കടക്കെണിയിൽ മുങ്ങി ബോട്ട് ക്ലബ്ബുകൾ
Mail This Article
കുമരകം ∙ ഈ വർഷത്തെ മത്സര വള്ളംകളി സമാപിക്കുമ്പോൾ ബോട്ട് ക്ലബ്ബുകൾ എല്ലാം കടക്കെണിയിൽ. ചമ്പക്കുളം മൂലം വള്ളംകളിയിൽ തുടങ്ങി നെഹ്റു ട്രോഫി മത്സരവും കഴിഞ്ഞുള്ള 12 ചാംപ്യൻസ് ബോട്ട് ലീഗ് (സിബിഎൽ) മത്സരം കഴിയുന്നതോടെയാണു വള്ളംകളി സീസൺ സമാപിക്കുന്നത്. ഇന്നലെ കൊല്ലത്തു നടന്ന പ്രസിഡൻസി ട്രോഫി മത്സരത്തോടെ ആയിരുന്നു സമാപനം. കടക്കെണിക്കു പുറമേ മത്സരങ്ങളിലെ മോശം പ്രകടനവും ബോട്ട് ക്ലബ്ബുകളെ നിരാശരാക്കുന്നു. നെഹ്റു ട്രോഫി മത്സര വള്ളംകളി കഴിഞ്ഞു പിന്നീട് നടന്ന ചാംപ്യൻസ് ബോട്ട് ലീഗ് മത്സരത്തിൽ പങ്കെടുത്ത ബോട്ട് ക്ലബ്ബുകൾ സാമ്പത്തിക പ്രതിസന്ധിയിൽ മുങ്ങിയാണു ചുണ്ടൻ തുഴഞ്ഞത്. നെഹ്റു ട്രോഫി മത്സരത്തിൽ മിന്നുന്ന പ്രകടനം കാഴ്ച വച്ച കുമരകത്തെ പ്രമുഖ ബോട്ട് ക്ലബ്ബുകൾക്ക് ചാംപ്യൻസ് ബോട്ട് ലീഗ് മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ കഴിയാതെ വന്നു കുമരകത്ത് നിന്നു നെഹ്റു ട്രോഫി മത്സരത്തിൽ പങ്കെടുത്ത 5 ചുണ്ടൻ വള്ളങ്ങളിൽ നാലും സിബിഎൽ മത്സരത്തിനുണ്ടായിരുന്നു.
എൻസിഡിസി ബോട്ട് ക്ലബ്ബിന്റെ നിരണം, കുമരകം ടൗൺ ബോട്ട് ക്ലബ്ബിന്റെ ചമ്പക്കുളം, കുമരകം ബോട്ട് ക്ലബ്ബിന്റെ പായിപ്പാട്, വേമ്പനാട് ബോട്ട് ക്ലബ്ബിന്റെ ആയാപറമ്പ് പാണ്ടി എന്നീ ചുണ്ടൻ വള്ളങ്ങവാണു കുമരകംകാർ തുഴഞ്ഞത്. സിബിഎൽ മത്സരങ്ങളിൽ പങ്കെടുക്കുന്നതിനുണ്ടായ സാമ്പത്തിക ബുദ്ധിമുട്ട് ഈ ക്ലബ്ബുകളെ വലച്ചു. നെഹ്റു ട്രോഫി മത്സരത്തിൽ പങ്കെടുക്കുന്നതിനു തന്നെ 40–50 ലക്ഷം രൂപ ഓരോ ബോട്ട് ക്ലബ്ബുകൾക്കു ചെലവായി. ഇതിനു പുറമേയാണു സിബിഎൽ മത്സരത്തിൽ പങ്കെടുക്കുന്നതിനു വേണ്ടി വന്ന ഭാരിച്ച ചെലവ്. തുഴച്ചികാർക്കു കൊടുക്കേണ്ട പണം പോലും കണ്ടെത്താൻ കഴിയാതെ വന്നതോടെ മികച്ച തുഴച്ചിൽകാരെ അണിനിരത്തി തുഴയാൻ കഴിയാതെ വന്നു. ചെറു വള്ളങ്ങളിലും മറ്റും തുഴഞ്ഞവരെ പങ്കെടുപ്പിച്ചാണു സിബിഎൽ മത്സരങ്ങളിൽ പങ്കെടുത്തത്. 12 സിബിഎൽ മത്സരങ്ങൾ നടന്നപ്പോൾ അതിൽ ഒന്നിൽ പോലും ഫൈനലിൽ കടക്കാൻ കുമരകത്തെ ബോട്ട് ക്ലബ്ബുകൾക്ക് കഴിഞ്ഞില്ല. നെഹ്റു ട്രോഫി മത്സരത്തിൽ ഈ ബോട്ട് ക്ലബ്ബുകളിൽ 3 എണ്ണം നെഹ്റു ട്രോഫി പല തവണ നേടിയിട്ടുണ്ട്.
2 ബോട്ട് ക്ലബ്ബുകൾ ഹാട്രിക് കരസ്ഥമാക്കിയിരുന്നു. ഈ ബോട്ട് ക്ലബ്ബുകൾക്കാണു സിബിഎൽ മത്സരങ്ങളിൽ പിന്നാക്കം പോകേണ്ടി വന്നത്. സിബിഎൽ മത്സരം സമാപിക്കുമ്പോൾ വേമ്പനാട് ബോട്ട് ക്ലബ്ബിന്റെ ആയാപറമ്പ് പാണ്ടി 9–ാം സ്ഥാനത്തും കുമരകം ബോട്ട് ക്ലബ്ബിന്റെ പായിപ്പാട് ചുണ്ടൻ 8–ാം സ്ഥാനത്തും കുമരകം ടൗൺ ബോട്ട് ക്ലബ്ബിന്റെ ചമ്പക്കുളം 7–ാം സ്ഥാനത്തും കൈപ്പുഴമുട്ട് എൻസിഡിസി ബോട്ട് ക്ലബ്ബിന്റെ നിരണം ചുണ്ടൻ 4–ാം സ്ഥാനത്തും മാത്രമാണു എത്താനായത്. തുഴച്ചിൽകാർക്കു പോലും പണം മുഴുവൻ കൊടുത്തു തീർക്കാൻ കഴിഞ്ഞിട്ടില്ല. വള്ളംകളി കഴിയുമ്പോൾ തിരികെ നൽകാമെന്നു പറഞ്ഞായിരുന്നു ബോട്ട് ക്ലബ്ബുകൾ പലരിൽ നിന്നായി പണം കടം വാങ്ങിയത്. സ്വർണം വാങ്ങി പണയം വച്ചുവരെ പണം എടുത്ത ക്ലബ്ബുകൾ ഉണ്ട്. കടം വാങ്ങിയ പണം തിരികെ കൊടുക്കാൻ കഴിയാതെ ബോട്ട് ക്ലബ് ഭാരവാഹികൾ വിഷമിക്കുന്ന സ്ഥിതിയാണ്.