നവകേരള സദസ്സ്: മുണ്ടാർ നിവാസികൾക്ക് വഴി; പ്രതീക്ഷകൾ വാനോളം
Mail This Article
കടുത്തുരുത്തി∙ നാല് വശവും വെള്ളത്താൽ ചുറ്റപ്പെട്ട മുണ്ടാറുകാരുടെ പ്രതീക്ഷകൾ, മുഖ്യ മന്ത്രിയും മന്ത്രിമാരും നവകേരള സദസ്സുമായി വൈക്കത്ത് എത്തുമ്പോൾ വാനോളം ഉയരുകയാണ്.സഞ്ചരിക്കാൻ ഒരു നല്ല റോഡ് . ആ സ്വപ്നത്തിന് നവകേരള സദസ്സ് ഉത്തരം നൽകുമോ? പിണറായി സർക്കാരിന്റെ ആദ്യ ബജറ്റിൽ കിഫ്ബിയിൽ നിന്നും 20 കോടി അനുവദിച്ച കപിക്കാട് – കല്ലറ – വാക്കേത്തറ റോഡ് നിർമാണം പൂർത്തിയാക്കാൻ അനുമതി ലഭിക്കുമോ എന്ന കാത്തിരിപ്പിലാണ് നാട്ടുകാർ. പണം അനുവദിച്ച് ഏഴ് വർഷം കഴിഞ്ഞു.ഇനിയും റോഡ് നിർമാണം ആരംഭിക്കാൻ കഴിഞ്ഞില്ല.
കടുത്തുരുത്തി – വൈക്കം നിയോജക മണ്ഡലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡ് നിർമാണത്തിന് തടസ്സമായത് കിഫ്ബി മാനദണ്ഡമാണ് എന്ന് അധികൃതർ പറയുന്നു. കിഫ്ബിയിൽ ഏറ്റെടുത്തു നടത്തുന്ന റോഡുകളുടെ വീതി തുടക്കം മുതൽ അവസാനം വരെ 12 മീറ്ററെങ്കിലും ആയിരിക്കണം എന്നാണ് മാനദണ്ഡം. 12 കിലോമീറ്റർ റോഡിന്റെ ചില ഭാഗത്ത് വീതിയില്ല. റോഡ് നിർമാണത്തിന് ഏറ്റെടുക്കേണ്ടത് വയലാണ്. വയൽ ഏറ്റെടുത്ത് നികത്തി റോഡ് നിർമിക്കുന്നതിന് പ്രായോഗിക അനുമതിയും ലഭിച്ചില്ല. ഇതോടെ റോഡ് നിർമാണം പ്രതിസന്ധിയിലായി. വർഷകാലത്ത് റോഡ് സ്ഥിരമായി വെള്ളത്തിലാകും.
കപിക്കാട്, കല്ലറ, മുണ്ടാർ, വാക്കേത്തറ തുടങ്ങിയ പടിഞ്ഞാറൻ പ്രദേശങ്ങളിലെ നൂറ് കണക്കിന് കുടുംബങ്ങൾക്ക് റോഡ് പൂർത്തിയാകുന്നത് അനുഗ്രഹമാകും. കിഫ്ബി മാനദണ്ഡങ്ങളിൽ അയവ് വരുത്തി റോഡ് നിർമാണം ആരംഭിക്കണമെന്ന് സി.കെ. ആശ എംഎൽഎ ആവശ്യപ്പെട്ടിട്ടുണ്ട്. പാടത്തൂടെ കടന്നു പോകുന്ന 4.50 കിലോമീറ്റർ റോഡ് എങ്കിലും മാനദണ്ഡങ്ങളിൽ അയവു വരുത്തി നിർമിക്കണം എന്നാണ് ആവശ്യം.
റോഡ് പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ പൊതുമരാമത്ത് വകുപ്പ് ഓഫിസിനു മുൻപിൽ ഒട്ടേറെ സമരങ്ങൾ നടത്തിയിരുന്നു. പൂർണമായും പാടശേഖരങ്ങളിലൂടെ കടന്നു പോകുന്ന റോഡിന്റെ ടാറിങ് പൂർത്തീകരിക്കുന്നതിനും സംരക്ഷണ ഭിത്തി നിർമാണത്തിനും പാലങ്ങൾക്കുമാണ് 20 കോടി അനുവദിച്ചിരിക്കുന്നത്.
1996 ലാണ് നബാർഡ് പദ്ധതിയിൽ പെടുത്തി 12 കിലോമീറ്റർ വരുന്ന കപിക്കാട് – കല്ലറ – വാക്കേത്തറ റോഡിൽ പ്രാഥമിക ജോലികൾ നടത്തിയത്. 2009 –ൽ റോഡിന് അഞ്ച് കോടി രൂപ അനുവദിക്കുകയും കല്ലുപുരയിലും, 110 ലും പുത്തൻ പാലത്തിലും മൂന്ന് പാലങ്ങൾ തീർക്കുകയും ചെയ്തിരുന്നു. 2018 ലെ വെള്ളപ്പൊക്കത്തിന് ശേഷമുള്ള ജല നിരപ്പ് പ്രകാരം 1.50 മീറ്റർ വരെ റോഡ് ഉയർത്തേണ്ടതുണ്ട്. റോഡിന് ആവശ്യമായ വീതിക്കു പാടം നികത്താനുള്ള അനുമതി ലഭിച്ചില്ല.
പൊതുമരാമത്ത് വകുപ്പ്, എം.പി. എം. എൽഎ , തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് എന്നിവ ചെലവഴിച്ച് റോഡ് നിർമാണം നടത്തുന്നതിനുള്ള സാധ്യതയും പരിശോധിച്ചു. നാമമാത്രമായ ഫണ്ട് ഉപയോഗിച്ച് റോഡ് പൂർത്തിയാക്കാൻ കഴിയില്ല. കിഫ്ബി ഫണ്ട് മാനദണ്ഡങ്ങളിൽ അയവു വരുത്തി വിശദമായ പദ്ധതി റിപ്പോർട്ട് തയാറാക്കി കിഫ്ബിയിൽ നിന്നും അനുമതി വാങ്ങി റോഡ് നിർമാണം നടത്താനാണ് ശ്രമം. ഇതിന് സർക്കാർ കനിയണം എന്നാണ് മുണ്ടാറുകാരുടെ അപേക്ഷ.