ADVERTISEMENT

കുമരകം ∙ ബോട്ടുജെട്ടി റോഡിൽ വിനോദ സഞ്ചാരികളുമായി പോകുന്ന വാഹനമോ, നാട്ടുകാർ സഞ്ചരിക്കുന്ന വാഹനമോ അപകടത്തിൽപെടുന്നതു കാത്തിരിക്കുകയാണ് അധികൃതരെന്നു നാട്ടുകാർ. നന്നാക്കാതെയും സംരക്ഷണഭിത്തിയില്ലാതെയും കിടക്കുന്ന റോഡിൽ ഏതു നിമിഷവും അപകടം സംഭവിക്കാവുന്ന അവസ്ഥയാണ്. ബോട്ടുജെട്ടിക്കു സമീപത്തു കൂടി പോയ ജീപ്പ് ഇന്നലെ തോട്ടിലേക്കു മറിയാതെ രക്ഷപ്പെട്ടതു തലനാരിഴയ്ക്കാണ്. ഒറവണക്കളത്തിൽ ദീപക്കിന്റെ ജീപ്പാണ് അപകടത്തിൽപെട്ടത്. 

ഇന്നലെ വൈകിട്ട് 5.15നാണ് സംഭവം. ജീപ്പ് റോഡിന്റെ വശത്തു കൂടി പോകുന്നതിനിടെ തെന്നിമാറുകയായിരുന്നു. റോഡിന്റെ കൽക്കെട്ട് തകർന്ന ഭാഗത്തു കൂടിയാണു ജീപ്പ് തെന്നിപ്പോയത്. അൽപം കൂടി നീങ്ങിയിരുന്നെങ്കിൽ ഡ്രൈവറും ഇതിൽ ഉണ്ടായിരുന്ന ആളും ഉൾപ്പെടെ ജീപ്പ് ആഴമേറിയ ബോട്ടുജെട്ടി തോട്ടിൽ പതിക്കുമായിരുന്നു. ബോട്ടുജെട്ടി ഭാഗത്തെ കൽക്കെട്ട് തകർന്നിട്ടു വർഷങ്ങളായി. ഈ ഭാഗത്തെ റോഡിനു വീതിക്കുറവാണ്. അതിനാൽ വാഹനങ്ങൾ കടന്നുപോകുന്നത് വളരെ പാടുപെട്ടാണ്. ഡ്രൈവറുടെ ശ്രദ്ധ അൽപമൊന്നു തെറ്റിയാൽ അപകടം ഉണ്ടാകും. അധികൃതർ കഴിഞ്ഞ ദിവസം ഇതുവഴി വന്നപ്പോൾ നാട്ടുകാർ റോഡിന്റെ കൽക്കെട്ട് തകർന്ന ഭാഗത്തെ അപകട സാധ്യത ശ്രദ്ധയിൽപെടുത്തിയിരുന്നു. 

റോഡും പൊട്ടിപ്പൊളിഞ്ഞു കിടപ്പായിട്ട് വർഷങ്ങളായി. റോഡിലൂടെ ദിവസവും പോകുന്നത് വിദേശ വിനോദസഞ്ചാരികൾ ഉൾപ്പെടെയുള്ളവരാണ്. കായൽയാത്രയ്ക്കു പോകുന്നവരും റിസോർട്ടുകളിലും ഹോട്ടലുകളിലും പോകുന്ന വിനോദസഞ്ചാരികളും ഇതുവഴിയാണ് യാത്ര ചെയ്യുന്നത്. കുമരകം റോഡിൽ നിന്നു തുടങ്ങുന്ന ഭാഗം മുതൽ ബോട്ടുജെട്ടി കലുങ്ക് വരെയുള്ള ഭാഗമാണ് ഏറെ തകർന്നിരിക്കുന്നത്. ഈ ഭാഗത്താണു ബോട്ടുജെട്ടി സ്ഥിതി ചെയ്യുന്നത്. ബോട്ട് യാത്രക്കാർ കുഴികളിലൂടെ യാത്ര ചെയ്തു ബോട്ടിൽ കയറണം. ബോട്ടിൽ കയറാൻ പോകുന്ന ഇരുചക്രവാഹന യാത്രക്കാരും കുഴികൾ താണ്ടിയാണു ബോട്ടിലേക്കു വാഹനം കയറ്റുന്നത്. 

ബോട്ടുജെട്ടി പാലം ഇറങ്ങി റോഡിലേക്കു തിരിഞ്ഞിറങ്ങുന്ന വാഹനങ്ങൾ ഇവിടെ അപകടത്തിൽപെടാറുണ്ട്. അടുത്തയിടെ ഇവിടെ 2 ഇരുചക്രവാഹനങ്ങൾ അപകടത്തിൽപെട്ടിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com