ADVERTISEMENT

കുറുപ്പന്തറ ∙ മാഞ്ഞൂർ പഞ്ചായത്തിലെ ആധുനിക രീതിയിലുള്ള മത്സ്യമാർക്കറ്റിൽ മീൻ വാങ്ങാനായി എത്തേണ്ട. മാർക്കറ്റിൽ ഇപ്പോൾ മീൻ വിൽപനയില്ല. മത്സ്യ, മാംസ വിപണന കേന്ദ്രം ഇപ്പോൾ പഞ്ചായത്തിന്റെ മാലിന്യ സംഭരണ കേന്ദ്രമാണ്. ഏതാനും വർഷങ്ങൾക്ക് മുൻപ് ലക്ഷങ്ങൾ ചെലവഴിച്ച നിർമിച്ച മത്സ്യ വിപണന കേന്ദ്രവും കംഫർട്ട് സ്റ്റേഷനും മാർക്കറ്റും കണ്ടാൽ അറയ്ക്കും. മാർക്കറ്റും പരിസരവും ആകെ മാലിന്യങ്ങൾ കെട്ടിക്കിടന്ന് ചീഞ്ഞഴുകുകയാണ്.

രൂക്ഷമായ ദുർഗന്ധം മൂലം പരിസരത്തേക്ക് പോലും അടുക്കാൻ കഴിയില്ല. 2003ൽ നിർമിച്ച കംഫർട്ട് സ്റ്റേഷൻ ശുചിയാക്കാത്തതിനാൽ കയറാൻ അറയ്ക്കും. കാര്യം സാധിക്കാൻ കയറണമെങ്കിൽ മാലിന്യക്കൂന ചാടിക്കടക്കണം. തീർന്നില്ല വാതിൽ ഇല്ലാത്തതിനാൽ കാര്യം സാധിക്കാനും കഴിയില്ല. മാഞ്ഞൂർ പഞ്ചായത്ത് ഓഫിസിന് മീറ്ററുകൾക്ക് ഇപ്പുറമുള്ള മത്സ്യമാർക്കറ്റിലെ സ്ഥിതി ദയനീയമാണ്. മാസങ്ങളായി മാർക്കറ്റിൽ ശുചീകരണ പ്രവർത്തനങ്ങൾ ഒന്നും നടത്താറില്ല.

മാർക്കറ്റിലും പരിസരത്തും പല സ്ഥലത്തും മാലിന്യം കൂടിക്കിടന്ന് ചീഞ്ഞഴുകുകയാണ്. മാസങ്ങളായി മാലിന്യനീക്കം നടക്കുന്നില്ല. ഒരു കാലത്ത് ഏറെ പേരും പെരുമയും ഉണ്ടായിരുന്ന മാഞ്ഞൂർ മാർക്കറ്റാണു അധികൃതരുടെ അനാസ്ഥ മൂലം നശിക്കുന്നത്. മാർക്കറ്റിനുള്ളിൽ കയറണമെങ്കിൽ മൂക്കു പൊത്തേണ്ട സ്ഥിതിയാണെന്ന് വ്യാപാരികളും നാട്ടുകാരും പറയുന്നു. കംഫർട്ട് സ്റ്റേഷന്റെ തകർന്ന വാതിൽ എടുത്തു മാറ്റി ഭിത്തിയിൽ ചാരി വച്ചിരിക്കുകയാണ്.

മാർക്കറ്റിലെത്തുന്നവർ മാർക്കറ്റിലെ ഭിത്തിയിലാണ് മൂത്രം ഒഴിക്കുന്നത്. കംഫർട്ട് സ്റ്റേഷന്റെ വാതിൽ വയ്ക്കാൻ പോലും പഞ്ചായത്ത് തയാറായിട്ടില്ല. മാർക്കറ്റിലെ സ്റ്റാളുകളിൽ മാലിന്യം ചാക്കിൽ കെട്ടി നിറച്ചു വച്ചിരിക്കുകയാണ്. ഏതാനും മാസങ്ങൾക്കു മുൻപ് വരെ നാമമാത്രമായി മത്സ്യ വിപണനകേന്ദ്രം പ്രവർത്തിച്ചിരുന്നു. ഇതും നിലച്ചതോടെയാണ് മാലിന്യം സൂക്ഷിക്കാനുള്ള കേന്ദ്രമായി മാറ്റിയത്.

‘കുറുപ്പന്തറ മാർക്കറ്റ് നശിപ്പിച്ചത് പഞ്ചായത്ത് ഭരണസമിതികൾ’
ഒരു കാലത്ത് പേരും പെരുമയും ഉണ്ടായിരുന്ന കുറുപ്പന്തറ മാർക്കറ്റ് നശിപ്പിച്ചത് മാറി മാറി വന്ന പഞ്ചായത്ത് ഭരണസമിതികളാണെന്നു വ്യാപാരികൾ പറയുന്നു. പഞ്ചായത്തിന് സ്വന്തമായി മാർക്കറ്റും സ്റ്റാളുകളും കെട്ടിടവും ഉണ്ടെന്നിരിക്കെ മുക്കിലും മൂലയിലും മത്സ്യ – മാംസ വ്യാപാരത്തിന് പഞ്ചായത്ത് അധികൃതർ മൗനാനുവാദം നൽകിയതോടെ മാർക്കറ്റ് നശിച്ചു തുടങ്ങി. റോഡരികിൽ മുട്ടിനു മുട്ടിനു മത്സ്യ – മാംസ കടകൾ വന്നതോടെ മാർക്കറ്റിലേക്ക് ആരും വരാതായി.

പല മത്സ്യ – മാംസ വ്യാപാര സ്ഥാപനങ്ങളും പ്രവർത്തിക്കുന്നത് ലൈസൻസ് ഇല്ലാതെയാണ്. മാർക്കറ്റിൽ മത്സ്യ– മാംസ വ്യാപാരത്തിന് മുറികൾ എടുത്തവർക്ക് കച്ചവടം ഇല്ലാതെ കടം പെരുകി കടകൾ നിർത്തി. കോൾഡ് സ്റ്റോറേജിന്റെ ലൈസൻസ് എടുത്താണ് ചില മത്സ്യ– മാംസ കടകൾ പ്രവർത്തിക്കുന്നതെന്നു പരാതിയുണ്ട്. അനുമതിയില്ലാതെ മത്സ്യ. വ്യാപാര സ്ഥാപനങ്ങൾ നടത്തുന്നവർക്കെതിരെ മാറിമാറി വന്ന പഞ്ചായത്ത് ഭരണസമിതികൾ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് വ്യാപാരികൾ പറയുന്നു.ഇതോടെ പഞ്ചായത്ത് മാർക്കറ്റിന്റെ പതനം പൂർത്തിയായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com