ADVERTISEMENT

കോട്ടയം എക്കാലവും കാനം രാജേന്ദ്രനു പ്രിയപ്പെട്ട രാഷ്ട്രീയ കോട്ടയായിരുന്നു. കിടങ്ങൂരുകാരനായ പികെവിക്കു ശേഷം സിപിഐയുടെ തലപ്പത്തേക്ക് എത്തിയ കോട്ടയംകാരൻ. കാനം കൊച്ചുപുരയിടത്തിൽ വി.കെ.പരമേശ്വരൻ നായരുടെയും ടി.കെ.ചെല്ലമ്മയുടെയും മകനായ രാജേന്ദ്രൻ പൊതുപ്രവർത്തകനായപ്പോൾ പേരിനൊപ്പം നാടിന്റെ പേരും ചേർത്തു. ‘1950 കളിൽ ‌ജനിച്ചവരിൽ ഏറെപ്പേർക്കിട്ടിരുന്ന പേരായിരുന്നു രാജേന്ദ്രൻ. ഒട്ടേറെ രാജേന്ദ്രൻമാർ അന്നുണ്ടായിരുന്നു.

1970ൽ എഐവൈഎഫ് പ്രവർത്തന കാലത്തു തന്നെ പേരിനൊപ്പം കാനവും കൂട്ടി’– പേരിനൊപ്പം കാനം ചേർന്നതിനെകുറിച്ച് അദ്ദേഹം പറഞ്ഞതിങ്ങനെ.എന്തായാലും കാനം രാജേന്ദ്രൻ എക്കാലവും സ്വന്തം നാടിന്റെ പെരുമ കാത്തു.  എക്കാലവും ജില്ലക്കാരുടെ മനസ്സിൽ പ്രിയപ്പെട്ട നേതാവായി കാനം രാജേന്ദ്രനുണ്ടാകും. അത്രയും ആഴമേറിയതായിരുന്നു സജീവരാഷ്ട്രീയ പ്രവർത്തനത്തിലൂടെ ജില്ലയിലെ ജനങ്ങളുമായും തൊഴിലാളികളുമായും  ആർജിച്ചെടുത്ത ആത്മബന്ധം.

എഐഎസ്എഫ് പ്രവർത്തകനായി  വിദ്യാർഥിരാഷ്ട്രീയത്തിലൂടെയായിരുന്നു കാനം വളർന്നത്. കോട്ടയത്തു കോളജ് വിദ്യാർഥിയായിരിക്കെ  ഹിന്ദിവിരുദ്ധ സമരത്തിലും ഭക്ഷ്യകമ്മി നികത്തണം എന്നാവശ്യപ്പെടുന്ന സമരത്തിലും സജീവമായി പങ്കെടുത്തിരുന്നു.   ബസേലിയസ് കോളജിൽ കാനം വിദ്യാർഥിയായിരിക്കുമ്പോൾ  കോട്ടയം ഭാസി എന്ന സിപിഐ നേതാവായിരുന്നു ലോക്കൽ ഗാർഡിയൻ. ഈ ബന്ധം തന്നെ സിപിഐയോട് അടുപ്പിച്ചെന്നു പിൽക്കാലത്തു പലവട്ടം കാനം  പറഞ്ഞിരുന്നു.

സിപിഐയുടെ സംസ്ഥാന സെക്രട്ടറിയായി ആദ്യം കാനം തിര‍ഞ്ഞെടുക്കപ്പെട്ടതു സ്വദേശമായ   കോട്ടയത്തു 2015 ൽ നടന്ന സംസ്ഥാന സമ്മേളനത്തിൽ എന്നതും ശ്രദ്ധേയം. വിദ്യാർഥിയും തൊഴിലാളിനേതാവും എംഎൽഎയും സംസ്ഥാന നേതാവുമായിരിക്കുമ്പോഴും ജന്മനാടും പരിസരങ്ങളും കാനത്തിന്റെ മനസ്സിൽ പച്ചപിടിച്ചു നിന്നിരുന്നു. ജില്ലയിലെ വഴികളിലൂടെ സാധാരണക്കാരനായി സഞ്ചരിച്ച നേതാവ്.  ചെറുപ്പത്തിൽ കാനം  പതിവായി കോട്ടയത്തുനിന്നു വീട്ടിലേക്കു പോയിരുന്നത് സെന്റ് തോമസ് ബസിന്റെ അവസാന സർവീസിലാണ്. പതിനാലാം മൈലിൽ ബസിറങ്ങി അവിടത്തെ യുവസദസ്സിൽ അൽപനേരം ചെലവഴിക്കും. അതിനു ശേഷമാണു വീട്ടിലെത്തുക. 

ഇതിനിടെ സാധിക്കുന്നവരോടെല്ലാം കുശലം പറയും. സൗഹൃദം പുതുക്കും. സഹായമാവശ്യമുള്ളവർക്ക് അതു ചെയ്തു നൽകും. വളർന്നു വലിയ നേതാവായപ്പോഴും ഈ രീതിക്ക് മാറ്റമുണ്ടായില്ല. പാർട്ടിക്ക് അതീതമായി ബന്ധങ്ങൾ സൂക്ഷിക്കുന്നതിൽ കാനം രാജേന്ദ്രൻ എപ്പോഴും ശ്രദ്ധിക്കുമെന്നു സുഹൃത്തുക്കൾ  പറഞ്ഞിരുന്നു.  കാനത്തുനിന്ന‌ു വാഴൂരിലെ വിദ്യാലയത്തിലേക്ക് 3 കിലോമീറ്ററിലധികം നടന്നു പോയാണ് രാജേന്ദ്രൻ പഠിച്ചിരുന്നത്. 

ഇക്കാലംമുതൽ തൊഴിലാളികളുടെ ജീവിതം സൂക്ഷ്മമായി നിരീക്ഷിക്കുമായിരുന്നു. തോട്ടം മാനേജരായിരുന്ന പിതാവിന്റെ ഒപ്പം നടന്ന് എസ്റ്റേറ്റുകളിലെ തൊഴിലാളികളുടെ ജീവിതം കണ്ടാണു  രാജേന്ദ്രൻ വളർന്നത്. എല്ലാ അവധിക്കാലത്തും കാനം പിതാവിനൊപ്പം തോട്ടം മേഖലകളിൽ പോയിരുന്നു. പിൽക്കാലത്തു തൊഴിലാളികളുമായുള്ള ബന്ധത്തിനും ട്രേഡ് യൂണിയൻ പ്രവർത്തനങ്ങൾക്കും സജീവ പരിഗണന നൽകാൻ ഇത് പ്രേരണയേകി. മുൻനിര ട്രേഡ് യൂണിയൻ നേതാക്കൾക്കൊപ്പം പ്രവർത്തിച്ച് അദേഹം എഐടിയുസിയുടെ തലപ്പത്തുവരെ എത്തി. 1970 ൽ എഐവൈഎഫിന്റെ  സംസ്ഥാന സെക്രട്ടറിയായി തുടങ്ങി സിപിഐയുടെ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം വരെയായി.

ഇടക്കാലത്തു മുഖ്യധാരാ രാഷ്ട്രീയത്തിൽ നിന്ന്  അകന്നപ്പോഴും ട്രേഡ് യൂണിയൻ പ്രവർത്തനരംഗത്തു സജീവമായിരുന്നു കാനം. കേന്ദ്ര–സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളിലെ തൊഴിലാളി യൂണിയനുകളെ നയിച്ചു.    സജീവമായ ട്രേഡ് യൂണിയൻ പ്രവർത്തന രംഗത്തു നിന്നാണു കാനം സിപിഐയുടെ തലപ്പത്തേക്കു തിരികെ എത്തിയതും. കോട്ടയത്തെ എസ്റ്റേറ്റുകളിൽ നിന്നുൾക്കൊണ്ട തൊഴിലാളിസ്നേഹം രാഷ്ട്രീയ തിരിച്ചുവരവിനും കാനത്തിനു വഴിമരുന്നായി.രണ്ടു തവണ എംഎൽഎ ആയശേഷം 2 തവണ പരാജിതനായതോടെ കാനത്തെ എഴുതിത്തള്ളിയവരുണ്ടായിരുന്നെങ്കിൽ എഐടിയുസി ജനറൽ സെക്രട്ടറി പദത്തിലൂടെ അദ്ദേഹം സിപിഐ രാഷ്ട്രീയത്തിൽ ശക്തമായി തിരിച്ചെത്തി.

അധ്വാനിക്കുന്ന ജനങ്ങളോട് എക്കാലവും പ്രത്യേക സ്നേഹം അദ്ദേഹത്തിനുണ്ടായിരുന്നു.  പിൽക്കാലത്തു നിയമസഭയിൽ നിർമാണത്തൊഴിലാളി ക്ഷേമനിധി ബിൽ സ്വകാര്യബില്ലായി അവതരിപ്പിച്ചു തൊഴിലാളികളോടുള്ള തന്റെ  കരുതലിന് കാനം അടിവരയിട്ടു. ഈ ബില്ലിന്റെ ചുവടുപിടിച്ചാണ് പിന്നീടു നിർ‍മാണ തൊഴിലാളി നിയമം നടപ്പിൽ വന്നതും. പറയേണ്ട വേദികളിൽ മാത്രം പാർട്ടിക്കാര്യവും മുന്നണിക്കാര്യവും പറയാൻ ശ്രദ്ധിച്ചിരുന്ന കാനം പത്രക്കാരോട് പലപ്പോഴും തനി കോട്ടയംകാരന്റെ ഭാഷയിൽ സംസാരിച്ചു.

ചോദ്യത്തിനു മറുചോദ്യം ചോദിക്കുന്ന രീതി കാനം  പതിവാക്കിയിരുന്നു.  മുഖ്യമന്ത്രി അയച്ച കത്തു പ്രസിദ്ധീകരിക്കുമെന്നു ഗവർണർ പറഞ്ഞതു സംബന്ധിച്ചു ചോദിച്ചപ്പോൾ കാനം നൽകിയ മറുപടി ഇതിന് ഉദാഹരണമായിരുന്നു– ‘പ്രേമലേഖനമൊന്നും അല്ലല്ലോ കൊടുത്തത്’. മുഖ്യമന്ത്രി പിണറായി വിജയനു കീഴ്പ്പെടുന്നു എന്ന വിമർശനം പാർട്ടിവേദിയിൽ  ഉയർന്നപ്പോൾ ‘ഇതെന്താണു ഗുസ്തിമത്സരമാണോ? മുന്നണി രാഷ്ട്രീയമല്ലേ’ എന്ന മറുചോദ്യമായിരുന്നു കോട്ടയം ശൈലിയിൽ കാനത്തിന്റേത്.

എം. എൻ. ഗോവിന്ദൻനായരും ടി.വി.തോമസും എൻ.ഇ.ബാലറാമും അടങ്ങുന്ന സിപിഐ സംസ്ഥാന സമിതിയിൽ 28–ാം വയസ്സിൽ കാനം അംഗമായത് ആരാധകർ രോമാഞ്ചത്തോടെ വിവരിക്കുന്ന കാര്യമായിരുന്നു.  രണ്ടാംവട്ടം സംസ്ഥാന സെക്രട്ടറിയായിരിക്കെ കാനത്തിനു കോട്ടയത്തു നിന്നൊരു തോൽവി സംഭവിച്ചിരുന്നു. അതിൽ നിന്നു പഠിച്ച് സംസ്ഥാനത്തു വിജയിച്ച ചരിത്രവും കാനത്തിനുണ്ട്. 

 ‘കാനം’ ഉൾപ്പെടുന്ന കോട്ടയം ജില്ലയാണ് പാർട്ടിയിൽ കാനം രാജേന്ദ്രനെതിരെ  ഉരുണ്ടുകൂടുന്ന നീക്കങ്ങളുടെ ആദ്യസൂചന പുറംലോകത്തിനു നൽകിയത്. സുഖമില്ലാത്തതിനാൽ കാനം പങ്കെടുക്കാതിരുന്ന കോട്ടയം സമ്മേളനത്തിൽ അപ്രതീക്ഷിതമായി മത്സരം നടന്നു. പാർട്ടി ഔദ്യോഗികമായി നിർദേശിച്ച സ്ഥാനാർഥിക്കെതിരെ ജില്ലാ സമ്മേളനത്തിൽ മത്സരമുണ്ടായി. 

കേരള കോൺഗ്രസിന്റെ  (എം) മുന്നണിയിലേക്കുള്ള വരവും കാഞ്ഞിരപ്പള്ളി മണ്ഡലം കേരള കോൺഗ്രസിനു കൈമാറേണ്ടി വന്നതും ഉൾപ്പെടെയുള്ള സംഭവങ്ങൾ  സിപിഐ പ്രവർത്തകരുടെ ആത്മവിശ്വാസത്തിന് ഇളക്കം  ഏൽപിച്ചതാണ് കാനത്തിനെതിരായ നീക്കത്തിന് ഇടയാക്കിയത്. മറ്റു ജില്ലകളിൽ ജാഗ്രത കാണിക്കാൻ കാനം രാജേന്ദ്രന് കോട്ടയം മത്സരം പാഠമായി. തുടർന്നുള്ള മിക്ക ജില്ലാ സമ്മേളനങ്ങളിലും അദ്ദേഹം പങ്കെടുത്തു. പാർട്ടി നയം വിശദീകരിച്ചു. സംസ്ഥാന സമ്മേളനം കാനവും പാർട്ടിയും വിചാരിച്ചതുപോലെ നടന്നു.  മൂന്നാംവട്ടവും സംസ്ഥാന സെക്രട്ടറിയുമായി കാനം തലപ്പത്ത് തുടർന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com