ഏറ്റുമാനൂർ– എറണാകുളം പാതയോരം കാട് മൂടി; അധികൃതർക്ക് അനക്കമില്ല
Mail This Article
കാണക്കാരി∙ എംസി റോഡ് അരികുകൾ കാടു കയറി കാൽനട യാത്ര പോലും ദുഷ്ക്കരമായിട്ടും ബന്ധപ്പെട്ടവർ തിരിഞ്ഞു നോക്കുന്നില്ലെന്ന് ആക്ഷേപം. ഏറ്റുമാനൂർ എറണാകുളം റൂട്ടിൽ പട്ടിത്താനം പവർ സ്റ്റേഷനു സമീപം റോഡ് അരികുകളിലാണ് കാട് വളർന്ന് പന്തലിച്ചു നിൽക്കുന്നത്. റോഡിലെ മാർക്കിങ്ങിലേക്ക് കാട് വളർന്നിട്ടും വെട്ടി മാറ്റാനോ, കള നാശിനി അടിക്കാനോ അധികൃതർ തയാറായിട്ടില്ല. വളവോടു കൂടിയ ഈ ഭാഗം കാടും വള്ളിയും ഉയർന്നു നിൽക്കുന്നതിനാൽ എതിരെ വരുന്ന വാഹനങ്ങൾ കാണാൻ കഴിയാത്ത സ്ഥിതിയാണ്.
ഫുട്പാത്തുകൾ കാടു മൂടിയതോടെ യാത്രക്കാർക്ക് റോഡിന്റെ നടുവിലൂടെ നടക്കേണ്ട അവസ്ഥയാണ്. ഉഗ്രവിഷമുള്ള ഇഴജന്തുക്കളുടെ ശല്യവും ഈ ഭാഗത്ത് രൂക്ഷമാണ്. നഴ്സറി കുട്ടികൾ ഉൾപ്പെടെയുള്ള ഒട്ടേറെ വിദ്യാർഥികളും ഈ വഴിയെ ആശ്രയിച്ചാണ് സ്കൂളുകളിൽ എത്തുന്നത്. മണ്ഡല കാലമായതോടെ കാൽ നടയായി ശബരിമലയ്ക്ക് പോകുന്ന നൂറ് കണക്കിനു അയ്യപ്പന്മാരും ഈ വഴിയാണ് ആശ്രയിക്കുന്നത്. റോഡിലൂടെ ചീറിപ്പാഞ്ഞു വരുന്ന വാഹനങ്ങളിൽ നിന്നും രക്ഷപ്പെടാൻ കാൽനട യാത്രക്കാർ കാട്ടിലേക്ക് കയറേണ്ട സ്ഥിതിയിലാണ്.രാത്രി കാലങ്ങളിലാണ് ഇഴ ജന്തു ശല്യം രൂക്ഷമാകുന്നത്. പുലർച്ചെ പത്ര വിതരണത്തിനെത്തുന്ന ഏജന്റുമാരിൽ പലരും ഈ ഭാഗത്ത് ഇഴജന്തുക്കളെ കണ്ടതായി പറയുന്നു.
കാണക്കാരി പഞ്ചായത്ത് പരിധിയിൽ ഉൾപ്പെടുന്ന പ്രദേശമാണ് ഇത്. റോഡ് അരികുകൾ വെട്ടി വൃത്തിയാക്കണമെന്നും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് പലതവണ അധികൃതരെ സമീപിച്ചിട്ടും നടപടി ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. നവകേരള സദസ്സുമായെത്തുന്ന മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാർക്കും ഉന്നത സൗകര്യമൊരുക്കാൻ നെട്ടോട്ടമോടുന്ന അധികൃതർ സാധാരണക്കാരുടെ പ്രശ്നങ്ങൾ കാണുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.