ADVERTISEMENT

കോട്ടയം ∙  ഡ്രൈവർ പരിശീലനത്തിനും ലൈസൻസ് ടെസ്റ്റ് നടത്തുന്നതിനും കേന്ദ്ര സർക്കാർ നിർദേശിച്ച അക്രഡിറ്റഡ് ഡ്രൈവർ ട്രെയ്നിങ് സെന്റർ പദ്ധതി, കൈക്കൂലിപ്പണത്തിന്റെ വരവ് അവസാനിക്കുമെന്നു കണ്ട് ഉദ്യോഗസ്ഥ ലോബി അട്ടിമറിച്ചു. പകരം 15 ഇടത്ത് ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നതിനു ട്രാക്ക് നിർമിച്ച ശേഷം ഇത് അംഗീകരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്രത്തിനു കത്തയച്ചു. ഇതു കേന്ദ്രം അംഗീകരിച്ചില്ല. മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കു ഡ്രൈവിങ് ടെസ്റ്റിൽ തീരുമാനമെടുക്കാൻ കഴിയില്ലെന്നു കണ്ടാണ് കേന്ദ്ര നിർദേശം അട്ടിമറിച്ചത്. രണ്ട് ഏക്കർ സ്ഥലത്ത് കേന്ദ്ര സർക്കാർ നിഷ്കർഷിച്ചിട്ടുള്ള രീതിയിൽ കയറ്റിറക്കങ്ങളും കുഴികളുമൊക്കെയുള്ള ട്രാക്കുകളാണ് അക്രഡിറ്റഡ് ഡ്രൈവിങ് ട്രെയ്നിങ് സെന്ററിനു വേണ്ടത്.

പുറം ഏജൻസിക്കായിരിക്കും കേന്ദ്രം ആരംഭിക്കാൻ അനുമതി നൽകുക. ഡ്രൈവിങ് ലൈസൻസിന് അപേക്ഷിക്കുന്നയാൾ ഈ കേന്ദ്രത്തിലാണു പരിശീലനം നടത്തേണ്ടത്. കൂടാതെ തിയറി ക്ലാസിലും ഇരിക്കണം. ഇതെല്ലാം കഴിഞ്ഞാണ് ഡ്രൈവിങ് ടെസ്റ്റ്. ടെസ്റ്റ് നടക്കുന്ന സ്ഥലത്ത് മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കു പ്രവേശനമുണ്ടാകില്ല. പൂർണമായും ഓട്ടമേറ്റഡ് ആയ ടെസ്റ്റിങ് കേന്ദ്രത്തിൽ സെൻസറിന്റെ സഹായത്തോടെയാവും ടെസ്റ്റ് പാസായോ ഇല്ലയോ എന്നു മനസ്സിലാക്കുക. ടെസ്റ്റ് പാസായോ എന്നു തീരുമാനിക്കുന്നത് ഈ സിസ്റ്റമാണ്. വ്യക്തിക്കു തീരുമാനമെടുക്കാൻ കഴിയില്ല. ടെസ്റ്റ് പൂർണമായും ക്യാമറയിൽ പകർത്തുകയും ചെയ്യും. ഇവിടെ നിന്നു പാസായാൽ ആ സന്ദേശം അതത് ആർടി ഓഫിസുകളിലെത്തും. അവിടെ നിന്നു ലൈസൻസ് വിതരണം ചെയ്യണം. 

മറ്റു പല സംസ്ഥാനങ്ങളിലും ഇത്തരത്തിൽ കേന്ദ്രം ആരംഭിച്ചു. വി.പി. ജോയി ചീഫ് സെക്രട്ടറിയായിരുന്നപ്പോൾ സെന്റർ ആരംഭിക്കണമെന്നു മോട്ടർ വാഹന വകുപ്പിനോട് ശക്തമായി ആവശ്യപ്പെട്ടിരുന്നു. അന്നെല്ലാം ഓരോ ഒഴികഴിവു പറഞ്ഞ​ു തടിതപ്പുകയായിരുന്നു.  കേന്ദ്രം ഉടൻ ആരംഭിക്കണമെന്ന് ഓരോ തവണ കേന്ദ്ര സർക്കാർ ആവശ്യപ്പെടുമ്പോഴും ഗതാഗത സെക്രട്ടറി ട്രാൻസ്പോർട്ട് കമ്മിഷണർക്ക് ഈ നിർദേശം കൈമാറും. ട്രാൻസ്പോർട്ട് കമ്മിഷണർ ജോയിന്റ് ആർടിഒമാരുടെയും എംവിഐമാരുടെയും കമ്മിറ്റി രൂപീകരിക്കുകയും നിർദേശം ചർച്ച ചെയ്യുകയും ചെയ്യും. തുടർന്ന് ഈ കമ്മിറ്റി പദ്ധതി അട്ടിമറിക്കുന്നതാണു നിലവിൽ നടന്നുവരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com