർണതയാണ്. അഷ്ടമിക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. അഷ്ടമിദർശനത്തിനു പടിഞ്ഞാറേനട ഒഴികെ 3 നടകളിലും കൂടി അകത്തേക്കും പുറത്തേക്കും പ്രവേശിക്കാം. പടിഞ്ഞാറേ ഗോപുരം വഴി പുറത്തേക്ക് ഇറങ്ങണമെന്നാണ് നിർദേശം. വാദ്യഘോഷങ്ങളോ ആർഭാടമോ ഇല്ലാതെയാണ് വൈക്കത്തപ്പൻ നാളെ രാത്രി കിഴക്കേ ആനക്കൊട്ടിലിലേക്ക് എഴുന്നള്ളുന്നത്. ഉദയനാപുരത്തപ്പനു വരവേൽപു നൽകുന്നത് അഷ്ടമി വിളക്ക് എഴുന്നള്ളിപ്പിലാണ്.

അലങ്കാരപ്പന്തലുകൾ ദീപങ്ങളാൽ അലങ്കരിക്കും. നിറപറയും നിലവിളക്കുകളും വരവേൽപിനു പ്രൗഢിയേകും. ദേശദേവതമാരുടെ സംഗമമെന്ന പ്രത്യേകതയും എഴുന്നള്ളത്തിനുണ്ട്. ഉദയനാപുരത്തപ്പൻ ഉൾപ്പെടെയുള്ള ദേവീദേവന്മാർ നാലമ്പലത്തിന്റെ വടക്കുപുറത്തു സംഗമിച്ചാണ് വൈക്കത്തപ്പന്റെ സന്നിധിയിലേക്ക് എഴുന്നള്ളുന്നത്. ഇന്നും നാളെയും ചടങ്ങുകൾക്കു ശ്രീലങ്കയിൽ നിന്നുള്ള യാഴ്പാണം പി.എസ്.ബാലമുരുകൻ, പി.എസ്. സാരംഗ് എന്നിവരുടെ നാഗസ്വരവും മേട്ടുപ്പാളയം എം.എസ്. രവികുമാർ, ഈക്യാർപാളയം ഇ.എം.ഗണപതി എന്നിവരുടെ തകിലും മേളത്തിനു പ്രൗഢിയേകും. ഇന്നു രാവിലെ 8നു ശ്രീബലി, 2നു ഉത്സവബലി ദർശനം, 5നു കാഴ്ച ശ്രീബലി, 12നു വിളക്ക്.

ശക്തമായ സുരക്ഷയൊരുക്കി പൊലീസ് 
കോട്ടയം ∙ വൈക്കത്തഷ്ടമിയോടനുബന്ധിച്ചു ശക്തമായ സുരക്ഷയൊരുക്കിയതായി ജില്ലാ പൊലീസ്. ഇതിനായി വൈക്കം എഎസ്പിയുടെ കീഴിൽ 500 പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്നു ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് അറിയിച്ചു. അഷ്ടമി ദർശനം, പള്ളിവേട്ട, ആറാട്ട് എന്നീ ആഘോഷങ്ങൾക്കു മുന്നോടിയായാണ് പൊലീസിന്റെ മുൻകരുതൽ.

പൊലീസ് കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യം തടയുന്നതിനും സ്ത്രീകളുടെ സുരക്ഷയ്ക്കുമായി പ്രത്യേകം വനിതാ പൊലീസ് ഉദ്യോഗസ്ഥരെയും മോഷണം, പിടിച്ചുപറി, മറ്റു സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ എന്നിവ തടയുന്നതിനായി മഫ്തി പൊലീസിനെയും നിയോഗിച്ചിട്ടുണ്ട്. കൂടാതെ ആളുകൾ കൂടുതലായി തങ്ങുന്ന ബീച്ചിലും പരിസരപ്രദേശങ്ങളിലും പൊലീസിന്റെ പ്രത്യേക പട്രോളിങ്ങും ഏർപ്പെടുത്തിയിട്ടുണ്ട്.

വൈക്കത്തും പരിസരങ്ങളിലുമായി 40 സിസിടിവി ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നതിനാൽ ഗതാഗത ക്രമീകരണങ്ങൾക്കും മറ്റു കുറ്റകൃത്യങ്ങൾ തടയുന്നതിനുമായി പ്രയോജനപ്പെടും. ഇതോടനുബന്ധിച്ച് ബൈക്ക് പട്രോളിങ്ങും കൺട്രോൾ റൂം വാഹന പട്രോളിങ്ങും പ്രത്യേകം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതു കൂടാതെ അമ്പലവും പരിസരവും നിരീക്ഷിക്കുന്നതിന് മാത്രമായി പ്രത്യേക സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.

ഗതാഗത ക്രമീകരണം
വൈക്കം ടൗണിലും ക്ഷേത്രത്തിന്റെ പരിസര പ്രദേശങ്ങളിലും പൊലീസ് പ്രത്യേക ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയിരിക്കുകയാണ്. പ്രത്യേകം പാർക്കിങ് ഗ്രൗണ്ടുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.
∙ വൈക്കം–എറണാകുളം റൂട്ടിൽ വൈപ്പിൻപടി മുതൽ വലിയ കവലവരെയും വൈക്കം–കോട്ടയം റൂട്ടിൽ ചാലപ്പറമ്പ് മുതൽ വലിയ കവലവരെയും റോഡിന്റെ ഇരുവശങ്ങളിലും പാർക്കിങ് നിരോധിച്ചു. 
∙ കോട്ടയം, എറണാകുളം ഭാഗങ്ങളിൽ നിന്ന് വൈക്കത്തേക്ക് എത്തുന്ന കെഎസ്ആർടിസി, സ്വകാര്യ ബസുകൾ വലിയ കവല, കൊച്ചുകവല വഴി സ്റ്റാൻഡുകളിലെത്തി അതേവഴി തന്നെ തിരികെ പോകണം. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com