കാനം വിടവാങ്ങിയത് സ്വപ്നം ബാക്കിയാക്കി
Mail This Article
വൈക്കം ∙ പി.കൃഷ്ണപിള്ളയുടെ ജന്മഗൃഹം പുനർനിർമിച്ച് പുതുതലമുറയ്ക്കായി പഠനകേന്ദ്രം, ഗ്രന്ഥശാല, സെമിനാർ ഹാൾ, കലാപരിപാടികൾക്കായി തിയറ്റർ എന്നിവ നിർമിക്കണമെന്ന സ്വപ്നം ബാക്കിയാക്കിയാണു കാനം വിടവാങ്ങിയത്. കമ്യൂണിസ്റ്റ് പാർട്ടി കേരള ഘടകത്തിന്റെ സ്ഥാപകനേതാവായിരുന്ന പി.കൃഷ്ണപിള്ളയുടെ ജന്മഗൃഹം നിലനിന്നിരുന്ന വൈക്കത്തെ പറൂപ്പറമ്പ് പുരയിടം സിപിഐ സംസ്ഥാന കൗൺസിൽ വിലയ്ക്കു വാങ്ങിയതു കാനം രാജേന്ദ്രൻ മുൻകയ്യെടുത്താണ്. പലർ കൈ മറിഞ്ഞ, കൃഷ്ണപിള്ളയുടെ വീട് നിലനിന്നിരുന്ന പുരയിടം 2020 ഓഗസ്റ്റിലാണു സിപിഐ സംസ്ഥാന കൗൺസിലിന്റെ പേരിൽ വാങ്ങിയത്. ഇതിനായി പ്രവർത്തനങ്ങൾക്കെല്ലാം നേതൃത്വം നൽകിയതു സംസ്ഥാന സെക്രട്ടറിയായ കാനം രാജേന്ദ്രൻ ആയിരുന്നു.
2021ൽ പറൂപ്പറമ്പ് പുരയിടത്തിൽ നടന്ന സിപിഐ ബ്രാഞ്ച് സമ്മേളനം ഉദ്ഘാടനം ചെയ്തതും അദ്ദേഹം ആയിരുന്നു. വൈക്കത്തു വരുമ്പോഴെല്ലാം കുട്ടികൾക്കു വേണ്ടി ഗ്രന്ഥശാല പ്രവർത്തനം ആരംഭിക്കണമെന്ന് വൈക്കത്തെ പാർട്ടി നേതാക്കളോട് നിർദേശിക്കുകയും അതിന്റെ തുടർ പ്രവർത്തനങ്ങളെക്കുറിച്ച് ആരായുകയും ചെയ്യുമായിരുന്നു. വൈക്കവുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ആളായിരുന്നു കാനം രാജേന്ദ്രൻ. എഐഎസ്എഫ് കാലം മുതൽ വൈക്കത്തെ സ്ഥിരസാന്നിധ്യമായിരുന്നു. സിപിഐ ജില്ലാ സെക്രട്ടറി ആയിരുന്നപ്പോൾ വൈക്കത്തെ പാർട്ടി കമ്മിറ്റികളിലെല്ലാം സജീവസാന്നിധ്യമായിരുന്നു. പിന്നീട് സംസ്ഥാന എക്സിക്യൂട്ടീവ് അംഗമായിരുന്നപ്പോഴും തുടർന്നു സംസ്ഥാന സെക്രട്ടറി ആയപ്പോഴും ആ ബന്ധം തുടർന്നു പോന്നിരുന്നതായി പ്രവർത്തകർ പറഞ്ഞു.
സി.കെ.ആശ എംഎൽഎ
വൈക്കം ∙ എന്നും സാധാരണക്കാർക്കും തൊഴിലാളികൾക്കും ഒപ്പം നിന്ന നേതാവായിരുന്നു കാനം രാജേന്ദ്രൻ എന്നു സി.കെ.ആശ എംഎൽഎ. തന്റെ വിദ്യാർഥി യുവജന സംഘടനാ പ്രവർത്തന കാലഘട്ടത്തിലും ജനപ്രതിനിധി എന്ന നിലയിലും കലവറയില്ലാത്ത പിന്തുണയാണു കാനം നൽകിയത്. പ്രതിസന്ധികളിൽ താങ്ങായി, പ്രവർത്തനങ്ങൾക്ക് ആവേശോജ്വല പിന്തുണ നൽകി, പ്രവർത്തനരംഗത്ത് ഊർജസ്വലമായി നിലകൊള്ളാൻ അദ്ദേഹം എന്നും പ്രേരണയായിരുന്നു. കാനത്തിന്റെ വേർപാട് അപരിഹാര്യമായ നഷ്ടമാണെന്നും സി.കെ.ആശ പറഞ്ഞു.