ADVERTISEMENT

മുണ്ടക്കയം ∙ ‘നാം ഒന്ന്, നമുക്ക് ഒന്ന്’ എന്നൊക്കെ പറയാറുണ്ട്. പക്ഷേ, ആധാർ കാർഡിന്റെ കാര്യത്തിലാണ് ഇതെങ്കിലോ? കുഴഞ്ഞതു തന്നെ. ഒരേ ആധാർ കാർഡുമായി ജീവിക്കുന്ന ദമ്പതികളാണു വണ്ടൻപതാൽ തയ്യിൽ വീട്ടിൽ സോമനും വത്സമ്മയും. ആധാർ കാർഡ് കിട്ടിയ അന്നു തുടങ്ങിയതാണ് ഇവരുടെ പ്രശ്നം. 

വണ്ടൻപതാൽ സ്കൂളിൽ നടന്ന  ക്യാംപിലാണു കാർഡിനുള്ള വിവരങ്ങൾ നൽകിയത്. തപാലിൽ ആധാർ കാർഡ് വന്നപ്പോൾ ഞെട്ടി. സോമന്റെ ആധാർ കാർഡിൽ ഫോട്ടോ മാത്രം സോമന്റേത്. ബാക്കി വിവരങ്ങൾ എല്ലാം ഭാര്യ വത്സമ്മയുടേത്. രണ്ട് കാർഡിനും ഒരേ ആധാർ നമ്പർ തന്നെ. ഇതു തിരുത്താൻ ശ്രമിച്ചില്ലേ എന്നു ചോദിച്ചാൽ സോമൻ വലിയ ഒരു ഫയൽ കാണിക്കും അതു നിറയെ അപേക്ഷകളും ആധാർ കാർഡുകളുമാണ്. തിരുത്തലിനായി അക്ഷയ സെന്റർ മുതൽ സർക്കാർ ഓഫിസുകൾ വരെ കയറി ഇറങ്ങി.

പുതിയ വിവരങ്ങൾ ചേർത്തു കാർഡ് തിരുത്തിക്കഴിഞ്ഞാലും കിട്ടുമ്പോൾ പേര് വത്സമ്മയുടേതു തന്നെ. റേഷൻ കാർഡിൽ പേരുണ്ട്. പക്ഷേ, ആധാർ ലിങ്ക് ചെയ്യാൻ കഴിയാത്തതിനാൽ സോമന്റെ വിഹിതമായ റേഷനരി കിട്ടില്ല. ഭാര്യയുടെ വിഹിതം നാലുകിലോ അരി കൃത്യമായി കിട്ടുന്നുണ്ട്. മക്കൾക്കു പാസ്പോർട്ട് എടുക്കാൻ പറ്റുന്നില്ല. ക്ഷേമ പദ്ധതികൾക്ക് ഒന്നും അപേക്ഷിക്കാൻ കഴിയില്ല. ഈ പ്രശ്നത്തിനു പരിഹാരം തേടി കലക്ടറെ നേരിൽകാണാൻ ശ്രമിക്കുകയാണു സോമൻ.

ആധാർ കാർഡ് നിലവിൽ വന്ന സമയത്തു ക്യാംപുകളിൽ ഉണ്ടായ പിശകാണ് കാരണം. ആധാർ കാർഡ് തിരുത്തൽ സംബന്ധിച്ചു പ്രവർത്തിക്കുന്ന പ്രധാന ഓഫിസായ എറണാകുളം ആധാർ സേവാകേന്ദ്രത്തെ സമീപിച്ചാൽ പരിഹാരം സാധ്യമാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com