ADVERTISEMENT

പാലാ ∙ ടൗൺ കപ്പേളയിൽ പരിശുദ്ധ അമലോദ്ഭവ മാതാവിന്റെ ജൂബിലി തിരുനാൾ ഭക്തിസാന്ദ്രമായി. ഇന്നലെ പുലർച്ചെ മുതൽ രാത്രി വൈകുംവരെ പതിനായിരങ്ങളാണ് ‍പരിശുദ്ധ അമ്മയുടെ സവിധത്തിലേക്ക് എത്തിയത്. മാതാവിന്റെ സന്നിധിയിൽ  പ്രാർഥനാനിരതരാകാനും നേർച്ച കാഴ്ചകൾ അർപ്പിക്കാനും വിശ്വാസികളുടെ നിലയ്ക്കാത്ത പ്രവാഹമായിരുന്നു.  അണിഞ്ഞൊരുങ്ങിയ പട്ടണം സ്വർഗീയ പരിവേഷത്തിലാണ് തിരുനാളിനെ വരവേറ്റത്. വൈകിട്ട് 5.30നു ആഘോഷമായ പട്ടണ പ്രദക്ഷിണം ആരംഭിച്ചു. കനത്ത മഴയെ തുടർന്ന് ഒന്നര മണിക്കൂർ‍ വൈകിയാണ് പ്രദക്ഷിണം ആരംഭിച്ചത്. മാതാവിന്റെ തിരുസ്വരൂപം വഹിച്ച് നടത്തിയ പ്രദക്ഷിണത്തിനു‍ മുത്തുക്കുടകളും സ്വർണ, വെള്ളി കുരിശുകളും വാദ്യമേളങ്ങളും അകമ്പടിയായി. ളാലം പഴയ പള്ളി റോഡിലൂടെ മാർക്കറ്റ് ജംക്‌ഷനിൽ എത്തിയ പ്രദക്ഷിണം സിവിൽ സ്റ്റേഷൻ, മണർകാട് റോഡ്, ടിബി റോ‍ഡ്, ന്യൂ ബസാർ റോഡ്, കട്ടക്കയം റോഡ് വഴി ളാലം പഴയ പാലം ജംക്‌ഷനിലെ പന്തലിൽ എത്തി.

തുടർന്ന് പ്രധാന റോഡിലൂടെ മാതാവിന്റെ തിരുസ്വരൂപവും വഹിച്ച് നീങ്ങിയ പ്രദക്ഷിണം രാത്രി 10 മണിയോടെ ടൗൺ കപ്പേളയിൽ സമാപിച്ചു. പരിശുദ്ധ അമ്മയുടെ തിരുസ്വരൂപം തിരികെ കപ്പേളയിൽ എത്തിയപ്പോൾ കാരുണ്യ ട്രസ്റ്റിന്റെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തിയാണ് തിരുസ്വരൂപത്തെ സ്വീകരിച്ചത്. തുടർന്ന് പരിശുദ്ധ കുർബാനയുടെ ആശീർവാദം, സമ്മാനദാനം എന്നിവ നടത്തി.

ഇന്നലെ രാവിലെ ഫാ.ജോർജ് ഒഴുകയിൽ കുർബാന അർപ്പിച്ചു. തുടർന്ന് സെന്റ് മേരീസ് സ്കൂൾ വിദ്യാർഥിനികൾ ടൗണിലൂടെ നടത്തിയ മരിയൻ റാലി ഭക്തിനിർഭരമായി. നൂറുകണക്കിനു വിദ്യാർഥികളാണ് ‍പ്രാർഥനമഞ്ജരികളുമായി റാലിയിൽ അണിനിരന്നത്. 10നു ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് തിരുനാൾ കുർബാന അർപ്പിച്ച് സന്ദേശം നൽകി. തുടർന്ന് ജൂബിലി സാംസ്കാരിക ഘോഷയാത്ര, ടൂവീലർ ഫാൻസിഡ്രസ് മത്സരം, ബൈബിൾ ടാബ്ലോ മത്സരം എന്നിവ നടത്തി. കത്തീഡ്രൽ, ളാലം പഴയ പള്ളി, ളാലം പുത്തൻ പള്ളി ഇടവകകളുടെ നേതൃത്വത്തിലായിരുന്നു‍ തിരുനാൾ ആഘോഷം. കത്തീഡ്രൽ വികാരി ഫാ.ജോസ് കാക്കല്ലിൽ, ളാലം പഴയ പള്ളി വികാരി ഫാ.ജോസഫ് തടത്തിൽ, ളാലം പുത്തൻ പള്ളി വികാരി ഫാ.ജോർജ് മൂലേച്ചാലിൽ, ഫാ.ജോസഫ് ആലഞ്ചേരിൽ, ഫാ.ജോൺ കണ്ണന്താനം, ഫാ.മാത്യു വെണ്ണായിപ്പള്ളിൽ, ഫാ.സ്കറിയ മേനാംപറമ്പിൽ, ഫാ.മാത്യു വാഴചാരിക്കൽ, ഫാ.ജോർജ് ഒഴുകയിൽ, ഫാ.സെബാസ്റ്റ്യൻ ആലപ്പാട്ടുകോട്ടയിൽ, ട്രസ്റ്റിമാരായ ടോമി തോട്ടുങ്കൽ, തോമസ് മേനാംപറമ്പിൽ, ജോഷി വട്ടക്കുന്നേൽ എന്നിവർ തിരുനാൾ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ഇന്ന്  രാവിലെ 5.30നു കുർബാന, 11.30 നു മാതാവിന്റെ തിരുസ്വരൂപം കപ്പേളയിൽ തിരികെ പ്രതിഷ്ഠിക്കുന്നതോടെ തിരുനാൾ സമാപിക്കും.

ജൂബിലി ആഘോഷ കമ്മിറ്റി നടത്തിയ സാംസ്കാരിക ഘോഷയാത്രയിൽ നിന്ന് .
ജൂബിലി ആഘോഷ കമ്മിറ്റി നടത്തിയ സാംസ്കാരിക ഘോഷയാത്രയിൽ നിന്ന് .

മനം കവർന്ന് സാംസ്കാരിക ഘോഷയാത്ര
പാലാ ∙ ജൂബിലി തിരുനാളിനോടനുബന്ധിച്ച് നടത്തിയ സാംസ്കാരിക ഘോഷയാത്ര അവിസ്മരണീയമായി. പ്രധാന റോഡിന്റെ ഇരുവശങ്ങളിലും കെട്ടിടങ്ങൾക്കു മുകളിലുമെല്ലാം ആളുകൾ നിറഞ്ഞു കവിഞ്ഞിരുന്നു. കാണികളെ നിയന്ത്രിക്കാൻ പൊലീസും വൊളന്റിയേഴ്സും നന്നേ ബുദ്ധിമുട്ടി. നെറ്റിപ്പട്ടം കെട്ടിയ ഗജവീരൻ, മാർഗംകളി, തൃശൂർ പൂരത്തിൽ പങ്കെടുക്കുന്ന പുലികൾ, ഫിഷ് ഡാൻസ്, ഈഗിൾ ഡാൻസ്, കഥകളി, തെലങ്കാനയിൽ നിന്നുള്ള 18 അടി ഉയരമുള്ള പൊയ്ക്കാൽ മനുഷ്യർ, അക്രോബൈറ്റിക് ആദിവാസി നൃത്തം, കുട്ടികൾക്കായി കാർട്ടൂൺ ഡോളുകൾ, വിവിധ മേളങ്ങൾ, വർണ കാവടികൾ, ക്യാറ്റ് തമ്പോലം മേളം, സാന്താക്ലോസ്, പേപ്പർ ബ്ലാസ്റ്റ് തുടങ്ങി 40 കലാരൂപങ്ങൾ ഘോഷയാത്രയിൽ അണിനിരന്നു. ജൂബിലി തിരുനാളിൽ 2-ാം തവണയാണ് സാംസ്കാരിക ഘോഷയാത്ര നടത്തുന്നത്. സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് നിന്ന് ആരംഭിച്ച ജൂബിലി സാംസ്കാരിക ഘോഷയാത്ര മീനച്ചിൽ ഞാവക്കാട്ട് കൊച്ചുമഠത്തിൽ ദാമോദര സിംഹർ ജി.എസ്.ഗോപിനാഥൻ കർത്ത ഫ്ലാഗ് ഓഫ് ചെയ്തു. മഹാറാണി കവലയിൽ ഘോഷയാത്ര സമാപിച്ചു.

പാലാ ടൗൺ കപ്പേളയിലെ ജൂബിലി തിരുനാളിനോടുബന്ധിച്ച് ജൂബിലി ആഘോഷ കമ്മിറ്റി നടത്തിയ ബൈബിൾ ടാബ്ലോ മത്സരത്തിൽ നിന്ന്.
പാലാ ടൗൺ കപ്പേളയിലെ ജൂബിലി തിരുനാളിനോടുബന്ധിച്ച് ജൂബിലി ആഘോഷ കമ്മിറ്റി നടത്തിയ ബൈബിൾ ടാബ്ലോ മത്സരത്തിൽ നിന്ന്.

സാംസ്കാരിക ഘോഷയാത്രയെ തുടർന്ന് സിവൈഎംഎൽ നടത്തിയ ടൂവീലർ ഫാൻസിഡ്രസ് മത്സരവും ജൂബിലി ആഘോഷ കമ്മിറ്റി നടത്തിയ ബൈബിൾ ടാബ്ലോ മത്സരവും‍ അരങ്ങേറി. കാരുണ്യ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ജൂബിലി പന്തൽ പരിസരത്ത് കുടിവെള്ളം വിതരണം ചെയ്തു.   ജേക്കബ്‍ കയ്യാലയ്ക്കകം, കുര്യൻ ജോസഫ് പൂവത്തുങ്കൽ, സെബാസ്റ്റ്യൻ ജോസഫ് പുരയിടത്തിൽ, കോ–ഓർഡിനേറ്റർ കുട്ടിയച്ചൻ കീപ്പുറം, ജോസ് ചന്ദ്രത്തിൽ, സിറിൾ പൂവത്തിങ്കൽ, ജോൺസൺ ആലപ്പാട്ട് തുടങ്ങിയവർ ശുദ്ധജല വിതരണത്തിനു നേതൃത്വം നൽകി.

നാടക മത്സര വിജയികൾ
പാലാ ∙ ജൂബിലി തിരുനാളിനോടനുബന്ധിച്ച് കാത്തലിക് യങ് മെൻസ് ലീഗ് (സിവൈഎംഎൽ) നടത്തിയ അഖില കേരള നാടക മത്സരത്തിൽ വള്ളുവനാട് നാദം കമ്യൂണിക്കേഷൻസിന്റെ ഊഴം 1-ാം സ്ഥാനം കരസ്ഥമാക്കി. ചിറയൻകീഴ് അനുഗ്രഹയുടെ നായകൻ 2-ാം സ്ഥാനം നേടി. മികച്ച നടനായി തോപ്പിൽ രാജശേഖരൻ (നായകൻ), കഥാപാത്രം നടുവട്ടം നാരായണൻ. മികച്ച നടി-സുജി ഗോപിക (ഊഴം), കഥാപാത്രം മായാമുഖി, മികച്ച ഹാസ്യതാരമായി കുന്തള്ളൂർ വിക്രമൻ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സംവിധാനം-സുരേഷ് ദിവാകരൻ (ഊഴം), മികച്ച അവതരണം (ഊഴം), മികച്ച സംഗീതം-മൊഴി, രംഗപടം-വിജയൻ കടമ്പേരി, ജനപ്രിയ നാടകം-തിരുവന്തപുരം മലയാള നാടക വേദിയുടെ കണ്ണുകെട്ടിക്കളി. മികച്ച രചന-ഊഴം. സ്‌പെഷൽ ജൂറി അവാർഡ്-മൊഴി.

ടൂ വീലർ ഫാൻസിഡ്രസ് മത്സര വിജയികൾ
പാലാ ∙ സിവൈഎംഎൽ നടത്തിയ ടൂ വീലർ ഫാൻസിഡ്രസ് മത്സരത്തിൽ സിംഹക്കുഴിയിൽ നിന്ന് പ്രവാചകൻ ദാനിയേലിനെ രക്ഷിക്കുന്ന പ്ലോട്ട് അവതരിപ്പിച്ച ബിജോയി കുരുവിളയ്ക്കു 1-ാം സ്ഥാനം ലഭിച്ചു. മുക്കുവനും ഭൂതവും അവതരിപ്പിച്ച ജെയ്‌വാൻ-ലീയോൺ ഇൻസ്റ്റിറ്റ്യൂട്ട് പാലാ 2-ാം സ്ഥാനവും വല വീശുന്ന മുക്കുവനും ഭൂതവും അവതരിപ്പിച്ച ബാബു 3-ാം സ്ഥാനവും കരസ്ഥമാക്കി.

ബൈബിൾ ടാബ്ലോ മത്സര വിജയികൾ
പാലാ ∙ ജൂബിലി ആഘോഷ കമ്മിറ്റി നടത്തിയ ബൈബിൾ ടാബ്ലോ മത്സരത്തിൽ കാനായിലെ കല്യാണം അവതരിപ്പിച്ച ഏലിയാസ് ജോര്‍ജ് പുളിങ്കാട് പാലാ ബിൽഡേഴ്‌സ് 1-ാം സ്ഥാനം നേടി. ബിന്നി ആന്‍ഡ് ടീം ടാക്‌സി ഡ്രൈവേഴ്‌സ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി അവതരിപ്പിച്ച ഇസ്രയേലിലെ വറുതിയിൽ ജോസഫിനെ കാണുന്ന രംഗത്തിനാണ് 2-ാം സ്ഥാനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com