ആടിയുലഞ്ഞ് കുമ്പ്രാമറ്റം പാലം
Mail This Article
ഞീഴൂർ ∙ പഞ്ചവടിപ്പാലം പോലൊരു പാലം. ഏതു സമയവും നിലം പതിക്കാമെന്ന നിലയിൽ ആടിയുലഞ്ഞു നിൽക്കുകയാണു ഞീഴൂർ പഞ്ചായത്തിലെ കുമ്പ്രാമറ്റം പാലം. പതിനാലാം വാർഡിൽ വലിയ തോടിന് കുറുകെ നിർമിച്ചിരിക്കുന്ന പാലത്തിന്റെ തൂണുകൾ തകർന്നിട്ട് വർഷങ്ങളായി. ഞീഴൂർ – കുമ്പ്രാമറ്റം റോഡിലാണ് പാലം ഉള്ളത്. പഴയ കാലത്ത് കല്ലു കൊണ്ടു നിർമിച്ച തൂണിലാണു പാലം കോൺക്രീറ്റിങ് നടത്തിയിരിക്കുന്നത്. അറ്റകുറ്റപ്പണികൾ നടത്താത്തതിനാൽ പാലത്തിന്റെ തൂണിൽ നിന്നു കല്ലുകൾ വേർപെട്ടു വീഴുകയാണ്.
കാലവർഷത്തിൽ ശക്തമായ നീരൊഴുക്ക് ഉണ്ടാകുമ്പോൾ മരങ്ങളും മറ്റും തടഞ്ഞ് പാലം തകർന്നുവീഴാവുന്ന നിലയിലാണ്. പ്രദേശത്തെ ഒട്ടേറെ കുടുംബങ്ങൾ ഞീഴൂർ ടൗണിലെത്താൻ ആശ്രയിക്കുന്നതാണ് ഈ പാലം. കൂടാതെ സ്കൂൾ വിദ്യാർഥികൾ അടക്കം ഈ പാലത്തിലൂടെ സഞ്ചരിക്കുന്നുണ്ട്. സമീപം തന്നെ ഞീഴൂർ– കാട്ടാമ്പാക്ക് റോഡിൽ പാലം ഉള്ളതിനാൽ കുമ്പ്രാമറ്റം പാലത്തിന്റെ പുനർനിർമാണവും അറ്റകുറ്റപ്പണികളും അധികൃതർ അവഗണിക്കുകയാണ്.
പല തവണ നാട്ടുകാർ ജനപ്രതിനിധികൾക്കു പരാതി നൽകിയിരുന്നു. ജനപ്രതിനിധികൾ പാലം സന്ദർശിച്ച് തുക അനുവദിക്കാമെന്നു പലതവണ വാഗ്ദാനം നൽകി പോയതല്ലാതെ ഒന്നും നടന്നില്ലെന്നു നാട്ടുകാർ പരാതിപ്പെടുന്നു. പാലത്തിന്റെ കൈവരികളും തകർന്ന് ശോച്യാവസ്ഥയിലാണ്. ഏതു സമയവും തകർന്നുവീഴാവുന്ന പാലം പുതുക്കി നിർമിക്കുകയോ അറ്റകുറ്റപ്പണി നടത്തുകയോ വേണമെന്നു നാട്ടുകാർ ആവശ്യപ്പെടുന്നു.