ADVERTISEMENT

എരുമേലി ∙ തീർഥാടകരുടെ തിരക്ക് വർധിച്ചതോടെ എരുമേലിയിലും ശബരിമല പാതയിലും ഗതാഗതക്കുരുക്ക് മുറുകി. ഇന്നലെ പുലർച്ചെ മുതൽ എരുമേലി നഗരത്തിൽ വൻ കുരുക്കാണ് അനുഭവപ്പെട്ടത്. രാവിലെ 5 മുതൽ നഗരത്തിൽ ഗതാഗത തടസ്സമുണ്ടായി. 2 മണിക്കൂർ വരെ കുരുക്ക് നീണ്ടു. ഇതോടെ തീർഥാടകർ ഏറെ ബുദ്ധിമുട്ടി. വെള്ളിയാഴ്ച ശബരിമല ദർശനം നടത്തുന്നതിനു മറ്റു സംസ്ഥാനങ്ങളിൽ നിന്നു തീർഥാടകർ കൂടുതലായി എത്തിയതും ശനി, ഞായർ അവധി ദിവസങ്ങൾ നോക്കി തീർഥാടകർ എത്തിയതുമാണ് തിരക്ക് കൂടാൻ കാരണമായത്. തമിഴ്നാട്ടിൽ മഴയും പ്രളയവും മൂലം യാത്ര നീട്ടിവച്ച തീർഥാടകർ ഒരുമിച്ച് എത്തിയതും തിരക്കിനു കാരണമായി. 

നഗരത്തിലും പരിസരങ്ങളിലും പ്രധാന പോയിന്റുകളിൽ വേണ്ടത്ര പൊലീസ് ഉദ്യോഗസ്ഥർ ഇല്ലാതിരുന്നതു പ്രശ്നങ്ങൾ ഗുരുതരമാക്കി. മറ്റു സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പൊലീസ് ഉദ്യോഗസ്ഥർ പോയത് എരുമേലിയിലും പരിസരങ്ങളിലും പ്രധാന കേന്ദ്രങ്ങളിൽ പൊലീസ് ഉദ്യോഗസ്ഥരുടെ എണ്ണം കുറയാൻ കാരണമായി. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള തീർഥാടന വാഹനങ്ങൾ വഴിതെറ്റി കിലോമീറ്ററുകൾ ചുറ്റിക്കറങ്ങേണ്ടി വന്നതായും പരാതിയുണ്ട്. വഴിതെറ്റി, വീതികുറഞ്ഞ മറ്റന്നൂർക്കര – നെടുങ്കാവയൽ റോഡിലൂടെ വലിയ ബസുകൾ കടന്നുപോയതും ഗതാഗതക്കുരുക്കുണ്ടാക്കി. കരിങ്കല്ലുമ്മൂഴി, മുക്കൂട്ടുതറ, എരുത്വാപ്പുഴ തുടങ്ങിയ സ്ഥലങ്ങളിൽ ഗതാഗതതടസ്സം ഉണ്ടായി. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് തിരക്ക് കുറഞ്ഞ് വാഹനങ്ങൾക്ക് തടസ്സമില്ലാതെ പോകാനായത്.

കൊരട്ടി – കരിമ്പിൻതോട് റോഡ് വഴി പോകാം
എരുമേലി നഗരത്തിൽ ഗതാഗതക്കുരുക്ക് മുറുകിയതോടെ കാഞ്ഞിരപ്പള്ളി ഭാഗത്തുനിന്നു വരുന്ന തീർഥാടക വാഹനങ്ങൾ കൊരട്ടി – കരിമ്പിൻ തോട് – ഓരുങ്കൽത്തടം വഴി കടത്തിവിടാൻ തുടങ്ങി. 5 കോടി രൂപ അനുവദിച്ച് ബിഎം ആൻഡ് ബിസി നിലവാരത്തിൽ റീടാറിങ് നടത്തിയ ഈ റോഡിലൂടെ തീർഥാടക വാഹനങ്ങൾ കടത്തിവിടാതെ ലോറികൾ മാത്രം കടത്തിവിടുന്നതിനെതിരെ നാട്ടുകാർ പരാതി ഉന്നയിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com