ADVERTISEMENT

വൈക്കം ∙ ആചാരപ്പെരുമയോടെ വൈക്കത്തഷ്ടമിയുടെ സമാപനച്ചടങ്ങായ ആറാട്ട് നടന്നു. തന്ത്രിമുഖ്യന്മാരായ കിഴക്കിനേടത്ത് മേക്കാട് മാധവൻ നമ്പൂതിരി, ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി എന്നിവരുടെ കാർമികത്വത്തിൽ അനുജ്ഞാപൂജ ചെയ്ത് ആറാട്ട് ബലി തൂകിയ ശേഷം കൊടിക്കൂറയിൽ നിന്നു വൈക്കത്തപ്പന്റെ ചൈതന്യം തങ്കവിഗ്രഹത്തിലേക്ക് ആവാഹിച്ചു.വിശേഷാൽ പൂജകൾക്കു ശേഷം വൈക്കത്തപ്പനെ ആനപ്പുറത്ത് എഴുന്നള്ളിച്ചു. 

ഗജവീരൻ വേമ്പനാട് അർജുനൻ തിടമ്പേറ്റി. തിരുനക്കര ശിവൻ, ആദിനാട് സുധീഷ് എന്നീ ആനകൾ അകമ്പടിയായി. എഴുന്നള്ളിപ്പ് ഒരു പ്രദക്ഷിണത്തിനു ശേഷം കൊടിമര ചുവട്ടിൽ എത്തി പാർവതിദേവിയോട് യാത്ര ചോദിച്ച ശേഷമാണ് വൈക്കത്തപ്പൻ ആറാട്ടിനായി ഗോപുരം ഇറങ്ങിയത്. ഉദയനാപുരം ക്ഷേത്രത്തിന്റെ തെക്കേ ഗോപുരനടയിൽ എത്തിയ വൈക്കത്തപ്പനെ പുത്രനായ ഉദയനാപുരത്തപ്പൻ എഴുന്നള്ളി അരിയും പൂവും തൂകി എതിരേറ്റു. ഗജവീരൻ പന്മന ശരവണൻ ഉദയനാപുരത്തപ്പന്റെ തിടമ്പേറ്റി. 

വൈക്കം മഹാദേവക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തോട് അനുബന്ധിച്ച് ഉദയനാപുരത്തപ്പന്റെ ഉപചാരം ചൊല്ലി പിരിയൽ ചടങ്ങ് ദർശിക്കാൻ എത്തിയ
 ഭക്തജനങ്ങളുടെ ത്തിരക്ക്.                                                                                    ചിത്രം: മനോരമ
വൈക്കം മഹാദേവക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തോട് അനുബന്ധിച്ച് ഉദയനാപുരത്തപ്പന്റെ ഉപചാരം ചൊല്ലി പിരിയൽ ചടങ്ങ് ദർശിക്കാൻ എത്തിയ ഭക്തജനങ്ങളുടെ ത്തിരക്ക്. ചിത്രം: മനോരമ

വൈക്കത്തപ്പൻ കിഴക്കേ ഗോപുരം ഇറങ്ങി ആറാട്ടിനായി എഴുന്നള്ളി. ഉദയനാപുരം ഇരുമ്പൂഴിക്കരയിലെ ആറാട്ട് കുളത്തിൽ താന്ത്രികവിധി പ്രകാരം വൈക്കത്തപ്പന്റെ ആറാട്ട് നടന്നു. വാദ്യമേളങ്ങളും സായുധസേനയും അകമ്പടിയായിആറാട്ടിനു ശേഷം ഉദയനാപുരം ക്ഷേത്രത്തിൽ കൂടിപ്പൂജയും നടന്നു.  ഉദയനാപുരത്തപ്പന്റെ ശ്രീകോവിലിൽ വൈക്കത്തപ്പൻ, ഉദയനാപുരത്തപ്പൻ എന്നിവരുടെ തങ്കവിഗ്രഹങ്ങൾ ഒരേ പീഠത്തിൽ വച്ചു കൂടിപ്പൂജ നടത്തി. കൂടിപ്പൂജ വിളക്കിനു ശേഷം ഉദയനാപുരത്തപ്പനോടു വിട പറഞ്ഞു വൈക്കത്തപ്പന്റെ എഴുന്നള്ളിപ്പ് വൈക്കം ക്ഷേത്രത്തിലേക്ക് മടങ്ങി.

വൈക്കത്തഷ്ടമി ഉത്സവത്തിനു സമാപനം കുറിച്ച് നടന്ന ആറാട്ട്
വൈക്കത്തഷ്ടമി ഉത്സവത്തിനു സമാപനം കുറിച്ച് നടന്ന ആറാട്ട്

 മുക്കുടി നിവേദ്യം ഇന്ന്
വൈക്കം ∙ വൈക്കത്തഷ്ടമിയുടെ സമാപനത്തിന്റെ ഭാഗമായി വിശിഷ്ട ചടങ്ങായ മുക്കുടി നിവേദ്യം ഇന്ന്. കൊടിയേറി പതിനാലാം ദിവസമാണു മുക്കുടി നിവേദ്യം നടത്തുന്നത്. ഉത്സവ ആഘോഷ ഭാഗമായി 13 ദിവസത്തെ നിത്യനിദാനത്തിന് ഉൾപ്പെടെയുള്ള പൂജ ക്രമങ്ങളിൽ വന്നു പെട്ടേക്കാവുന്ന രോഗാവസ്ഥയുടെ പ്രതിവിധിയായി ഭഗവാനു ചെയ്യുന്ന നിവേദ്യമാണ് മുക്കുടി. അതീവ രഹസ്യങ്ങളായ ചില പച്ചമരുന്നുകൾ പ്രത്യേക അനുപാതത്തിൽ ചേർത്ത് ഉണക്കി പൊടിച്ച് ചൂർണമാക്കി പുത്തൻ മൺകലത്തിൽ തിടപ്പള്ളിയിൽ ശുദ്ധമായ മോരിൽ പാകം ചെയ്താണ് ഈ ഔഷധം നിവേദ്യത്തിനു തയാറാക്കുന്നത്. ആറാട്ട് കഴിഞ്ഞ് പിറ്റേദിവസം ഉച്ചപ്പൂജയുടെ പ്രസന്ന പൂജയ്ക്കാണ് മുക്കുടി നിവേദിക്കുന്നത്. ഭഗവാന് നിവേദിച്ച ശേഷം പ്രസാദമായി ഭക്തർക്ക് നൽകുന്നതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com